Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ധോണി ഇവരെ ഹീറോയാക്കി!! ക്യാപ്റ്റന്‍ കൂളിന് കീഴില്‍ തലവര മാറിയവര്‍ ആരൊക്കെ? കിടിലന്‍ ലിസ്റ്റ്

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലെ സമാനതകളില്ലാത്ത നായകനായിരുന്നു മുന്‍ ഇതിഹാസ താരവും കീപ്പറുമായ എംഎസ് ധോണി. തനിക്കു മുമ്പും ശേഷവും എന്ന തരത്തില്‍ ഒരു ധോണി യുഗം തന്നെ തീര്‍ത്താണ് ഈ ജാര്‍ഖണ്ഡുകാരന്‍ പടിയിറങ്ങിയത്.

വിവിധ ഫോര്‍മാറ്റുകളില്‍ ക്യാപ്റ്റനെന്ന നിലയില്‍ പല അപൂര്‍വ്വനേട്ടങ്ങളും കുറിക്കാന്‍ ധോണിക്കു സാധിക്കുകയും ചെയ്തു. ഐസിസിയുടെ മൂന്നു വ്യത്യസ്ത ട്രോഫികള്‍ ഏറ്റുവാങ്ങാന്‍ ഭാഗ്യമുണ്ടായ ലോകത്തിലെ ഏക നായകെന്ന റെക്കോര്‍ഡ് ഇപ്പോഴും അദ്ദേഹത്തിനു കീഴില്‍ ഭദ്രമാണ്.

ROHIT DHONI

തന്റെ ക്യാപ്റ്റന്‍സി കാലത്തു ഒരുപാട് മികച്ച കളിക്കാരെ കണ്ടെത്താനും അവരെ വളര്‍ത്തിയെടുക്കാനും ധോണി മുന്‍കൈയെടുക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ സൂപ്പര്‍ താര പദവിയിലേക്കുയര്‍ന്ന പ്രധാന കളിക്കാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

രോഹിത് ശര്‍മ (Rohit Sharma)

ഇന്ത്യക്കു രണ്ടു ലോകകപ്പുകള്‍ നേടിത്തന്നിട്ടുള്ള മുന്‍ ഇതിഹാസ ക്യാപ്റ്റനും ലോകോത്തര ഓപ്പണിങ് ബാറ്ററുമായ രോഹിത് ശര്‍മയാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. 2007ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അദ്ദേഹം അരങ്ങേറിയെങ്കിലും 2013വരെ അതു പ്രതീക്ഷിച്ച രീതിയില്‍ ക്ലച്ച് പിടിച്ചില്ലെന്നതാണ് യാഥാര്‍ഥ്യം.

മറ്റു പല ക്രിക്കറ്റര്‍മാരെയും പോലെ അപ്രത്യക്ഷനാവുമെന്നു കരുതപ്പെട്ട ഹിറ്റ്മാന്റെ തലവര മാറ്റിയത് ധോണിയുടെ ഒരു മാസ്റ്റര്‍ സ്‌ട്രോക്കാണ്. 2013ല്‍ ഇംഗ്ലണ്ട് വേദിയായ ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ രോഹിത്തിനെ ഓപ്പണിങിലേക്കു ധോണി പ്രൊമോട്ട് ചെയ്യുകയായിരുന്നു. ശിഖര്‍ ധവാനും രോഹിത്തും ചേര്‍ന്നുള്ള ഓപ്പണിങ് കോംബോ പിന്നീട് ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും ബെസ്റ്റായി മാറിയത് പിന്നീട് നമ്മള്‍ കണ്ടു.

വിരാട് കോലി (Virat Kohli)

ആധുനിക ക്രിക്കറ്റിലെ ബെസ്റ്റെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന മറ്റൊരു ഇതിഹാസമായ വിരാട് കോലിയുടെ 'ആശാനും' എംഎസ് ധോണി തന്നെയാണ്. കോലിയെ ലോകോത്തര ബാറ്ററും പിന്നീട് ക്യാപ്റ്റന്‍സിയില്‍ തന്റെ പിന്‍ഗാമിയാക്കിയതും ധോണിയുടെ മികച്ച പിന്തുണയായിരുന്നു.

