വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

2 പന്തില്‍ പാകിസ്താന് വേണ്ടത് 1 റണ്‍; പന്തെറിയുന്നത് ശ്രീശാന്ത് — ഓര്‍മകളിലൂടെ പഠാന്‍

ഇന്ത്യ - പാകിസ്താന്‍ പോരാട്ടങ്ങളില്‍ ഏറ്റവും ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളില്‍ ഒന്നാണ് 2007 -ലെ പ്രഥമ ട്വന്റി-20 ലോകകപ്പിലെ ലീഗ് മത്സരം. അന്ന് ഡര്‍ബനില്‍ ചിരവൈരികളായ പാകിസ്താനെ ടീം ഇന്ത്യ 'ബൗള്‍ ഔട്ടില്‍' കീഴടക്കി. അന്നത്തെ മത്സരത്തില്‍ മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തില്‍ ഇന്ത്യയ്ക്കായി കളിച്ച മുന്‍ താരം ഇര്‍ഫാന്‍ പഠാന്‍ ഒരിക്കല്‍ക്കൂടി ഓര്‍മ്മത്താളുകള്‍ മറിക്കുകയാണ്. ഒരു ദേശീയ മാധ്യമത്തില്‍ ഇര്‍ഫാന്‍ പഠാന്‍ എഴുതിയ പംക്തിയിലെ പ്രസക്ത ഭാഗങ്ങള്‍ ചുവടെ വായിക്കാം.

Former All-Rounder Irfan Pathan Recalls 2007 T20 World Cup Win Against Pakistan On League Stage

'പാകിസ്താനെതിരായ ആവേശകരമായ ബൗള്‍ ഔട്ട് ഗെയിം കഴിഞ്ഞു. ഇന്ത്യ ജയിച്ചു. ഡ്രസിങ് റൂമില്‍ ആഘോഷം തുടരുന്നു. ഞാന്‍ ഫ്‌ളഡ് ലൈറ്റ് തെളിഞ്ഞ മൈതനത്തേക്ക് കണ്ണയച്ച് ഇരിക്കുകയാണ്. ധോണി എനിക്കരികെ വന്നു ചോദിച്ചു --- എന്താണിത്ര മൌനം? ആ വര്‍ഷം അതുവരെ നടന്ന സംഭവങ്ങള്‍ എന്റെ മനസില്‍ തിരശ്ശീലയിലെന്ന പോലെ കടന്നുപോവുകയാണ്. കഴിഞ്ഞ 6 മാസം ഞാന്‍ ഇന്ത്യന്‍ ടീമിന്റെ ഭാഗമായിരുന്നില്ല. ചെന്നൈയിലെ എംആര്‍എഫ് പേസ് അക്കാദമിയിലെ ഒറ്റയ്ക്കുള്ള ദിനങ്ങള്‍. പേരറിയാത്ത കുട്ടികള്‍ക്കൊപ്പം അക്കാദമിയിലെ പരിശീലനം. ഒടുവില്‍ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരല്‍. ഇപ്പോഴിതാ, മത്സരത്തിന് ശേഷം ഞാന്‍ ഒറ്റയ്ക്കിരിക്കുന്നു. കഴിഞ്ഞകാലങ്ങളിലെ കഠിനപ്രയത്‌നം വീണ്ടും ഓര്‍മ്മിച്ചുകൊണ്ട്'.

'ഒരര്‍ത്ഥത്തില്‍ ഇന്ത്യന്‍ ടീമും സമാനമായ കഥയാണ് ആ വര്‍ഷം പറയുന്നത്. വെസ്റ്റ് ഇന്‍ഡീസില്‍ നടന്ന ഏകദിന ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ത്തന്നെ ഇന്ത്യ പുറത്തായത് വലിയ ഞെട്ടലായി. ഈ നിരാശയും പേറിയാണ് പ്രഥമ ട്വന്റി-20 ലോകകപ്പില്‍ ഞങ്ങള്‍ പങ്കെടുത്തത്. ടൂര്‍ണമെന്റില്‍ സ്‌കോട്ട്‌ലാന്‍ഡിനെതിരായ മത്സരം മഴ കാരണം റദ്ദു ചെയ്തതോടെ ബാക്കിയുള്ള നാലു മത്സരങ്ങളും ജയിക്കേണ്ട അവസ്ഥയായി ടീമിന്. പാകിസ്താനുമായുള്ള മത്സരത്തില്‍ ആരും കരുതിയില്ല മത്സരം ബൗള്‍ ഔട്ടില്‍ കലാശിക്കുമെന്ന്. ആ ജയം ഞങ്ങള്‍ക്ക് മുന്നോട്ടുള്ള റൌണ്ടുകളിലേക്ക് യോഗ്യത നേടിത്തന്നു'.

