ഐപിഎല്‍ ഇല്ലായിരുന്നെങ്കില്‍? നഷ്ടം ടീം ഇന്ത്യക്ക്, ഇവര്‍ ഏറ്റവും വലിയ കണ്ടെത്തലുകള്‍

Written By:

മുംബൈ: വിമര്‍ശകര്‍ എന്തുതന്നെ പറഞ്ഞാലും ഐപിഎല്‍ ഇന്ത്യന്‍ ക്രിക്കറ്റിനു നല്‍കിയ സംഭാവനകള്‍ വിസ്മരിക്കനാവില്ല. നിരവധി യുവതാരങ്ങളാണ് ഐപിഎല്ലിലൂടെ ദേശീയ ടീമിലെത്തി ഇപ്പോള്‍ സ്ഥിരസാന്നിധ്യമായി മാറിയിരിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഐപിഎല്ലിലൂടെ നിരവധി പേര്‍ക്കു ഇന്ത്യന്‍ ജഴ്‌സിയണിയാന്‍ ഭാഗ്യം ലഭിച്ചു.

ചിലര്‍ ലഭിച്ച അവസരങ്ങള്‍ മുതലെടുത്ത് ടീമില്‍ സ്ഥാനമുറപ്പിച്ചപ്പോള്‍ മറ്റു ചില കളിക്കാര്‍ ഒന്നോ രണ്ടോ മല്‍സരങ്ങള്‍ മാത്രം കളിച്ച് മടങ്ങി. കഴിഞ്ഞ 10 വര്‍ഷത്തെ ഐപിഎല്ലിലൂടെ ഇന്ത്യക്കു ലഭിച്ച ഏറ്റവും മികച്ച അഞ്ചു താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.

ഹര്‍ദിക് പാണ്ഡ്യ

ഹര്‍ദിക് പാണ്ഡ്യ

ഇതിഹാസതാരവും മുന്‍ ക്യാപ്റ്റനുമായ കപില്‍ ദേവിന്റെ പിന്‍ഗാമിയെന്നു പോലും പലരും വിശേഷിപ്പിക്കുന്ന ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ ഐപിഎല്ലിലൂടെയാണ് വരവറിയിച്ചത്. ബറോഡയില്‍ നിന്നുള്ള ഓള്‍റൗണ്ടറെ കൊണ്ടുവന്നതാവട്ടെ മുംബൈ ഇന്ത്യന്‍സും. 2015ല്‍ വെറും 10 ലക്ഷം രൂപയ്ക്കാണ് പാണ്ഡ്യയെ മുംബൈ സ്വന്തമാക്കിയത്.
ചെന്നൈ സൂപ്പര്‍കിങ്‌സിനെതിരായ മല്‍സരത്തില്‍ എട്ടു പന്തില്‍ 21 റണ്‍സ് വാരിക്കൂട്ടി മുംബൈയുടെ വിജയശില്‍പ്പിയായതോടെയാണ് പാണ്ഡ്യ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് കൊല്‍ക്കത്തയ്‌ക്കെതരേ 31 പന്തില്‍ 61 റണ്‍സ് നേടി താരം വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞു.
2016ലെ സയ്ദ് മുഷ്താഖ് അലി ട്രോഫിയും തകര്‍പ്പന്‍ ഫോം തുടര്‍ന്നതോടെ പാണ്ഡ്യയെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തി. തുടര്‍ന്ന് ഏഷ്യാ കപ്പ് ടീമിലും ലോകകപ്പ് ടീമിലുമെല്ലാം താരം എത്തി. ഏറെക്കാലത്തിനു ശേഷം ഇന്ത്യക്കു ലഭിക്കുന്ന ഫാസ്റ്റ് ബൗളിങ് ഓള്‍റൗണ്ടര്‍ കൂടിയാ് പാണ്ഡ്യ.

ജസ്പ്രീത് ബുംറ

ജസ്പ്രീത് ബുംറ

ഗുജറാത്തില്‍ നിന്നുള്ള പേസര്‍ ജസ്പ്രീത് ബുംറയും ഐപിഎല്ലിലൂടെയാണ് ദേശീയ ടീമിലേക്ക് ഓടിക്കയറിയത്. ആദ്യ രണ്ടു താരങ്ങളെയും പോലെ ബുംറയും ഐപിഎല്ലില്‍ തുടങ്ങിയത് മുംബൈ ഇന്ത്യന്‍സിനൊപ്പമാണ്. 2013ലെ ഐപിഎല്ലിലാണ് താരത്തെ മുംബൈ സ്വന്തമാക്കുന്നത്. അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ മൂന്നു വിക്കറ്റ് പിഴുത ബുംറ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. നിലവിലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ വിക്കറ്റ് വീഴ്ത്തി അക്കൗണ്ട് തുറന്ന പേസര്‍ക്കു പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.
ലങ്കയുയെ ഇതിഹാസ പേസര്‍ ലസിത് മലിങ്കയ്‌ക്കൊപ്പം മുംബൈയില്‍ കളിക്കാന്‍ കഴിഞ്ഞത് ബുംറയെ സൂപ്പര്‍താര നിരയിലേക്ക് വളര്‍ത്തിക്കൊണ്ടുവരികയായിരുന്നു. മലിങ്കയുടെ ബൗളിങ് ആക്ഷനുമായി സാമ്യമുള്ളതാണ് ബുംറയുടെ ആക്ഷനെന്നതും കൗതുകമുണ്ടാക്കുന്നതാണ്.
2013ല്‍ ടീമിലെത്തിയ ബുംറ ഇപ്പോഴും മുംബൈക്കൊപ്പം തന്നെയാണ്. സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ താരം ടീമിന്റെ അവിഭാജ്യഘടകമായി മാറിക്കഴിഞ്ഞു. 2016ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെയാണ് ബുംറ ദേശീയ ടീമിനായി അരങ്ങേറിയത്. അന്ന് മൂന്നു ടി20 മല്‍സരങ്ങളില്‍ നിന്നും താരം ആറു വിക്കറ്റെടുക്കുകയും ചെയ്യുന്നു.

മനീഷ് പാണ്ഡെ

മനീഷ് പാണ്ഡെ

കര്‍ണാടകയില്‍ നിന്നുള്ള വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ മനീഷ് പാണ്ഡെയും ഐപിഎല്ലിലൂടെയാണ് മിടുക്ക് തെളിയിച്ചത്. ആദ്യ മൂന്നു സീസണുകൡലും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായിരുന്നു അദ്ദേഹം. ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരേ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ ശേഷം ടീമിലെ സ്ഥിര സാന്നിധ്യമായി പാണ്ഡെ മാറി. തുടര്‍ന്നുള്ള മൂന്നു സീസണുകളില്‍ പൂനെ വാരിയേഴ്‌സിനൊപ്പമായിരുന്നു താരം. എന്നാല്‍ പൂനെയ്‌ക്കൊപ്പം തന്റെ യഥാര്‍ഥ ഫോമിലെത്താന്‍ പാണ്ഡെയ്ക്കായില്ല.
2014ല്‍ താരം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഭാഗമായി. ഈ സീസണിലാണ് പാണ്ഡെയുടെ ഏറ്റവും മികച്ച പ്രകടനം കണ്ടത്. 16 ഇന്നിങ്‌സുകളില്‍ നിന്നായി താരം 401 റണ്‍സ് അടിച്ചെടുത്തു. 94 റണ്‍സെടുത്ത പാണ്ഡ്യയുടെ മികവിലാണ് കൊല്‍ക്കത്ത തങ്ങളുടെ രണ്ടാം ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടത്.
2015ല്‍ സിംബാബ്‌വെയ്‌ക്കെതിരായ മല്‍സരത്തിലൂടെ പാണ്ഡെ ഇന്ത്യക്കു വേണ്ടി അരങ്ങേറി. തൊട്ടടുത്ത വര്‍ഷം നടന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമിലും താരം അംഗമായിരുന്നു. ഏകദിന പരമ്പരയിലെ അവസാന മല്‍സരത്തില്‍ പാണ്ഡെയുടെ (81 പന്തില്‍ 104) സെഞ്ച്വറിയാണ് ഇന്ത്യയെ ഓസീസ് തൂത്തുവാരുന്നതില്‍ നിന്നും രക്ഷിച്ചത്.

