Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ചെപ്പോക്കില്‍ ഓറഞ്ച് വിജയം!! പ്ലേഓഫ് ടിക്കറ്റ്, ജിടിക്കും യോഗ്യത; ചെന്നൈ പുറത്തേക്ക്

ചെന്നൈ: അഞ്ചു തവണ ഐപിഎല്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്ലേഓഫ് പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിച്ച് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു മിന്നും ജയം. പ്ലേഓഫ് സാധ്യത കാക്കാന്‍ ജയിച്ചേ തീരൂവെന്ന ചാലഞ്ചുമായി ഇറങ്ങിയ സിഎസ്‌കെയെ അഞ്ചു വിക്കറ്റിനാണ് ഓറഞ്ച് ആര്‍മി തകര്‍ത്തുവിട്ടത്.

ഇതോടെം 16 പോയിന്റുമായി എസ്ആര്‍എച്ച് പ്ലേഓഫിലേക്കു മുന്നേറി. അവര്‍ക്കൊപ്പം ഇതേ പോയിന്റുള്ള ഗുജറാത്ത് ടൈറ്റന്‍സും പ്ലേഓഫിലെത്തി. നിലവിലെ ജേതാക്കളായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു നേരത്തേ പ്ലേഓഫിലെത്തിയിരുന്നു. എന്നാല്‍ 12 പോയിന്റുള്ള സിഎസ്‌കെയുടെ സാധ്യതകള്‍ ഏറെക്കുറെ അവസാനിച്ചു. ഇനി ശേഷിച്ച ഏക മാച്ചില്‍ ജയിച്ചും അവര്‍ പ്ലേഓഫിലെത്താന്‍ സാധ്യത തീരെ കുറവാണ്.

ISHAN KISHAN

180 റണ്‍സിന്റെ വിജയലക്ഷ്യമാണ് എസ്ആര്‍എച്ചിനു സിഎസ്‌കെ നല്‍കിയത്. സൂപ്പര്‍ ജോടികളായ അഭിഷേക് ശര്‍മയും (26) ട്രാവിസ് ഹെഡും (6) പെട്ടെന്നു മടങ്ങിയെങ്കിലും ഇഷാന്‍ കിഷന്റെയും (70) ഹെന്‍ട്രിച്ച് ക്ലാസെന്റെയും (47) ഇന്നിങ്‌സുകള്‍ എസ്ആര്‍എച്ച് ജയത്തിനു അടിത്തറയിട്ടു.

മൂന്നാം വിക്കറ്റില്‍ ഈ സഖ്യം 41 ബോളില്‍ അടിച്ചെടുത്ത 75 റണ്‍സാണ് മല്‍സരം അവര്‍ക്കു അനുകൂലമാക്കിയത്. 47 ബോളില്‍ ഏഴു ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടതാണ് ഇഷാന്റെ ഇന്നിങ്‌സ്. ക്ലാസെന്‍ 26 ബോളില്‍ ആറു ഫോറും രണ്ടു സിക്‌സുമടിച്ചു. ഒരോവര്‍ ശേഷിക്കെ അഞ്ചു വിക്കറ്റിനാണ് എസ്ആര്‍എച്ച് ലക്ഷ്യം മറികടന്നത്.

അമരക്കാരനായി ബ്രെവിസ്

സ്വന്തം കാണികള്‍ക്കു മുന്നില്‍ ആദ്യം ബാറ്റിങിന് ഇറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഏഴു വിക്കറ്റുകള്‍ നഷ്ടത്തിലാണ് 180 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ചെന്നൈ നിരയില്‍ ഒരാള്‍ക്കു പോലും ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ഇല്ലെന്നതാണ് എടുത്തു പറയേണ്ട കാര്യം.

44 റണ്‍സെടുത്ത സൗത്താഫ്രിക്കയുടെ ഡെവാള്‍ഡ് ബ്രെവിസാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. ഈ സീസണില്‍ താരത്തിന്റെ ഏറ്റവുമുയര്‍ന്ന സ്‌കോറും കൂടിയാണിത്. 27 ബോളില്‍ നാലു കൂറ്റന്‍ സിക്‌സറും രണ്ടു ഫോറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. കാര്‍ത്തിക് ശര്‍മ (32), സഞ്ജു സാംസണ്‍ (27), ശിവം ദുബെ (26) എന്നിവരും ഭേദപ്പെട്ട സംഭാവനകള്‍ നല്‍കി.

