Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AUS 2023: അന്ന് ഭക്ഷണത്തിനായി പ്രയാസപ്പെട്ടു, ഇന്ന് ഒന്നാം നമ്പര്‍ ബൗളര്‍! സിറാജാണ് ഹീറോ

മുംബൈ: ഏറ്റവും പുതിയ ഐസിസി ഏകദിന ബൗളിങ് റാങ്കിങ്ങില്‍ തലപ്പത്തേക്കെത്തിയിരിക്കുകയാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ്. ഏകദിന ലോകകപ്പ് പടിവാതുക്കല്‍ എത്തിനില്‍ക്കവെ ഏറ്റവും മികച്ച ഏകദിന ബൗളറെന്ന സ്ഥാനത്തേക്കെത്താന്‍ സിറാജിന് സാധിച്ചിരിക്കുകയാണ്. ഏഷ്യാ കപ്പില്‍ നടത്തിയ തകര്‍പ്പന്‍ പ്രകടനമാണ് ഒമ്പതാം സ്ഥാനത്ത് നിന്ന് സിറാജിനെ തലപ്പത്തേക്കെത്തിച്ചത്. ഏഷ്യാ കപ്പ് ഫൈനലില്‍ ശ്രീലങ്കയ്‌ക്കെതിരേ 21 റണ്‍സ് വിട്ടുകൊടുത്ത് 6 വിക്കറ്റാണ് സിറാജ് വീഴ്ത്തിയത്.

ഒരോവറില്‍ത്തന്നെ നാല് വിക്കറ്റുകള്‍ സിറാജ് വീഴ്ത്തി. ഈ വര്‍ഷം നേരത്തെ ഏകദിന ബൗളിങ് റാങ്കിങ്ങില്‍ സിറാജ് തലപ്പത്തേക്കെത്തിയിരുന്നെങ്കിലും പെട്ടെന്ന് തന്നെ ടോപ് ഫൈവില്‍ നിന്ന് താഴോട്ട് പോയി. എന്നാല്‍ ഇത്തവണ വ്യക്തമായ ആധിപത്യം സിറാജിനുണ്ട്. 694 പോയിന്റാണ് സിറാജിനുള്ളത്. ജോഷ് ഹെയ്‌സല്‍വുഡ് 678 പോയിന്റോടെ രണ്ടാം സ്ഥാനത്താണ്. ഓസീസ് പരമ്പരയില്‍ തിളങ്ങിയാല്‍ ഒന്നാം സ്ഥാനക്കാരനായിത്തന്നെ സിറാജിന് ലോകകപ്പിലേക്ക് പോകാനാവും.

സിറാജിന്റെ നേട്ടം ആരാധകര്‍ ആഘോഷമാക്കുകയാണ്. പാകിസ്താന്‍ തീയുണ്ടകള്‍ കാണുന്നുണ്ടോയെന്നും അതിവേഗത്തില്‍ പന്തെറിയുന്നതല്ല ബൗളിങ്ങെന്നുമാണ് ആരാധകര്‍ വാഴ്ത്തുന്നത്. അത്ഭുതകരമായ വളര്‍ച്ചയാണ് സിറാജ് കൈവരിച്ചിരിക്കുന്നത്. 2022 സെപ്തംബര്‍ 20ന് 72ാം സ്ഥാനത്തായിരുന്നു സിറാജ്. 2023 സെപ്തംബര്‍ 20 ആയപ്പോഴേക്കും സിറാജ് തലപ്പത്തേക്കെത്തിയിരിക്കുന്നു. വലിയ അഭിനന്ദനം അര്‍ഹിക്കുന്ന പ്രകടമാണ് സിറാജ് നടത്തുന്നത്.

കൂടുതല്‍ അംഗീകാരവും സ്ഥാനവും സിറാജ് അര്‍ഹിക്കുന്നുവെന്നും ഇന്ത്യയുടെ എക്‌സ് ഫാക്ടറാണ് സിറാജെന്നുമാണ് ആരാധകര്‍ പറയുന്നത്. ഇന്‍സ്വിങ്ങറും ഔട്ട്‌സ്വിങ്ങറും ഒരുപോലെ എറിയുകയും മികച്ച ലൈനും ലെങ്തും കാത്തുസൂക്ഷിക്കുകയും ചെയ്യുന്ന വളരെ അപൂര്‍വ്വം താരങ്ങളിലൊരാളാണ് സിറാജ്. ഒന്നാം സ്ഥാനത്തേക്കെത്തിയ സിറാജിനെ അഭിനന്ദിച്ച് ബിസിസിഐ പോസ്റ്റ് ഇട്ടിട്ടുണ്ട്. അതിന് സിറാജ് നന്ദിയും അറിയിച്ചു.

