ബെയ്‌ജിങ്: ഒരു അഭിനവിനെ ഒഴിച്ചു നിര്‍ത്തിയാല്‍ മെഡല്‍ പ്രതീക്ഷകള്‍ നല്‌കിയിരുന്ന അമ്പെയ്‌ത്തുകാരും ഷൂട്ടര്‍മാരുമൊക്കെ കളമൊഴിഞ്ഞു പോകുമ്പോള്‍ പ്രതീക്ഷയേകി ഇന്ത്യയുടെ മൂന്ന് കുമാരന്‍മാര്‍ ഇടിക്കൂട്ടില്‍ ബാക്കി.
ഹരിയാനയിലെ ഭിവാനി സായിയുടെ കീഴിലുള്ള ബോക്‌സിങ് ക്ലബില്‍ നിന്നുള്ള അഖില്‍ കുമാര്‍, ജിതേന്ദര്‍ കുമാര്‍, വിജേന്ദര്‍ കുമാര്‍ എന്നിവരാണ് നൂറ് കോടി ജനങ്ങള്‍ മെഡല്‍ പ്രതീക്ഷ നല്‌കി ഒളിമ്പിക് നഗരത്തില്‍ തുടരുന്നത്.
മൂന്ന് പേരും തങ്ങളുടെ വിഭാഗത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലിലെത്തിയിട്ടുണ്ട്. അമിതമായ ആത്മവിശ്വാസവുമായി ഇടിക്കൂട്ടില്‍ നില്‌ക്കുന്ന അഖില്‍ കുമാര്‍ തന്നെയാണ് ഇന്ത്യയ്‌ക്ക് ഏറ്റവും പ്രതീക്ഷ നല്‌കിയിട്ടുള്ള താരം.
റഷ്യന്‍ ലോകചാമ്പ്യന്‍ സെര്‍ജിവോ ദോപ്യാനോവിനെ നേരിടുന്നതിന് മുമ്പ് അഖില്‍ പറഞ്ഞത് ഞാനാണ് നമ്പര്‍ വണ്‍,ഞാന്‍ തന്നെ നേടുമെന്നായിരുന്നു
ആദ്യ റൗണ്ടില്‍ പിന്നിലായതിനു ശേഷം ശക്തമായി തിരിച്ചെത്തിയ അഖില്‍ അത് തെളിയിക്കുകയും ചെയ്‌തിരുന്നു. 54 കിലോ ബാന്റം വെയിറ്റില്‍ മെഡോള്‍വയുടെ വീസെസ്ലാവ് ഗൊജനെയാണ് തിങ്കളാഴ്‌ച അഖില്‍ നേരിടുന്നത്.
ഗൊജനെ തോല്‌പിച്ചാല്‍ ഇന്ത്യയ്‌ക്ക് ആദ്യമായി ബോക്‌സിങില്‍ ഒരു മെഡലെത്തും. സ്വര്‍ണത്തില്‍ കുറഞ്ഞതൊന്നും വേണ്ടെന്ന് താന്‍ പറഞ്ഞത് അഹങ്കാരമല്ലെന്നും ആത്മവിശ്വാസമാണെന്നും അഖില്‍ പറയുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