മുംബൈ: ഏകദിന ലോകകപ്പിലെ ആവേശ പോരാട്ടങ്ങള്‍ രണ്ടാം വാരം പിന്നിട്ട് മുന്നോട്ട് പോവുകയാണ്. ആദ്യത്തെ മൂന്ന് മത്സരങ്ങളും ജയിച്ചത് ഇന്ത്യയും ന്യൂസീലന്‍ഡും മാത്രമാണ്. മറ്റ് ടീമുകളെല്ലാം ഒരു തവണയെങ്കിലും നിരാശപ്പെട്ടു. അതുകൊണ്ടുതന്നെ സെമി സീറ്റിനായി വാശിയേറിയ പോരാട്ടങ്ങളാണ് ഓരോ ടീമുകളും തമ്മില്‍ നടന്നുകൊണ്ടിരിക്കുന്നത്. പ്രതീക്ഷിച്ച സൂപ്പര്‍ താരങ്ങളിലെ ഒട്ടുമിക്കവരും ഇത്തവണ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്.
ബാബര്‍ ആസമിനെ മാറ്റിനിര്‍ത്തിയാല്‍ മറ്റ് പ്രധാന താരങ്ങളെല്ലാം ഭേദപ്പെട്ട പ്രകടനം തന്നെ ഇത്തവണ കാഴ്ചവെച്ചിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ മികവ് കാട്ടുന്ന താരങ്ങളില്‍ നിന്ന് എടുത്തു പറയാവുന്ന പ്രകടനം കാഴ്ചവെക്കുന്ന ഏഴ് താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം. ഒന്നാമത്തെ താരം പാകിസ്താന്റെ മുഹമ്മദ് റിസ്വാനാണ്. മധ്യനിരയില്‍ തകര്‍പ്പന്‍ പ്രകടനമാണ് റിസ്വാന്‍ കാഴ്ചവെക്കുന്നത്. മൂന്ന് മത്സരത്തിലും മികച്ച പ്രകടനം നടത്താന്‍ മധ്യനിര ബാറ്റ്‌സ്മാനായി.
248 റണ്‍സാണ് റിസ്വാന്‍ ഇതുവരെ നേടിയത്. ശരാശരി 124ന് മുകൡലാണ്. ഇന്ത്യക്കെതിരേ മറ്റ് പാക് താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ 49 റണ്‍സുമായി റിസ്വാന്‍ തിളങ്ങി. സ്ഥിരതയോടെ കളിക്കാന്‍ റിസ്വാന് സാധിക്കുന്നുണ്ട്. വരുന്ന മത്സരങ്ങളിലും പാകിസ്താന്‍ റിസ്വാന്റെ ബാറ്റിങ്ങില്‍ പ്രതീക്ഷവെക്കുന്നു. രണ്ടാമത് രോഹിത് ശര്‍മയാണ്. ഇന്ത്യയുടെ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ഗംഭീര പ്രകടനമാണ് നടത്തുന്നത്. നായകനെന്ന നിലയില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ രോഹിത്തിന് സാധിക്കുന്നു.
പാകിസ്താനെതിരേ 63 പന്തില്‍ 86 റണ്‍സാണ് രോഹിത് നേടിയത്. ഇതില്‍ 6 സിക്‌സും 4 ഫോറും ഉള്‍പ്പെടും. അഫ്ഗാനിസ്ഥാനെതിരേ 84 പന്തില്‍ 131 റണ്‍സും രോഹിത് നേടിയത്. 3 മത്സരത്തില്‍ നിന്ന് 217 റണ്‍സ് ഇതിനോടകം ഹിറ്റ്മാന്‍ നേടിക്കഴിഞ്ഞു. 141.83 സ്‌ട്രൈക്ക് റേറ്റിലാണ് രോഹിത് തിളങ്ങുന്നത്. ഇതേ ഫോം തുടര്‍ന്ന് ഇന്ത്യയെ കിരീടത്തിലേക്കെത്തിക്കാന്‍ രോഹിത്തിന് സാധിക്കുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ജസ്പ്രീത് ബുംറയാണ് മറ്റൊരു താരം. ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ മിന്നും ഫോമിലാണ്. ന്യൂബോളിലടക്കം വിക്കറ്റ് നേടാന്‍ ബുംറക്ക് സാധിക്കുന്നു. 3 മത്സരത്തില്‍ നിന്ന് എട്ട് വിക്കറ്റുകള്‍ ഇതിനോടകം അദ്ദേഹം നേടിക്കഴിഞ്ഞു. ഇതില്‍ അഫ്ഗാനിസ്ഥാനെതിരായ 4 വിക്കറ്റ് പ്രകടനവും ഉള്‍പ്പെടും. പാകിസ്താനെതിരേ 7 ഓവറില്‍ വെറും 19 റണ്‍സാണ് ബുംറ വിട്ടുകൊടുത്തത്. ബുംറ മികച്ച ഫോമില്‍ പന്തെറിയുന്നത് ഇന്ത്യയുടെ കിരീട പ്രതീക്ഷകള്‍ സജീവമാക്കുകയാണ്.