mohammed siraj

ഏകദിന ബൗളിങ് റാങ്കിങ്ങിലേക്കെത്തുന്ന ആദ്യത്തെ ഇന്ത്യന്‍ ബൗളറല്ല സിറാജ്. എന്നാല്‍ സിറാജിന്റെ ഈ നേട്ടത്തിന് സവിശേഷതകളേറെയാണ്. കാരണം സിറാജ് വളര്‍ന്നുവന്ന വഴി തന്നെയാണ് അതിന് കാരണം. ഹൈദരാബാദിലെ ഓട്ടോറിക്ഷക്കാരന്റെ മകനായിരുന്നു സിറാജ്. നാട്ടില്‍ ടെന്നിസ് ബോള്‍ ക്രിക്കറ്റ് ടൂര്‍ണമെന്റ് കളിച്ചിരുന്ന സിറാജിന്റെ തലവരമാറിയത് ഐപിഎല്ലിലേക്കെത്തിയ ശേഷമാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിലൂടെയാണ് സിറാജ് ഐപിഎല്ലിലേക്കെത്തിയത്.

എന്നാല്‍ ആര്‍സിബിയില്‍ വിരാട് കോലിക്ക് കീഴിലെത്തിയതോടെ സിറാജിന്റെ കരിയര്‍ മാറിമറിഞ്ഞത്. വിരാട് കോലി സിറാജിന്റെ പ്രതിഭയെ മനസിലാക്കുകയും വലിയ പിന്തുണ നല്‍കുകയും ചെയ്തു. കരിയറിന്റെ തുടക്ക സമയത്ത് തല്ലുകൊള്ളിയായ ബൗളറായിരുന്നു സിറാജ്. എന്നാല്‍ തെറ്റുകളില്‍ നിന്ന് പഠിക്കാന്‍ സിറാജിന് സാധിച്ചു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി തകര്‍പ്പന്‍ പ്രകടനം നടത്തിയ സിറാജ് ഇപ്പോള്‍ ഏകദിനത്തിലും ഗംഭീര ഫോമിലേക്കെത്തിയിരിക്കുകയാണ്,

ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ പ്രതീക്ഷകള്‍ വാനോളമുയര്‍ത്തുന്ന പ്രകടനമാണ് സിറാജ് കാഴ്ചവെച്ചിരിക്കുന്നത്. ഏഷ്യാ കപ്പിലൂടെ എതിരാളികളുടെ പേടി സ്വപ്‌നമായി മാറാന്‍ സിറാജിനായിട്ടുണ്ട്. സിറാജ് പൊരുതി നേടിയ കരിയറാണിതെന്നാണ് ആരാധകര്‍ പറയുന്നത്. വലിയ പ്രതിസന്ധികളെ തരണം ചെയ്താണ് ഈ നിലയിലേക്കെത്തിയത്. വിമര്‍ശനങ്ങളും ട്രോളുകളും പരിഹാസങ്ങളുമേറെയായിരുന്നു. കളി നിര്‍ത്തി ഓട്ടോ ഓടിക്കാന്‍ പോകണമെന്ന് പോലും പലരും പറഞ്ഞു.

എന്നാല്‍ തന്റെ കഴിവിനെ വിശ്വസിച്ച് വിമര്‍ശനങ്ങളെ പ്രചോദനമാക്കി സിറാജ് നടത്തിയ കുതിപ്പാണ് ഇന്നത്തെ നേട്ടങ്ങള്‍ക്ക് കാരണം. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ സുപ്രധാന താരമായി ഇനിയും ഏറെക്കാലം സിറാജിന് മുന്നോട്ട് പോകാന്‍ സാധിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം. ന്യൂബോളില്‍ സിറാജ് ഇതേ മികവ് നിലനിര്‍ത്തിയാല്‍ ലോകകപ്പ് കിരീടമെന്ന സ്വപ്‌നത്തിലേക്കെത്തുക ഇന്ത്യക്ക് പ്രയാസമായിരിക്കില്ലെന്നുറപ്പ്.

Story first published: Wednesday, September 20, 2023, 16:14 [IST]
Other articles published on Sep 20, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+