DEWALD BREVIS

പക്ഷെ സിഎസ്‌കെ ബാറ്റിങ് ലൈനപ്പിലെ ഏറ്റവും വലി ദുരന്തം ക്യാപ്റ്റനും ഓപ്പണറുമായ റുതുരാജ് ഗെയ്ക്വാദായിരുന്നു. ടെസ്റ്റിനെ വെല്ലുന്ന സ്ലോ ഇന്നിങ്‌സാണ് അദ്ദേഹം കാഴ്ചവച്ചത്. 71.43 എന്ന ദയനീയ സ്‌ട്രൈക്ക് റേറ്റില്‍ 21 ബോളില്‍ 15 റണ്‍സ് മാത്രമേ റുതുരാജ് നേടിയുള്ളൂ. ഒരു ബൗണ്ടറി പോലും ഇതിലുള്‍പ്പെട്ടിരുന്നില്ല.

വളരെ അഗ്രസീവ് തുടക്കമാണ് സിഎസ്‌കെയ്ക്കു സഞ്ജു നല്‍കിയത്. 13 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സുമടക്കം അദ്ദേഹം കത്തിക്കയറിയെങ്കിലും പാറ്റ് കമ്മിന്‍സിന്റെ ബൗളിങില്‍ എഡ്ജായി ക്രീസ് വിട്ടു. ഉര്‍വില്‍ പട്ടേല്‍ എട്ടു ബോളില്‍ രണ്ടു സിക്‌സടക്കം 13 റണ്‍സുമായി നന്നായി തുടങ്ങിയെങ്കിലും സാക്വിബ് ഹുസൈന്റെ ബൗളിങില്‍ കുറ്റി തെറിപ്പിച്ച് മടങ്ങി (48-2).

മൂന്നാം വിക്കറ്റില്‍ കാര്‍ത്തിക്- റുതാജ് ജോടി 42 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രണ്ടു പേരും വെറും 10 റണ്‍സിന്റെ വ്യത്യാസത്തില്‍ പുറത്തായതോടെ സിഎസ്‌കെ നാലിന് 100. അഞ്ചാം വിക്കറ്റില്‍ ബ്രെവിസ്- ദുബെ ജോടി 389 ബോളില്‍ നേടിയ 59 റണ്‍സാണ് സിഎസ്‌കയെ 170 പ്ലസ് കടക്കാന്‍ സഹായിച്ചത്. അവരുടെ ഇന്നിങ്‌സിലെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ടും ഇതു തന്നെയാണ്.

നായകന്‍ കമ്മിന്‍സാണ് എസ്ആര്‍എച്ച് ബൗളിങില്‍ മികച്ചു നിന്നത്. മൂന്നു വിക്കറ്റുകളുമായി അദ്ദേഹം ആക്രമണത്തിനു ചുക്കാന്‍ പിടിച്ചു. സാക്വിബ് ഹുസൈന്‍ രണ്ടു വിക്കറ്റുകളും നേടി.

ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ ടോസിനു ശേഷം സിഎസ്‌കെ നായകന്‍ റുതുരാജ് ഗെയ്ക്വാദ് ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. അവസാന മല്‍സരത്തിലെ ടീമില്‍ ഒരു മാറ്റവുമായാണ് സിഎസ്‌കെ ഇറങ്ങിയത്. ഗുര്‍ജപ്തീന് സിങിനു പകരം അക്കീല്‍ ഹൊസെയ്‌നെ തിരികെ വിളിച്ചു. എസ്ആര്‍എച്ചാവട്ടെ കഴിഞ്ഞ മാച്ചിലെ ടീമിനെ തന്നെ നിലനിര്‍ത്തി.

ഈ സീസണില്‍ സിഎസ്‌കെയും എസ്ആര്‍എച്ചും മുഖാമുഖം വന്ന രണ്ടാമത്തെ മല്‍സരം കൂടിയാണിത്. കഴിഞ്ഞ മാസം 18ന് ഹൈദരാബാദില്‍ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ ജയം എസ്ആര്‍എച്ചിനായിരുന്നു. ആവേശകരമായ മല്‍സരത്തില്‍ 10 റണ്‍സിന്റെ നേരിയ മാര്‍ജിനിലുള്ള ജയമാണ് അവര്‍ സ്വന്തമാക്കിയത്.

പ്ലെയിങ് ഇലവന്‍

ചെന്നൈ സൂപ്പര്‍ കിംഗ്സ്- സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ഉര്‍വില്‍ പട്ടേല്‍, കാര്‍ത്തിക് ശര്‍മ, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, പ്രശാന്ത് വീര്‍, അക്കീല്‍ ഹൊസെയ്ന്‍, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കാംബോജ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്- അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹെന്‍ട്രിച്ച് ക്ലാസെന്‍, സലില്‍ അറോറ, സ്മരണ്‍ രവിചന്ദ്രന്‍, നിതീഷ് കുമാര്‍ റെഡ്ഡി, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ശിവങ് കുമാര്‍, ഇഷാന്‍ മലിംഗ, സാഖിബ് ഹുസൈന്‍, പ്രഫുല്‍ ഹിംഗെ.

Story first published: Monday, May 18, 2026, 17:57 [IST]
Other articles published on May 18, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+