2011-12ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ കോലി വളരെ മോശം ഫോമിലൂടെ കടന്നു പോയപ്പോള്‍ ടീമില്‍ നിന്നും ഒഴിവാക്കണമെന്ന മുറവിളികള്‍ ഉയര്‍ന്നിരുന്നു. പക്ഷെ ധോണിക്കു അദ്ദേഹത്തിന്റെ കഴിവില്‍ പൂര്‍ണ വിശ്വാസമായിരുന്നു. അതിനാല്‍ തന്നെ പുറമെ നിന്നുള്ള ബഹളങ്ങളൊന്നും അദ്ദേഹം മുഖവിലയ്‌ക്കെടുത്തതുമില്ല.

ധോണിയുടെ ഈ പിന്തുണയാണ് കോലിയെ പിന്നീട് ഇന്ത്യ കണ്ട ഏറ്റവും മഹാനായ ബാറ്റര്‍മാരില്‍ ഒരാളായി മാറ്റിയെടുത്തത്. തന്റെ ക്യാപ്റ്റന്‍ എല്ലായ്‌പ്പോഴും ധോണി തന്നെ ആയിരിക്കുമെന്നു കോലി പിന്നീട് പലപ്പോഴും തുറന്നു പറയുകയും ചെയ്തിട്ടുണ്ട്.

രവീന്ദ്ര ജഡേജ (Ravindra Jadeja)

സ്റ്റാര്‍ ഓള്‍റൗണ്ടും മാച്ച് വിന്നറുമായ രവീന്ദ്ര ജഡേജയാണ് ഈ ലിസ്റ്റിലെ മൂന്നമത്തെയാള്‍. കരിയറിന്റെ തുടക്ക കാലത്തു ഒരു കംപ്ലീറ്റ് പ്ലെയറായിരുന്നില്ല ജഡ്ഡു. അവിടെയും ഇവിടെയുമായി വല്ലപ്പോഴും മാത്രം തിളങ്ങിയ ഒരു ശരാശരി ക്രിക്കറ്റായിരുന്നു അദ്ദേഹം. ദേശീയ ടീമിലെ സ്ഥാനത്തോടു പലപ്പോഴും നീതി പുലര്‍ത്താനും ജഡേജയ്ക്കായില്ല.

പുറമെ നിന്നു ഒരുപാട് വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം നേരിട്ടപ്പോഴും അദ്ദേഹത്തെ ധോണി കൈവിട്ടില്ല. ടീം ഇന്ത്യയിലും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലുമെല്ലാം വലിയ സമ്മര്‍ദ്ദമുള്ള സാഹചര്യങ്ങളില്‍ നിരന്തരം ഉപയോഗിച്ച് ജഡേജയെ ധോണി മിനുക്കിയെടുത്തു. പിന്നീട് മൂന്നു ഫോര്‍മാറ്റിലും അദ്ദേഹം ഇന്ത്യയുടെ മാച്ച് വിന്നറായത് ചരിത്രം.

ആര്‍ അശ്വിന്‍ (R Ashwin)

മുന്‍ ഇതിഹാസ ഓഫ് സ്പിന്നറും ഓള്‍റൗണ്ടറുമായ ആര്‍ അശ്വിനാണ് ഈ ലിസ്റ്റില്‍ പെടുത്താവുന്ന മറ്റൊരു താരം. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ക്യാപ്്റ്റനായിരിക്കെയാണ് അശ്വിന്റെ കഴിവ് എംഎസ് ധോണി തിരിച്ചറിയുന്നത്. പിന്നീട് കളിയില്‍ ഓപ്പണിങ് ഓവര്‍ പോലും വിശ്വസിച്ച് ഏല്‍പ്പിക്കാവുന്ന വജ്രായുധമായി അദ്ദേഹത്തെ മാറ്റിയെടുക്കുകയും ചെയ്തു.

