ഒന്നുകില്‍ കോപ്പലാശാന്റെ നെഞ്ചത്ത്, അല്ലെങ്കില്‍ കൊച്ചിക്കു പുറത്ത്... രണ്ടും കല്‍പ്പിച്ച് മഞ്ഞപ്പട

Written By:

കൊച്ചി: ഐഎസ്എല്ലില്‍ കേരളത്തിന്റെ സ്വന്തം മഞ്ഞപ്പട വീണ്ടുമിറങ്ങുന്നു. തങ്ങളുടെ രണ്ടാംറൗണ്ട് മല്‍സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ടൂര്‍ണമെന്റിലെ അരങ്ങേറ്റക്കാരായ ജംഷഡ്പൂര്‍ എഫ്‌സിയുമായി ഏറ്റുമുട്ടും. വെള്ളിയാഴ്ച രാത്രി എട്ടിന് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലാണ് മല്‍സരം.

കൊച്ചിയില്‍ നടന്ന ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ജേതാക്കളായ കൊല്‍ക്കത്തയുമായി ഗോള്‍രഹിത സമനിലയേറ്റുവാങ്ങി ആരാധകരുടെ പഴികേട്ട മഞ്ഞപ്പട ഇത്തവണ ഇതിനു പ്രായശ്ചിത്തം ചെയ്യാമെന്ന ആത്മവിശ്വാസത്തിലാണ്. ജംഷഡ്പൂര്‍ എഫ്‌സിയും തങ്ങളുടെ ആദ്യ വിജയം തന്നെയാണ് വെള്ളിയാഴ്ച ലക്ഷ്യമിടുന്നത്. ആദ്യ കളില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡുമായി അവര്‍ സമനില വഴങ്ങുകയായിരുന്നു.

ആദ്യ മല്‍സരത്തില്‍ നിരാശ മാത്രം

ആദ്യ മല്‍സരത്തില്‍ നിരാശ മാത്രം

ശക്തമായ ടീമാണ് ഈ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനുള്ളത്. മുന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് സൂപ്പര്‍ താരം ദിമിതര്‍ ബെര്‍ബറ്റോവ്, ഗോള്‍മെഷീന്‍ ഇയാന്‍ ഹ്യൂം, മലയാളി സ്റ്റാര്‍ പ്ലേമേക്കര്‍ സികെ വിനീത് എന്നിവരെ ഒരുമിച്ച് അണിനിരത്തിയിട്ടും കൊല്‍ക്കത്തയ്‌ക്കെതിരേ മഞ്ഞപ്പടയുടെ പ്രകടനം ശരാശരിയിലൊതുങ്ങി.
പുതിയ കോച്ച് റെനെ മ്യുളെന്‍സ്റ്റീനിനു കീഴില്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ ആദ്യമല്‍സരം കൂടിയായിരുന്നു ഇത്. ആക്രമണാത്മക ശൈലിയാണ് ബ്ലാസ്‌റ്റേഴ്‌സ് ടൂര്‍ണമെന്റില്‍ പിന്തുടരുകയെന്ന് 'വീമ്പിളക്കിയ' മ്യുളെന്‍സ്റ്റീനിന്റെ കുട്ടികള്‍ കൊല്‍ക്കത്തയ്‌ക്കെതിരേ വെറും നനഞ്ഞ പടക്കങ്ങളായി മാറുകയായിരുന്നു.

പിഴച്ചത് എവിടെ ?

പിഴച്ചത് എവിടെ ?

ബ്ലാസ്റ്റേഴ്‌സിനെതിരേ കൊല്‍ക്കത്തയുടെ പ്രകടനം ഉജ്ജ്വലമായിരുന്നു. അറിയപ്പെടുന്ന സൂപ്പര്‍ താരങ്ങളൊന്നും ടീമില്‍ ഇല്ലാതിരുന്നിട്ടും അവര്‍ ഫേവറിറ്റുകളായ ബ്ലാസ്റ്റേഴ്‌സിനെ ശരിക്കും വെള്ളം കുടിപ്പിച്ചു. ഈ മല്‍സരത്തില്‍ പ്രതിരോധ നിരയുടെ പ്രകടനം മാത്രമാണ് ബ്ലാസ്റ്റേഴ്‌സിനു ആശ്വസിക്കാന്‍ വക നല്‍കിയത്. മധ്യനിരയും മുന്നേറ്റനിരയും അമ്പെ പരാജയമായി മാറി. ഗ്രൗണ്ടില്‍ ഉഴറിനടന്ന ബെര്‍ബറ്റോവും ഹ്യൂമും ദുരന്ത നായകരാവുകയും ചെയ്തു. ഒരു മണിക്കൂര്‍ പിന്നിടുമ്പോഴേക്കും ഹ്യൂമിനെ കോച്ച് കളിക്കളത്തില്‍ നിന്നു തിരിച്ചുവിളിക്കുകയും ചെയ്തിരുന്നു. അല്‍പ്പമെങ്കിലും ഗോള്‍ പ്രതീക്ഷ നല്‍കിയത് വിനീതിന്റെ ചില മിന്നല്‍ നീക്കങ്ങളായിരുന്നു.
മധ്യനിരയില്‍ മികച്ചൊരു പ്ലേമേക്കറുടെ അഭാവമാണ് മുഴച്ചുനില്‍ക്കുന്നത്. ഈ റോളിലേക്ക് ഉടനൊരു താരത്തെ കണ്ടുപിടിച്ചില്ലെങ്കില്‍ ബ്ലാസ്റ്റേഴ്‌സിനു മുന്നോട്ടുള്ള യാത്ര ദുഷ്‌കരമാവും.