'ഞാന്‍ ഇന്നും ഓര്‍ക്കുന്നു ക്രീസിലേക്ക് ഞാന്‍ ബാറ്റു ചെയ്യാനെത്തിയത്. വലിയ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യന്‍ ജഴ്‌സിയിലുള്ള എന്റെ തിരിച്ചുവരവ്. വികാരങ്ങള്‍ നിയന്ത്രിച്ച് മികച്ച പ്രകടനം കാഴ്ച്ചവെക്കാന്‍ ഞാന്‍ വെമ്പി നില്‍ക്കുകയായിരുന്നു. ഇന്ത്യ ആദ്യം ബാറ്റു ചെയ്തപ്പോള്‍ മുഹമ്മദ് ആമിറാണ് അപകടകാരിയായത്. തുടക്കത്തിലെ ഇന്ത്യയ്ക്ക് നാലു വിക്കറ്റുകള്‍ നഷ്ടമായി. ഈ അവസരത്തില്‍ ഡഗ്ഗ് ഔട്ടിലെ നിശബ്ദത ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു'.

'എന്നാല്‍ റോബിന്‍ ഉത്തപ്പ ക്രീസില്‍ അടിയുറച്ചു നിന്നു. ക്രീസില്‍ വന്നപാടെ യാസിര്‍ അറാഫാത്തിനെ സിക്‌സിന് പറത്തിയത് എന്റെ കണ്‍മുന്നില്‍ ഇപ്പോഴും തെളിയുന്നുണ്ട്. ഉത്തപ്പയുടെ മികച്ച പ്രകടനങ്ങളിലൊന്നാണ് അന്നത്തേത്. ആദ്യം ഉത്തപ്പയും ധോണിയും ചേര്‍ന്ന് ഇന്നിങ്‌സ് പടുത്തുയര്‍ത്തി. ശേഷം ധോണിക്കൊപ്പം ചേര്‍ന്ന് ഞാനും സ്‌കോര്‍ബോര്‍ഡ് മുന്നോട്ടു കൊണ്ടുപോയി. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ ഷാഹിദ് അഫ്രീദി പന്തെടുത്തപ്പോള്‍ ഞാന്‍ ധോണിക്കരികെ ചെന്ന് ചോദിച്ചു --- എന്താണ് ചെയ്യേണ്ടത്, ആക്രമിച്ചു കളിക്കാന്‍ തുടങ്ങിയാലോ?'

'നീ ധൈര്യമായി അടിച്ചോളൂ --- ധോണി മറുപടിയും തന്നു. നായകനില്‍ നിന്നും ഗ്രീന്‍ ലൈറ്റ് കണ്ടതോടെ അഫ്രീദിയെ തുടര്‍ച്ചയായി രണ്ടു തവണ ഞാന്‍ സിക്‌സറിന് പറത്തി. എന്നാല്‍ പിന്നീട് അഫ്രീദിയുടെ പന്തില്‍ത്തന്നെയാണ് ഞാന്‍ പുറത്തായതും. എന്തായാലും മോശമല്ലാത്ത സ്‌കോറില്‍ ഇന്നിങ്‌സ് പൂര്‍ത്തിയാക്കാന്‍ അന്ന് ഞങ്ങള്‍ക്ക് സാധിച്ചു. അടുത്തത് പാകിസ്താന്റെ ചേസ്. മത്സരം ഏതുവഴിക്കും പോകാമെന്ന നിലയിലാണ് പുരോഗമിച്ചത്. അവസാന ഓവറില്‍ 12 റണ്‍സോ മറ്റോ ആണ് വേണ്ടിയിരുന്നത് പാകിസ്താന് ജയിക്കാന്‍. ശ്രീശാന്താണ് പന്തെറിയുന്നത്. റൌണ്ട് ദി വിക്കറ്റ് പരീക്ഷിച്ച ശ്രീശാന്ത് രണ്ടു തവണ ബൌണ്ടറി വഴങ്ങിയത് എനിക്ക് ഓര്‍മ്മയുണ്ട്. ഇന്ത്യ - പാക് പോലുള്ള അതിസമ്മര്‍ദ്ദമേറിയ മത്സരത്തില്‍ അത്തരമൊരു ബൌളിങ് ആംഗിള്‍ പരീക്ഷിക്കുന്നത് എളുപ്പമല്ല. ബാറ്റ്‌സ്മാനെ കുഴക്കാനായി ഓടി വരുന്നതിനിടെ ബൌളിങ് ആക്ഷന്‍ മാറ്റുന്ന സ്വഭാവം ശ്രീശാന്തിന് അന്നുണ്ടായിരുന്നു. ഇങ്ങനെ ചെയ്യരുതെന്ന് പിന്നീട് അദ്ദേഹത്തോട് ഞാന്‍ നിര്‍ദേശിച്ചു. കാരണം ബൌളിങ്ങിന്റെ താളം പോകും'.

