
ഇപ്പോഴിതാ ഇന്ത്യന്‍ മുഖ്യ പരിശീലകനായ രാഹുല്‍ ദ്രാവിഡിന്റെ തീരുമാനമാണ് ധവാനെ ഒഴിവാക്കാനുള്ള കാരണമെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. ബിസിസി ഐയുടെ മുതിര്‍ത്ത വൃത്തത്തെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ടീം പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ ദ്രാവിഡ് ധവാനോട് ഇക്കാര്യം പറഞ്ഞിരുന്നുവെന്നുമാണ് അദ്ദേഹം വെളിപ്പെടുത്തിയത്.
'കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യന്‍ ക്രിക്കറ്റിന് വലിയ സേവനങ്ങള്‍ ചെയ്തിട്ടുള്ള താരമാണ് ശിഖര്‍ ധവാന്‍. എന്നാല്‍ ടി20യില്‍ മികച്ച പ്രകടനം നടത്തുന്ന യുവതാരങ്ങള്‍ക്ക് കൂടുതല്‍ അവസരം നല്‍കേണ്ടതായുണ്ട്. രാഹുല്‍ ദ്രാവിഡാണ് ഇത്തരമൊരു ഉറച്ച തീരുമാനമെടുത്തത്. ഞങ്ങള്‍ അതിനെ പിന്തുണച്ചു. ടീം തിരഞ്ഞെടുക്കുന്നതിന് മുമ്പ് തന്നെ ധവാനെ ദ്രാവിഡ് ഇക്കാര്യം അറിയിച്ചിരുന്നു'- ബിസിസി ഐ വൃത്തം ഇന്‍സൈഡ് സ്‌പോര്‍ട്ടിനോട് വെളിപ്പെടുത്തി.

ടി20 ലോകകപ്പ് ഒക്ടോബറില്‍ നടക്കാനിരിക്കവെ മികച്ച ടീമിനെ ഇന്ത്യക്ക് തയ്യാറാക്കേണ്ടതായുണ്ട്. ധവാന്റെ സ്‌ട്രൈക്കറേറ്റ് മോശമാണ്. ഓസീസ് പിച്ചില്‍ മികച്ച പ്രകടനം നടത്തി അനുഭവസമ്പത്ത് ധവാനുണ്ടെങ്കിലും സ്‌ട്രൈക്കറേറ്റ് മോശമാണ്. അതിവേഗം സ്‌കോര്‍ ഉയര്‍ത്താന്‍ കെല്‍പ്പുള്ള യുവതാരങ്ങള്‍ അവസരം കാത്തിരിക്കെ ഇന്ത്യ ധവാനെ പരിഗണിക്കാത്തതില്‍ അത്ഭുതമില്ല. കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ ഓപ്പണിങ് കൂട്ടുകെട്ട് ടി20 ലോകകപ്പില്‍ ഇറങ്ങാനാണ് സാധ്യത.

ഓപ്പണിങ്ങില്‍ അവസരം കാത്ത് ഇഷാന്‍ കിഷന്‍, റുതുരാജ് ഗെയ്ക് വാദ്, പൃഥ്വി ഷാ എന്നിവരെല്ലാമുണ്ട്. ഈ സാഹചര്യത്തില്‍ ധവാനെ ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പരമ്പരയിലേക്ക് പരിഗണിക്കുന്നത് ബുദ്ധിശൂന്യതയാണ്. അതുകൊണ്ടാണ് ധവാനെ ഇന്ത്യ ഒഴിവാക്കിയത്. എന്നാല്‍ ഏകദിനത്തില്‍ ഇന്ത്യയുടെ മുഖ്യ പരിഗണന ധവാനാണ്. ഇതേ ഫോമില്‍ തുടര്‍ന്നാല്‍ 2023ലെ ഏകദിന ലോകകപ്പില്‍ രോഹിത്തിനൊപ്പം ഓപ്പണറാവാന്‍ ധവാന് അവസരം ലഭിച്ചേക്കും.