വളരെ ശാന്തമായി എല്ലാ കാര്യങ്ങളെയും സമീപിക്കുകയും വലിയ അഗ്രഷൻ ഇല്ലാതെ തന്നെ ബാറ്റുകൊണ്ടും വിക്കറ്റിന് പിറകിലെ പ്രകടനങ്ങൾ കൊണ്ടും എതിരാളികൾക്ക് മറുപടി കൊടുക്കുന്ന സഞ്ജു സാംസണെ നിങ്ങൾ കണ്ടിട്ടുണ്ടാകും. എന്നാൽ, ഐപിഎല്ലിൽ സാധാരണയായി ശാന്തനായി കാണപ്പെടാറുള്ള ചെന്നൈ സൂപ്പർ കിംഗ്‌സ് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ സഞ്ജു സാംസൺ മൈതാനത്ത് നിയന്ത്രണം വിട്ട് പെരുമാറുന്ന കാഴ്ചയ്ക്കാണ് ക്രിക്കറ്റ് ആരാധകർ കഴിഞ്ഞ ദിവസം സാക്ഷ്യം വഹിച്ചത്. ഹെന്റിച്ച് ക്ലാസനുമായി ചൂടുള്ള വാഗ്വാദത്തിൽ ഏർപ്പെട്ട സഞ്ജുവിനെ എന്താണിത്ര ചൊടിപ്പിച്ചത് എന്നാണ് ഇപ്പോൾ ക്രിക്കറ്റ് ലോകം തിരയുന്നത്.
ഇതെന്ത് ബാറ്റിങ്? റുതുരാജ് മറ്റുള്ളവരെ സമ്മര്‍ദ്ദത്തിലാക്കുന്നു!! വളരെ മോശം, തുറന്നടിച്ച് മുന്‍ താരം
ക്ലാസന്റെ വിക്കറ്റും പിന്നാലെ വന്ന രോഷവും
ഹൈദരാബാദ് ഇന്നിംഗ്‌സിലെ നിർണ്ണായക ഓവറിൽ ചെന്നൈ സ്പിന്നർ നൂർ അഹമ്മദ് എറിഞ്ഞ പന്തിൽ ഹെൻറിച്ച് ക്ലാസൻ പുറത്തായതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. വിക്കറ്റ് വീഴ്ത്തിയ ആവേശത്തിൽ നൂർ അഹമ്മദ് ഓടിവന്ന് സഞ്ജു സാംസണെ കെട്ടിപ്പിടിക്കുകയും ചെന്നൈ താരങ്ങൾ ഒന്നടങ്കം വിക്കറ്റ് ആഘോഷമാക്കുകയും ചെയ്തു. ഇതിനിടയിൽ സഞ്ജുവും ക്ലാസനും തമ്മിൽ കടുത്ത വാക്കേറ്റമുണ്ടാകുകയായിരുന്നു.

നൂറിന്റെ ഒരു പന്ത് ബൗണ്ടറി കടത്തി ക്ലാസൻ നിൽക്കുമ്പോഴായിരുന്നു സംഭവം. ആങ്കിൾ മാറ്റി പരീക്ഷിച്ച നൂറിന്റെ പന്ത് ക്ലാസനെ പരാജയപ്പെടുത്തി വിക്കറ്റ് കീപ്പർ സഞ്ജുവിലേക്ക് വന്നു. കാലൊന്ന് ചെറുതായി മാറ്റിയ ആ ഞൊടിയിൽ സഞ്ജു ക്ലാസനെ സ്റ്റംപിങ്ങിൽ കുടുക്കി. മികച്ച ഫോമിൽ ബാറ്റ് ചെയ്തുകൊണ്ടിരുന്ന ക്ലാസന് സഞ്ജുവിന്റെ മിന്നൽ സ്റ്റംപിങ്ങിന് മുന്നിൽ പിടിച്ച് നിൽക്കാനായില്ല.
പരാജയത്തിന്റെ നിരാശയിലായിരുന്ന ദക്ഷിണാഫ്രിക്കൻ പവർഹൗസ് ഹെൻറിച്ച് ക്ലാസൻ പൂർണ്ണമായും നിയന്ത്രണം നഷ്ടപ്പെട്ട് സഞ്ജുവിന് നേരെ തിരിയുകയും മൂർച്ചയേറിയ വാക്കുകൾ പ്രയോഗിക്കുകയുമായിരുന്നു. എന്നാൽ ഒട്ടും പിന്നോട്ട് പോകാൻ സഞ്ജു സാംസൺ തയ്യാറായില്ല. ക്ലാസന്റെ കണ്ണുകളിലേക്ക് നോക്കി സഞ്ജു ശക്തമായി തന്നെ പ്രതികരിച്ചു. എന്നാൽ, സഞ്ജുവാണോ ആദ്യം വാഗ്വാദത്തിന് തുടക്കമിട്ടത് എന്നതിലും സംശയമുണ്ട്.
ഇടപെട്ട് ശിവം ദുബെ, പരാതിയുമായി സഞ്ജു
രംഗം വഷളാകുന്നത് കണ്ട ചെന്നൈ താരം ശിവം ദുബെ ഉടൻ തന്നെ ഇരുവർക്കുമിടയിലേക്ക് ഓടിയെത്തി. രോഷാകുലനായി നിന്ന ക്ലാസനോട് തർക്കം നിർത്തി എത്രയും വേഗം പവലിയനിലേക്ക് നടക്കാൻ ദുബെ കർശനമായി ആവശ്യപ്പെടുകയായിരുന്നു. ദുബെയുടെ ഇടപെടലോടെയാണ് ക്ലാസൻ മൈതാനം വിട്ടത്.
IPL 2026: ഔട്ടെന്ന് ഉറപ്പ്, എന്നിട്ടും സഞ്ജു എന്തിന് 'കടുംകൈ' ചെയ്തു? വിമര്‍ശനം, സംഭവമറിയാം
തൊട്ടുപിന്നാലെ, ഒട്ടും സമയം കളയാതെ സഞ്ജു സാംസൺ നേരെ ഫീൽഡ് അമ്പയർമാരുടെ അടുത്തേക്ക് നടന്നു. ക്ലാസൻ തനിക്കെതിരെ നടത്തിയ മോശം വാചകങ്ങളെക്കുറിച്ചും വാക്കുതർക്കത്തെക്കുറിച്ചും സഞ്ജു അമ്പയറോട് ഔദ്യോഗികമായി പരാതിപ്പെട്ടു. മാച്ച് റഫറി സംഭവത്തിൽ ഇടപെടുമെന്നും ക്ലാസന് കനത്ത പിഴ ശിക്ഷ ലഭിക്കാൻ സാധ്യതയുണ്ടെന്നുമാണ് സൂചന. മുൻപ് റിയാൻ പരാഗിനെതിരെ കുമാർ സംഗക്കാര ഡ്രെസ്സിംഗ് റൂമിലിരുന്ന് ആക്രോശിച്ച സംഭവം മറക്കും മുൻപാണ് ഐപിഎല്ലിനെ ചൂടുപിടിപ്പിക്കുന്ന അടുത്ത വിവാദം ഗ്രൗണ്ടിൽ അരങ്ങേറുന്നത്.