ചിന്നസ്വാമിയില്‍ ആര് റോയലാവും; ആര്‍സിബിയോ രാജസ്ഥാനോ?

Posted By: Mohammed shafeeq ap

ബാംഗ്ലൂര്‍: ഐപിഎല്ലില്‍ ഇന്ന് റോയല്‍ ടീമുകളുടെ അങ്കം. മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സും ശക്തരായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലാണ് ഇന്ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നത്. തുടര്‍ച്ചയായ രണ്ടാം വിജയം ലക്ഷ്യമിട്ടാണ് സീസണിലെ 11ാം അങ്കത്തിന് ചിന്നസ്വാമി ക്രിിക്കറ്റ് സ്‌റ്റേഡിയത്തില്‍ ഇരു ടീമും കച്ചക്കെട്ടുന്നത്. ആദ്യ മല്‍സരത്തില്‍ തോറ്റതിനു ശേഷമായിരുന്നു ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി നയിക്കുന്ന ബാംഗ്ലൂരുവിന്റെയും അജിന്‍ക്യ രഹാനെ നയിക്കുന്ന രാജസ്ഥാന്റെയും ടൂര്‍ണമെന്റിലേക്ക് തിരിച്ചുവരവ്. രാജസ്ഥാന്‍ ഡല്‍ഹിയെയും ആര്‍സിബി കിങ്‌സ് ഇലവന്‍ പഞ്ചാബിനെയുമാണ് തോല്‍പ്പിച്ചത്. നേരത്തെ, ബാംഗ്ലൂര്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടും രാജസ്ഥാന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോടുമാണ് ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തില്‍ പരാജയം ഏറ്റുവാങ്ങിയത്.

ആര്‍സിബി ബാറ്റിങ് നിരയെ പേടിക്കണം

ടൂര്‍ണമെന്റിലെ ഏറ്റവും ശക്തരായ ബാറ്റിങ് നിര ഉള്‍പ്പെടുന്ന ടീമാണ് ബാംഗ്ലൂര്‍. ബാറ്റിങ് നിര ഫോമിലെത്തിയാല്‍ കൂറ്റന്‍ സ്‌കോര്‍ നേടുകായെന്നത് ആര്‍സിബിയെ സംബന്ധിച്ചിടത്തോളം അനായാസകരമാവും. ബ്രണ്ടന്‍ മക്കുല്ലം, ക്യാപ്റ്റന്‍ കോഹ്‌ലി, എബി ഡിവില്ലിയേഴ്‌സ്, ക്വിന്റണ്‍ ഡികോക്ക്, സര്‍ഫ്രാസ് ഖാന്‍ എന്നിവരാണ് ബാംഗ്ലൂര്‍ നിരയിലെ ഏറ്റവും അപകടകാരികള്‍. ഒറ്റയ്ക്ക് മല്‍സരം വിജയിപ്പിക്കാന്‍ ശേഷിയുള്ളവരാണ് മക്കുല്ലവും കോഹ്‌ലിയും ഡിവില്ലിയേഴ്‌സും പോലോത്ത താരങ്ങള്‍. അതുകൊണ്ട് തന്നെ ഇവരുടെ വിക്കറ്റുകള്‍ എത്ര വേഗത്തില്‍ പുറത്താക്കുന്നുവോ എന്നതിന് അപേക്ഷിച്ചായിരിക്കും എതിരാളികളുടെ മുന്നോട്ടുള്ള പ്രയാണം.

rcb

രാജസ്ഥാനെയും എഴുതി തള്ളേണ്ട

ആര്‍സിബിയോളം പേരുകേട്ട ബാറ്റിങ് നിരയില്ലെങ്കിലും മല്‍സരഗതി മാറ്റാന്‍ കഴിവുള്ള ഒരുപിടി താരങ്ങള്‍ രാജസ്ഥാന്‍ നിരയിലുമുണ്ട്. ഡല്‍ഹിക്കെതിരായ മല്‍സരത്തില്‍ അവര്‍ അത് തെളിയിച്ചതാണ്. ഇതില്‍ ഏറ്റവും ശ്രദ്ധേയം മലയാളി താരം സഞ്ജു വി സാംസണാണ്. വെടിക്കെട്ട് ബാറ്റിങിലൂടെ പല തവണ എതിരാളികള്‍ക്ക് ഭീഷണിയായി മാറാന്‍ സഞ്ജുവിന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലും ഭേദപ്പെട്ട പ്രകടനം താരം പുറത്തെടുക്കുകയും ചെയ്തിരുന്നു. ക്യാപ്റ്റന്‍ രഹാനെ, ഡാരി ഷോട്ട്, ജോസ് ബട്ട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവരാണ് രാജസ്ഥാന്റെ പ്രധാന ബാറ്റിങ് പ്രതീക്ഷകള്‍.

rajasthan

മല്‍സരത്തില്‍ നിര്‍ണായകമാവുക ബൗളര്‍മാര്‍

ബാംഗ്ലൂര്‍ ബാറ്റിങ് നിരയെ പിടിച്ചുകെട്ടാനായാല്‍ മാത്രമേ രാജസ്ഥാന് മല്‍സരത്തില്‍ മേല്‍ക്കൈ നേടാനാവുകയുള്ളൂ. ജയ്‌ദേവ് ഉനാട്കട്ട്, ധവാല്‍ കുല്‍ക്കര്‍ണ, ശ്രെയാഷ് ഗോപാല്‍, കെ ഗൗതം, ബെന്‍ ലോഗ്ലിന്‍ എന്നിവരാണ് രാജസ്ഥാന്റെ പ്രധാന ബൗളിങ് നിര.

ഉമേഷ് യാദവ്, യുസ് വേന്ദ്ര ചഹാല്‍, വാഷിങ്ടണ്‍ സുന്ദര്‍, ക്രിസ് വോക്്‌സ്, മന്‍ദീപ് സിങ് കുല്‍വന്ത് കെജ്‌റോലിയ എന്നിവരാണ് ബാംഗ്ലൂര്‍ ബൗളിങ് നിരയെ നയിക്കുന്നത്.

ടീം

റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍: ക്വിന്റണ്‍ ഡികോക്ക്, ബ്രണ്ടന്‍ മക്കുല്ലം, വിരാട് കോഹ് ലി (ക്യാപ്റ്റന്‍), എബി ഡിവില്ലിയേഴ്‌സ്, സര്‍ഫ്രാസ് ഖാന്‍, മന്‍ദീപ് സിങ്, ക്രിസ് വോക്‌സ്, വാഷിങ്ടണ്‍ സുന്ദര്‍, ഉമേഷ് യാദവ്, കുല്‍വന്ത് കെജ്‌റോലിയ, യുസ് വേന്ദ്ര ചഹാല്‍.

രാജസ്ഥാന്‍ റോയല്‍സ്: അജിന്‍ക്യ രഹാനെ (ക്യാപ്റ്റന്‍), ഡാരി ഷോട്ട്, സഞ്ജു സാംസണ്‍, ബെന്‍ സ്‌റ്റോക്‌സ്, രാഹുല്‍ ത്രിപാതി, ജോസ് ബട്‌ലര്‍, കെ ഗൗതം, ശ്രെയാഷ് ഗോപാല്‍, ധവാല്‍ കുല്‍ക്കര്‍ണി, ജയ്‌ദേവ് ഉനാട്കട്ട്, ബെന്‍ ലോഗ്ലിന്‍/ജൊഫ്ര അര്‍ചര്‍.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Sunday, April 15, 2018, 12:30 [IST]
Other articles published on Apr 15, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