'വിരുന്നുകാരായി' വന്ന് വീട്ടുകാരായി മാറി... ഇന്ത്യന്‍ മനസ്സ് കീഴടക്കിയ വിദേശ താരങ്ങള്‍

Written By:

മുംബൈ: ഐപിഎല്ലിന്റെ വരവോടെ ഇന്ത്യന്‍ ക്രിക്കറ്റിനുണ്ടായ മാറങ്ങള്‍ നിരവധിയുണ്ട്. ക്രിക്കറ്റിനെ നെഞ്ചിലേറ്റുന്ന ഇന്ത്യക്കാര്‍ ഐപിഎല്ലിനെയും കൈവിട്ടില്ല. ഐപിഎല്ലിനു മുമ്പ് സ്വന്തം രാജ്യത്തെ താരങ്ങളായിരുന്നു അവരുടെ ഹീറോകള്‍. എന്നാല്‍ ഐപിഎല്‍ വന്ന ശേഷം ഇത് അടിമുടി മാറിയിട്ടുണ്ട്.

ഇന്ത്യക്കാരെപ്പോലെ തന്നെ തങ്ങളുടെ ടീമുകള്‍ക്കായി കളിക്കുന്ന വിദേശ താരങ്ങളും അവര്‍ക്ക് പ്രിയപ്പെട്ടവരായി മാറി. ഐപിഎല്ലിലൂടെ വന്ന് ഇന്ത്യന്‍ ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടവരായി മാറിയ അഞ്ച് വിദേശ താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

ഗ്ലെന്‍ മാക്‌സ്‌വെല്‍

ഗ്ലെന്‍ മാക്‌സ്‌വെല്‍

ഓസ്‌ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു കൂടുതല്‍ പ്രിയങ്കരനായത് ഐപിഎല്ലിലൂടെയാണ്. 2014 സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനായി താരം നടത്തിയ മിന്നുന്ന പ്രകടനം തന്നെയായിരുന്നു ഇതിനു കാരണം.
187.75 സ്‌ട്രൈക്ക്‌റേറ്റില്‍ 552 റണ്‍സാണ് മാക്‌സ്‌വെല്‍ അടിച്ചുകൂട്ടിയത്. രണ്ടു തവണ സെഞ്ച്വറിക്ക് തൊട്ടരികില്‍ വച്ചാണ് താരം പുറത്തായത്. ആദ്യ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ 43 പന്തില്‍ 95 റണ്‍സാണ് മാക്‌സ്‌വെല്‍ വാരിക്കൂട്ടിയത്. പിന്നീട് ചെന്നൈക്കെതിരേ തന്നെ സീസണിലെ അടുത്ത കളിയിലും താരം കസറി. 38 പന്തില്‍ 90 റണ്‍സാണ് മാക്‌സ്‌വെല്‍ അടിച്ചെടുത്തത്.
കിങ്‌സിന്റെ മാത്രമല്ല ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികളുടെ മുഴുവന്‍ ഹരമായി ഈ സീസണിനു ശേഷം മാക്‌സ്‌വെല്‍ മാറുകയായിരുന്നു.

 ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍

കുട്ടി ക്രിക്കറ്റിലെ ഹെഡ് മാസ്റ്ററെന്ന് വിശേഷിപ്പിക്കാവുന്ന വെസ്റ്റ് ഇന്‍ഡീസ് ബാറ്റിങ് ഇതിഹാസം ക്രിസ് ഗെയ്ല്‍ എത്രയെത്ര കണ്ണഞ്ചിപ്പിക്കുന്ന ഇന്നിങ്‌സുകളാണ് ഐപിഎല്ലില്‍ വിവിധ ടീമുകള്‍ക്കായി നടത്തിയിട്ടുള്ളത്. തന്റെ നാട്ടുകാരനായ ബ്രാവോയെപ്പോലെ വ്യത്യസ്തമായ ആഹ്ലാദപ്രകടനങ്ങളിലൂടെയും ഗെയ്ല്‍ കൈയടിവാങ്ങിയിട്ടുണ്ട്.
2011ലെ ഐപിഎല്ലില്‍ ഒരു ടീമും ഗെയ്‌ലിനെ വാങ്ങാതിരുന്നത് ആരാധകരെ നിരാശരാക്കിയിരുന്നു. എന്നല്‍ ഒരു താരത്തിനു പരിക്കേറ്റതിനെ തുടര്‍ന്ന് ഗെയ്‌ലിനെ പകരക്കാരനായി ബാംഗ്ലൂര്‍ ടീം സ്വന്തമാക്കിയതോടെ ആരാധകരുടെ നിരാശ മാറി. പകരക്കാരനായി വന്ന ഗെയ്ല്‍ പിന്നീട് ഹീറോയായാണ് സീസണിനു ശേഷം മടങ്ങിപ്പോയത്.

എബി ഡിവില്ലിയേഴ്‌സ്

എബി ഡിവില്ലിയേഴ്‌സ്

വെടിക്കെട്ട് ശൈലിയുടെ മറ്റൊരു വക്താവായ ദക്ഷിണാഫ്രിക്കന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സും ക്രിക്കറ്റ് പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരനാണ്. ഏതു പന്തുകളിലും അസാധാരണ ഷോട്ടുകള്‍ കളിക്കാന്‍ മിടുക്കനായിരുന്നു അദ്ദേഹം. ഇന്ത്യക്കെതിരേ ദക്ഷിണാഫ്രിക്കയ്ക്കു വേണ്ടി അന്താരാഷ്ട്ര മല്‍സരം കളിക്കുമ്പോള്‍ പോലും ഡിവില്ലിയേഴ്‌സിനെ ഇന്ത്യന്‍ ആരാധകര്‍ പ്രോല്‍സാഹിപ്പിക്കാറുണ്ട്.
ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ടീമിന്റെ ഭാഗമായതോടെയാണ് ഡിവില്ലിയേഴ്‌സ് ഇന്ത്യന്‍ ആരാധകര്‍ക്ക് ഇത്രയും പ്രിയങ്കരനായി മാറിയത്. തന്റെ രണ്ടാമത്തെ വീടാണ് ബംഗ്ലൂരെന്ന് ഡിവില്ലിയേഴ്‌സ് തന്നെ പിന്നീട് പറയുകയും ചെയ്തിട്ടുണ്ട്.

ഡ്വയ്ന്‍ ബ്രാവോ

ഡ്വയ്ന്‍ ബ്രാവോ

വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡ്വയ്ന്‍ ബ്രാവോയാണ് ഐപിഎല്ലിലൂടെ വന്ന് ആരാധകഹൃദയം കീഴടക്കിയ മറ്റൊരു വിദേശ താരം. ജനങ്ങളെ ഇത്രയേറെ രസിപ്പിച്ച താരങ്ങള്‍ ക്രിക്കറ്റില്‍ വളരെ കുറവായിരിക്കും. കളിക്കളത്തിലെ പ്രകടനം കൊണ്ടു മാത്രമല്ല വ്യത്യസ്തമായ ആഹ്ലാദപ്രകടനങ്ങളിലൂടെയും ബ്രാവോ സമാനതകളില്ലാത്ത താരമായി മാറി.
2016ലെ ട്വന്റി20 ലോകകപ്പിനു മുന്നോടിയായി പുറത്തിറക്കിയ ചാംപ്യനെന്ന ഗാനത്തിലെ ചടുലമായ നൃത്തത്തിലൂടെയും അദ്ദേഹം ഏവരെയും വിസ്മയിപ്പിച്ചു. വരാനിരിക്കുന്ന പുതിയ സീസണിലും ബ്രാവോ മാജിക്കിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

ബ്രെന്‍ഡന്‍ മക്കുല്ലം

ബ്രെന്‍ഡന്‍ മക്കുല്ലം

ന്യൂസലന്‍ഡിന്റെ മുന്‍ വെടിക്കെട്ട് താരം ബ്രെന്‍ഡന്‍ മക്കുല്ലത്തിനും കൂടുതല്‍ ആരാധകരെ സൃഷ്ടിച്ചത് ഐപിഎല്ലാണ്. പ്രഥമ സീസണിലെ ഉദ്ഘാടനമല്‍സരത്തില്‍ തന്നെ മക്കുല്ലത്തിന്റെ ബാറ്റിങ് വെടിക്കെട്ടിന് ഇന്ത്യ സാക്ഷിയായി. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു വേണ്ടി വെറും 73 പന്തില്‍ 158 റണ്‍സാണ് മക്കുല്ലം വാരിക്കൂട്ടിയത്. 10 ബൗണ്ടറികളും 13 സിക്‌സറും ഇന്നിങ്‌സിലുണ്ടായിരുന്നു.
പിന്നീട് ഐപിഎല്ലിന്റെ വിവിധ സീസണുകളിലായി വ്യത്യസ്ത ടീമുകള്‍ക്കു വേണ്ടി മക്കുല്ലം തകര്‍പ്പന്‍ പ്രകടനങ്ങള്‍ നടത്തി കൂടുതല്‍ ആരാധകരെ സൃഷ്ടിക്കുകയും ചെയ്തു.

വാര്‍ണറുടെ ഭാര്യയെ അപമാനിച്ചു; ചിത്രമെടുത്ത ദക്ഷിണാഫ്രിക്കന്‍ അധികൃതര്‍ വിവാദത്തില്‍

ലിവര്‍പൂള്‍ കടന്ന് യുനൈറ്റഡ്... റയലിനും ബാഴ്‌സയ്ക്കും ജയം, ബയേണിന്റെ ആറാട്ട്

Story first published: Sunday, March 11, 2018, 11:18 [IST]
Other articles published on Mar 11, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