'രണ്ടു ഫോര്‍ വിട്ടുനല്‍കിയെങ്കിലും മത്സരത്തില്‍ ശക്തമായി തിരിച്ചുവരാന്‍ ശ്രീശാന്തിന് കഴിഞ്ഞു. അവസാന രണ്ടു പന്തില്‍ ഒരു റണ്‍സെന്ന നിലയിലായി സമവാക്യം. ആദ്യത്തെ പന്ത് ഡോട്ട് ബോളായി. അവസാന പന്ത് റണ്ണൌട്ടിലും കലാശിച്ചു. അന്ന് അവസാന പന്തിന് മുന്‍പ് ഒരുപാട് ചിന്തകള്‍ എന്റെ മനസിലൂടെ കടന്നുപോയി. ലോകകപ്പ് വേദിയില്‍ ഒരിക്കല്‍പ്പോലും ഇന്ത്യ പാകിസ്താനോട് തോറ്റിട്ടില്ല. എന്തായാലും ഭാഗ്യം ഞങ്ങളെ തുണച്ചു. തോറ്റ മത്സരം റണ്ണൌട്ടിലൂടെ തിരിച്ചുപിടിക്കാന്‍ ഇന്ത്യയ്ക്കായി'.

'ബൗള്‍ ഔട്ടിനായി ഞങ്ങള്‍ തയ്യാറായിരുന്നു. എന്നാല്‍ ഇങ്ങനെയൊരു നിയമമുള്ള കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് പാക് താരങ്ങളുടെ മുഖഭാവങ്ങളില്‍ നിന്നും വായിച്ചെടുക്കാനായത്. അല്ലെങ്കില്‍ അങ്ങനെയാണ് അവര്‍ പ്രതികരിച്ചത്. എന്തായാലും ബൗള്‍ ഔട്ട് സന്ദര്‍ഭങ്ങള്‍ക്കായി ബൗളിങ് പരിശീലകന്‍ വെങ്കടേഷ് പ്രസാദ് ഞങ്ങളെ പരിശീലിപ്പിച്ചിരുന്നു. പാകിസ്താനുമായുള്ള മത്സരത്തിന് തൊട്ടുമുന്‍പ് ഡര്‍ബനില്‍ പ്രത്യേക ബൗള്‍ ഔട്ട് സെഷന്‍ തന്നെ ഇദ്ദേഹം സംഘടിപ്പിക്കുകയുണ്ടായി. ചെറുകട്ടകള്‍ വെച്ചുള്ള സ്റ്റംപിലേക്ക് കൃത്യതയോടെ പന്തെറിയാന്‍ വെങ്കടേഷ് പ്രസാദ് ഞങ്ങള്‍ ഓരോരുത്തരോടും ആവശ്യപ്പെട്ടു. പന്ത് കട്ടയില്‍ കൊള്ളിച്ചാല്‍ മാത്രം പോരാ, കട്ട വീഴുകയും വേണം --- വെങ്കടേഷ് പ്രസാദിന്റെ ആവശ്യം ഇതായിരുന്നു. എന്തായാലും അന്നത്തെ പരിശീലനം പാകിസ്താനെതിരായ ബൗള്‍ ഔട്ടില്‍ നിര്‍ണായകമായി'.

Story first published: Sunday, October 24, 2021, 18:50 [IST]
Other articles published on Oct 24, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X