 ബ്രൗണ്‍ തിരിച്ചെത്തും

ബ്രൗണ്‍ തിരിച്ചെത്തും

ബെര്‍ബറ്റോവിനൊപ്പം നേരത്തേ മാഞ്ചസ്റ്ററില്‍ കളിച്ചിട്ടുള്ള പ്രതിരോധഭടന്‍ വെസ് ബ്രൗണ്‍ ജംഷഡ്പൂരിനെതിരേ ടീമില്‍ തിരിച്ചെത്തുമെന്നാണ് വിവരം. പരിശീലനത്തിനിടെ പരിക്കേറ്റ ബ്രൗണിനെ ഒഴിവാക്കിയാണ് കോച്ച് കൊല്‍ക്കത്തയ്‌ക്കെതിരേ ടീമിനെ പ്രഖ്യാപിച്ചത്. ബ്രൗണ്‍ മടങ്ങിയെത്തിയാല്‍ ബ്ലാസ്റ്റേഴ്‌സിന്റെ പ്രതിരോധം ഒന്നു കൂടി ശക്തമായി മാറും.
4-1-4-1 എന്ന ശൈലിയിലായിരിക്കും ബ്ലാസ്‌റ്റേഴ്‌സ് വെള്ളിയാഴ്ച ഇറങ്ങുകയെന്നാണ് സൂചന. ബ്രൗണ്‍ പ്ലെയിങ് ഇലവനില്‍ എത്തുന്നതൊഴിച്ചാല്‍ ബ്ലാസ്റ്റേഴ്‌സ് ടീമില്‍ കാര്യമായ മാറ്റങ്ങളൊന്നും വരാനിടയില്ല.

കോപ്പലാശാന്റെ ടീം

കോപ്പലാശാന്റെ ടീം

കഴിഞ്ഞ സീസണിലെ ഐഎസ്എല്ലില്‍ ബ്ലാസ്റ്റേഴ്‌സിനെ ഫൈനല്‍ വരെയെത്തിച്ച സ്റ്റീവ് കോപ്പലാണ് ജംഷഡ്പൂര്‍ ടീമിന്റെ പരിശീലകനെന്നത് മല്‍സരത്തിന്റെ ഗ്ലാമര്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. നേരത്തേ ടീമിനായി വിജയത്തിന്റെ തന്ത്രങ്ങളൊരുക്കിയ മലയാളികള്‍ കോപ്പലാശാനെന്നു വിളിച്ച കോപ്പല്‍ ഇത്തവണ മറുതന്ത്രമായിരിക്കും ഒരുക്കുക.
നോര്‍ത്ത് ഈസ്റ്റിനെതിരായ കളിയില്‍ ചുവപ്പ് കാര്‍ഡ് ലഭിച്ചതിനാല്‍ ആന്ദ്രെ ബിക്കലിന്റെ സേവനം ജംഷഡ്പൂര്‍ എഫ്‌സിക്കു ലഭിക്കില്ല. പരമ്പരാഗത ശൈലിയായ 4-3-3 എന്ന ലൈനപ്പായിരിക്കും കോപ്പല്‍ മല്‍സരത്തില്‍ പരീക്ഷിക്കുകയെന്നാണ് സൂചന. ജംഷഡ്പൂര്‍ നിരയില്‍ ഒരു മലയാളി താരം കളിക്കുന്നുണ്ട്. ഡല്‍ഹി ഡൈനാമോസിന്റെ മുന്‍ ഡിഫന്‍ഡര്‍ അനസ് എടത്തൊടികയാണ് ജംഷഡ്പൂരിന്റെ പ്രതിരോധക്കോട്ട കാക്കുന്നത്.

കൊച്ചി ഇളകി മറിയും

കൊച്ചി ഇളകി മറിയും

ഉദ്ഘാടനമല്‍സരത്തില്‍ മഞ്ഞക്കടലില്‍ ഇളകിമറിഞ്ഞ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം വെള്ളിയാഴ്ചയും നിരാശപ്പെടുത്താന്‍ ഇടയില്ല. ഉദ്ഘാടന മല്‍സരത്തില്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും ജംഷഡ്പൂരിനെതിരേ മഞ്ഞപ്പട ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന ആത്മവിശ്വാസത്തിലാണ് ആരാധകര്‍.
ബ്ലാസ്റ്റേഴ്‌സിന്റെ മഞ്ഞപ്പടയെയും സ്റ്റേഡിയത്തില്‍ ആര്‍പ്പുവിളിക്കുന്ന ബ്ലാസ്റ്റേഴ്‌സ് ആരാധകരെയും സ്തബ്ധരാക്കി കോപ്പലാശാനും സംഘവും മടങ്ങുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

Story first published: Thursday, November 23, 2017, 15:24 [IST]
Other articles published on Nov 23, 2017
+ കൂടുതല്‍
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