 കുല്‍ദീപ് യാദവ്

കുല്‍ദീപ് യാദവ്

ചഹലിനൊപ്പം നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ സ്പിന്‍ ആക്രമണത്തിനു ചുക്കാന്‍ പിടിക്കുന്ന കുല്‍ദീപ് യാദവും ഐപിഎല്ലിലൂടെ വന്ന താരമാണ്. 2012ല്‍ മുംബൈ ഇന്ത്യന്‍സാണ് താരത്തെ ആദ്യമായി ഐപിഎല്ലിലെത്തിക്കുന്നത്. എന്നാല്‍ മുംബൈക്കു വേണ്ടി ഒരു മല്‍സരം പോലും കളിക്കാന്‍ യാദവിന് അവസരം ലഭിച്ചില്ല. 2014ല്‍ യാദവ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ടീമിന്റെ ഭാഗമായി. എന്നാല്‍ അരങ്ങേറ്റത്തിനായി രണ്ടു വര്‍ഷം കൂടി താരത്തിന് കാത്തിരിക്കേണ്ടിവന്നു.
2016ല്‍ ഒടുവില്‍ യാദവ് ഐപിഎല്ലിലെ ആദ്യ മല്‍സരം കളിച്ചു. താരത്തിന്റെ പന്തുകള്‍ നേരിടാന്‍ എതിര്‍ ടീമിലെ ബാറ്റ്്‌സ്മാന്‍മാര്‍ ശരിക്കും വെള്ളം കുടിക്കുക തന്നെ ചെയ്തു. വളരെ കുറച്ച് അവസരങ്ങള്‍ മാത്രമേ യാദവിനു ലഭിച്ചുള്ളൂ. മൂന്നു മല്‍സരങ്ങളില്‍ നിന്നും താരം ആറു വിക്കറ്റുകളുമായി താരം മിടുക്ക് തെളിയിച്ചു.
2017ല്‍ ധര്‍മശാലയില്‍ നടന്ന ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേയായിരുന്നു യാദവിന്റെ അരങ്ങേറ്റം. ആദ്യ കളിയില്‍ താരം നാലു വിക്കറ്റ് വീഴ്ത്തുകയും ചെയ്തു. പിന്നീട് വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിലും യാദവ് ഇടംനേടി. അതിനു ശേഷം നിശ്ചിത ഓവര്‍ ടീമിലെ സ്ഥിരാംഗമായി യാദവ് മാറുകയായിരുന്നു.

 യുസ്‌വേന്ദ്ര ചഹല്‍

യുസ്‌വേന്ദ്ര ചഹല്‍

ഇപ്പോള്‍ നടക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയില്‍ വിക്കറ്റുകള്‍ കൊയ്തുകൂട്ടുന്ന സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹലിന്റെയും വരവ് ഐപിഎല്ലിലൂടെയാണ്. ഹരിയാന താരം കൂടിയായ ചഹല്‍ 2011ല്‍ മുംബൈ ഇന്ത്യന്‍സിലൂടെയാണ് ഐപിഎല്ലില്‍ അരങ്ങേറിയത്. എന്നാല്‍ മുംബൈ ടീമില്‍ താരത്തിന് കാര്യമായ അവസരങ്ങള്‍ ലഭിച്ചില്ല. 2014ലെ ഐപിഎല്ലില്‍ ചഹല്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിലെത്തി.
ഇതോടൊണ് താരത്തിന്റെ സമയം തെളിഞ്ഞത്. 14 മല്‍സരങ്ങൡ നിന്നും 12 വിക്കറ്റുകള്‍ വീഴ്ത്തിയ ചഹല്‍ ടീമിന്റെ കുന്തമുനയായി മാറി. തൊട്ടടുത്ത സീസണിലും താരം ഫോം ആവര്‍ത്തിച്ചു. 15 മല്‍സരങ്ങളില്‍ നിന്നും 23 വിക്കറ്റുകളാണ് സീസണില്‍ ചഹല്‍ പോക്കറ്റിലാക്കിയത്.
ബാംഗ്ലൂരിനൊപ്പമുള്ള തകര്‍പ്പന്‍ പ്രകടനം സ്പിന്നറെ ഇന്ത്യന്‍ ടീമിലെത്തിക്കുകയും ചെയ്തു. അരങ്ങേറിയതു മുതല്‍ ടീമിന്റെ അവിഭാജ്യഘടകമായി ചഹല്‍ മാറിക്കഴിഞ്ഞു.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, February 13, 2018, 13:09 [IST]
Other articles published on Feb 13, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