ന്യൂസീലന്‍ഡിന്റെ രചിന്‍ രവീന്ദ്രയാണ് മറ്റൊരാള്‍. ഇന്ത്യന്‍ വംശജനായ താരം ന്യൂസീലന്‍ഡിനായി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെക്കുന്നത്. അപ്രതീക്ഷിതമായി തിളങ്ങിയ താരമാണ് രചിന്‍. ഇംഗ്ലണ്ടിനെതിരേ സെഞ്ച്വറി നേടിയാണ് രചിന്‍ വരവറിയിച്ചത്. 22കാരനായ താരം നെതര്‍ലന്‍ഡ്‌സിനെതിരേ ഫിഫ്റ്റിയും നേടി. സ്പിന്നറെന്ന നിലയിലും ടീമിന് ഉപകാരിയായ രചിന്‍ 3 മത്സരത്തില്‍ നിന്ന് 183 റണ്‍സാണ് അടിച്ചെടുത്തത്. ഓപ്പണറെന്ന നിലയില്‍ കിവീസ് പിന്തുണക്കുന്ന താരം ലോകകപ്പില്‍ ഹീറോയായി ഇതിനോടകം മാറിക്കഴിഞ്ഞു.
പാകിസ്താന്‍ ഓപ്പണര്‍ അബ്ദുല്ല ഷഫീഖിന്റെ പ്രകടനവും എടുത്തു പറയേണ്ടതാണ്. ഫഖര്‍ സമാന് പകരം ഓപ്പണറായെത്തിയ അബ്ദുല്ല ശ്രീലങ്കയ്‌ക്കെതിരേ 113 റണ്‍സുമായി കൈയടി നേടി. ഇന്ത്യക്കെതിരേ പോസിറ്റീവായി തുടങ്ങിയെങ്കിലും വലിയ സ്‌കോറിലേക്കുയരാനായി. 2 മത്സരത്തില്‍ നിന്ന് 133 റണ്‍സാണ് അബ്ദുല്ല നേടിയത്. പാകിസ്താന് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ് അബ്ദുല്ല ഷഫീഖ്.
ശ്രീലങ്കയുടെ ഇടം കൈയന്‍ പേസര്‍ ദില്‍ഷന്‍ മധുശന്‍കയും മികച്ച പ്രകടനം നടത്തുന്നു. ശ്രീലങ്ക കളിച്ച മൂന്ന് മത്സരവും തോറ്റെങ്കിലും മധുശന്‍കയുടെ ബൗളിങ് എടുത്തു പറയേണ്ടതാണ്. 3 മത്സരത്തില്‍ നിന്ന് 7 വിക്കറ്റ് താരം നേടിക്കഴിഞ്ഞു. വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുകാട്ടുന്നതോടൊപ്പം റണ്‍സ് വിട്ടുകൊടുക്കാനും പിശുക്കുകാട്ടുന്നുവെന്നതാണ് എടുത്തു പറയേണ്ടത്.
ന്യൂസീലന്‍ഡിന്റെ സ്പിന്‍ ഓള്‍റൗണ്ടര്‍ മിച്ചല്‍ സാന്റ്‌നറാണ് മറ്റൊരാള്‍. ഒരു അഞ്ച് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ മൂന്ന് മത്സരത്തില്‍ നിന്ന് 8 വിക്കറ്റുകള്‍ താരം വീഴ്ത്തിക്കഴിഞ്ഞു. വരുന്ന മത്സരങ്ങളിലും ന്യൂസീലന്‍ഡിന്റെ വജ്രായുധമാകുന്ന താരമാണ് സാന്റ്‌നര്‍. കറക്കിവീഴ്ത്തുന്ന സ്പിന്നര്‍ക്ക് ഇന്ത്യന്‍ പിച്ചില്‍ കൂടുതല്‍ മികവ് കാട്ടാനാവുമെന്ന കാര്യം ഉറപ്പാണ്.