സിഎസ്‌കെയിലൂടെ വളര്‍ത്തിയെടുത്ത അശ്വിനെ പിന്നീട് ധോണി ഇന്ത്യന്‍ ടീമിലേക്കും കൊണ്ടുവന്നു. എല്ലാ ഫോര്‍മാറ്റിലും പിന്നീട് അദ്ദേഹത്തിന്റെ വിശ്വസ്തനായി ആ തമിഴ്‌നാട് താരം മാറുകയും ചെയ്തു. 2011ലെ ഏകദിന ലോകകപ്പില്‍ ആദ്യ ഓവര്‍ പോലും അശ്വിനെ കൊണ്ട് ധോണി എറിയിക്കുകയും ചെയ്തിട്ടുണ്ട്.

HARDIK DHONI

ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya)

സൂപ്പര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെയും ഇന്ത്യക്കു സമ്മാനിച്ചത് മറ്റാരുമല്ല എംഎസ് ധോണി തന്നെയാണ്. അദ്ദേഹത്തിനു കീഴിലാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഹാര്‍ദിക് അരങ്ങേറുകയും ചെയ്തത്. പിന്നീട് പല നായകര്‍ക്കു കീഴിലും കളിച്ചെങ്കിലും അദ്ദേഹം ഏറ്റവുമധികം ആരാധിക്കുകയും അടുപ്പം പുലര്‍ത്തുകയും ചെയ്യുന്ന നായകന്‍ ധോണി മാത്രമാണ്.

'എല്ലാവരില്‍ നിന്നും, പ്രത്യേകിച്ച് മഹി ഭായില്‍ നിന്ന് ഒരുപാട് കാര്യങ്ങള്‍ ഞാന്‍ പഠിച്ചു. ടീമിലേക്കു വരുമ്പോള്‍ ഞാനൊരു അസംസ്‌കൃത വസ്തുവായിരുന്നു. ഒരുപാട് സ്വാതന്ത്ര്യം നല്‍കിയാണ് അദ്ദേഹം എന്നെ വളര്‍ത്തിയത്. ഞാന്‍ സ്വയം തെറ്റുകള്‍ വരുത്താനും അവയില്‍ നിന്ന് പഠിക്കാനുമാണ് മഹി ഭായ് ആഗ്രഹിച്ചിരുന്നത്'- എന്നായിരുന്നു ധോണിയെപ്പറ്റി ഒരു അഭിമുഖത്തില്‍ ഹാര്‍ദിക് മനസ്സ് തുറന്നത്.

കുല്‍-ചാ ജോടി (Kul-Cha)

കുല്‍-ചായെന്ന പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു സമയത്തു തരംഗം സൃഷ്ടിച്ച കുല്‍ദീപ് യാദവ്- യുസ്വേന്ദ്ര ചാഹല്‍ സ്പിന്‍ ജോടിയെയും വളര്‍ത്തിയെടുത്തത് എംഎസ് ധോണി തന്നെയാണ്.

കരിയറിന്റെ തുടക്ക കാലത്തു വിക്കറ്റിനു പിന്നില്‍ നിന്ന് ഓരോ ബാറ്ററെയും വീക്ഷിച്ച ശേഷം ധോണി നല്‍കിയ ട്രിക്കുകളാണ് കുല്‍ദീപിനെയും ചാഹലിനെയും പിന്നീട് ലോകോത്തര സ്പിന്നര്‍മാരാക്കി മാറ്റിയത്. ധോണിയാണ് തങ്ങളുടെ ഗുരുവെന്നു രണ്ടു പേരും പിന്നീട് പല അഭിമുഖങ്ങളിലും തുറന്നു പറയുകയും ചെയ്തിട്ടുള്ളതാണ്.

Story first published: Monday, May 18, 2026, 15:53 [IST]
Other articles published on May 18, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+