ദില്ലി: ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരങ്ങളുടെ സംപ്രേഷണവുമായി ബന്ധപ്പെട്ട് നല്‍കിയ കാരണം കാണിയ്ക്കല്‍ നോട്ടീസിന് മറുപടി നല്‍കിയില്ലെങ്കില്‍ പ്രക്ഷേപണാനുമതി റദ്ദാക്കുമെന്ന കേന്ദ്ര സര്‍ക്കാറിന്റെ മുന്നറിയിപ്പിനെതിരെ നിംബസ് കമ്മ്യൂണിക്കേഷന്‍ ലിമിറ്റഡ് ദില്ലി ഹൈക്കോടതിയെ സമീപിച്ചു.
പരാതി ഡിവിഷന്‍ ബഞ്ചിന് സമര്‍പ്പിയ്ക്കാന്‍ ജസ്റിസ് ബി.ഡി.അഹമ്മദ് നിംബസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡിവിഷന്‍ ബഞ്ച് പരിഗണിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നത്തില്‍ സിംഗിള്‍ ബഞ്ചിന് തീരുമാനമെടുക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റിസ് ബി.ഡി.അഹമ്മദ് പരാതി ഡിവിഷന്‍ ബഞ്ചിന് വിട്ടത്.
ഇന്ത്യ-വെസ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മത്സരങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യുന്നത് സംബന്ധിച്ച തര്‍ക്കവുമായാണ് നിംബസും പ്രസാര്‍ ഭാരതിയും ആദ്യം കോടതിയിലെത്തിയത്.
നിംബസിന് പിന്നാലെ ഏഴ് മിനിറ്റ് വൈകി ദൂരദര്‍ശനും കളിയുടെ ദൃശ്യങ്ങള്‍ തത്സമയം സംപ്രേഷണം ചെയ്യാമെന്നായിരുന്നു കോടതി വിധി. എന്നാല്‍ പിന്നീട് ദേശീയ പ്രാധാന്യമുള്ള കായിക മത്സരങ്ങള്‍ സ്വകാര്യ ചാനലുകള്‍ പ്രക്ഷേപണം ചെയ്യുമ്പോള്‍ ദൂരദര്‍ശനെയും പ്രക്ഷേപണത്തിന് അനുവദിയ്ക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കുകയായിരുന്നു. ഇതിന് പകരമായി പരസ്യത്തില്‍ നിന്നും ലഭിയ്ക്കുന്ന വരുമാനത്തിന്റെ 75ശതമാനം ദൂരദര്‍ശന്‍ സ്വകാര്യ പ്രക്ഷേപകര്‍ക്ക് നല്‍കണമെന്നും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥയുണ്ട്.
എന്നാല്‍ ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നതില്‍ നിംബസ് ഓര്‍ഡിനന്‍സ് അനുസരിച്ചില്ലെന്ന് കാണിച്ചാണ് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസിന് മറുപടി നല്‍കിയില്ലെങ്കില്‍ ഒരു കോടിയോളം രൂപ പിഴ നല്‍കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. ഇല്ലെങ്കില്‍ നിംബസിന്റെ പ്രക്ഷേപണാനുമതി റദ്ദാക്കുമെന്നാണ് കേന്ദ്രത്തിന്റെ താക്കീത്.