രാജസ്ഥാന്റെ 12.5 കോടിയുടെ ബെന്‍ സ്റ്റോക്‌സ് സൂപ്പര്‍ ഫ്‌ളോപ്പ്; എഴുതിത്തള്ളാറായോ?

Posted By: rajesh mc
IPL 2018 : കോടികള്‍ മുടക്കിയ താരത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ച് രാജസ്ഥാന്‍ | Oneindia Malayalam

ദില്ലി: 2018 ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഏറ്റവും വലിയ നിരാശ സമ്മാനിച്ച താരങ്ങളില്‍ ഒരാളാണ് ഇംഗ്ലീഷ് താരം ബെന്‍ സ്റ്റോക്‌സ്. ഏറെ പ്രതീക്ഷകളോടെയാണ് രാജസ്ഥാന്‍ റോയല്‍സ് 12.5 കോടി ഇറക്കി താരലേലത്തില്‍ ഈ ഇംഗ്ലീഷ് ഓള്‍റൗണ്ടറെ ടീമിലെത്തിച്ചത്. 2017 സീസണില്‍ റൈസിംഗ് പൂനെ ജൈന്റ്‌സിന് വേണ്ടി കളത്തിലിറങ്ങിയ സ്റ്റോക്‌സ് ബാറ്റിംഗിലെ വെടിക്കെട്ടും, ബൗളിംഗിലെ കൃത്യതയും, ഞെട്ടിപ്പിക്കുന്ന ഫീല്‍ഡിംഗുമായി തിളങ്ങിയിരുന്നു. ഇതെല്ലാം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷിച്ച രാജസ്ഥാന് പക്ഷെ കാശ് പോയത് മിച്ചം.

രാജസ്ഥാന്‍ ടീമില്‍ എത്തിയത് മുതല്‍ ശനിദശയാണ് താരത്തിന്. ടൂര്‍ണമെന്റില്‍ ഇതുവരെ ഒരു അര്‍ദ്ധശതകം പോലുമില്ല, വിക്കറ്റ് വീഴ്ത്തുന്ന കാര്യത്തില്‍ കടുത്ത ദാരിദ്ര്യവും. ടീം തന്നെ കൈയൊഴിഞ്ഞ നിലയിലും താരത്തിന് തിരിച്ചുവരാന്‍ കഴിയുമെന്നാണ് ഇംഗ്ലീഷ് ടീമിലെ സഹതാരം ക്രിസ് വോക്‌സ് ഓര്‍മ്മിപ്പിക്കുന്നത്. അദ്ദേഹം ഒരു ലോകോത്തര താരമാണ്. ടൂര്‍ണമെന്റില്‍ പ്രതീക്ഷിച്ച പ്രകടനം നടത്തിയിട്ടില്ലെങ്കിലും സ്റ്റോക്‌സിനെ എഴുതിത്തള്ളാറായില്ല, റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടി ഇറങ്ങുന്ന വോക്‌സ് വ്യക്തമാക്കി.

benstokes

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സ്വദേശമായ ബ്രിസ്റ്റോളിലുണ്ടായ അടിപിടിയില്‍ പണികിട്ടിയ സ്റ്റോക്‌സിന് ഓസ്‌ട്രേലിയയ്ക്ക് എതിരെയുള്ള ആഷസ് പരമ്പര നഷ്ടമായിരുന്നു. ഇതിന്റെ വിചാരണ തുടരുകയാണ്. കോടികള്‍ മുടക്കിയ താരത്തിന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ച് ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ സ്റ്റോക്‌സിന് മധ്യനിരയില്‍ നിന്നും ഓപ്പണിംഗിലേക്ക് പ്രൊമോഷന്‍ നല്‍കിയെങ്കിലും ഗുണമുണ്ടായില്ല. 11 റണ്ണുമായി ഹര്‍ഭജന് മിഡില്‍ സ്റ്റംപും നല്‍കി സ്റ്റോക്‌സ് കൂടാരംകയറി.

ഓപ്പണിംഗില്‍ സ്റ്റോക്‌സിനൊപ്പം ഇറങ്ങിയ മറ്റൊരു ഇംഗ്ലീഷ് താരം ജോസ് ബട്‌ലര്‍ 95 റണ്ണാണ് മത്സരത്തില്‍ അടിച്ചുകൂട്ടിയത്. കേവലം 4.4 കോടിക്ക് വാങ്ങിയ ബട്‌ലര്‍ മികച്ച പ്രകടനമാണ് രാജസ്ഥാന് വേണ്ടി കാഴ്ചവെയ്ക്കുന്നത്. ശേഷിക്കുന്ന മത്സരത്തിലെങ്കിലും സ്‌റ്റോക്‌സ് പ്രതീക്ഷിച്ച കളി കാഴ്ചവെച്ചാല്‍ ടീമിന് പണം മുതലാക്കാന്‍ കഴിഞ്ഞേക്കും.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Sunday, May 13, 2018, 8:24 [IST]
Other articles published on May 13, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