ലിസ്ബന്‍: യൂറോകപ്പില്‍ ഫ്രാന്‍സ് ഇംഗ്ലണ്ടിനെ തോല്പിച്ചു(സ്കോര്‍ 2-1). സിനെദിന്‍ സിദാനായിരുന്നു ഫ്രാന്‍സിന് വേണ്ടി രണ്ടുതവണയും ഇംഗ്ലണ്ടിന്റെ വല ചലിപ്പിച്ചത്.
ഇതോടെ ഗ്രൂപ്പ് ബിയിലെ ആദ്യമത്സരത്തില്‍ നിലവിലുള്ള ചാമ്പ്യന്മാരായ ഫ്രാന്‍സ് ജയത്തോടെ തുടക്കം കുറിച്ചു. റിയല്‍ മാഡ്രിഡ് താരമായ സിനെദിന്‍ സിദാന്‍ 23 മീറ്റര്‍ അകലെ നിന്നുള്ള ഫ്രീ കിക്കിലൂടെയും പിന്നീട് ഒരു പെനാല്‍റ്റി കിക്കിലൂടെയുമാണ് ഫ്രാന്‍സിന് വേണ്ടി ഗോളുകള്‍ നേടിയത്.
ഇംഗ്ലണ്ടിന് വേണ്ടി ഫ്രാങ്ക് ലമ്പാര്‍ഡ് കളിയുടെ 38ാം മിനിറ്റില്‍ ആശ്വാസഗോള്‍ നേടി. ഡേവിഡ് ബെക്കാമിന്റെ ഫ്രീകിക്കിനെ ഒരു ഹെഡറിലൂടെ ഫ്രാങ്ക് ലമ്പാര്‍ഡ് ഫ്രാന്‍സിന്റെ വലയില്‍ എത്തിയ്ക്കുകയായിരുന്നു. ഫ്രാന്‍സിന്റെ ഗോളി ഫാബിയന്‍ ബാര്‍ത്തേസിനെ നിഷ്പ്രഭനാക്കിയ ഹെഡറായിരുന്നു അത്. ഇംഗ്ലണ്ട് ഒട്ടേറെ ഗോളവസരങ്ങള്‍ പാഴാക്കി. ഫ്രാന്‍സിന്റെ ഗോളി ബാര്‍ത്തേസിന്റെ തകര്‍പ്പന്‍ പ്രകടനവും ഇംഗ്ലണ്ടിന്റെ നീക്കങ്ങളെ ഫലപ്രദമായി ചെറുക്കാന്‍ സഹായിച്ചു.
നേരത്തെ ഇതേ ഗ്രൂപ്പില്‍ ക്രൊയേഷ്യയും സ്വിറ്റ്സര്‍ലാന്റും തമ്മിലുള്ള മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു.