Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കമോണ്‍ സച്ചിന്‍, കമോണ്‍!

Sachin Tendulkarസച്ചിന്റെ ഓരോ സെഞ്ച്വറിയും നമ്മുടെ ക്രിക്കറ്റിന് ജീവശ്വാസമാണ്. ഓരോ തവണയും ക്രീസിലിറങ്ങുമ്പോള്‍ ജനം ഒരു സെഞ്ച്വറി പ്രതീക്ഷിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റില്‍ തന്റെ മുപ്പത്തി ഒമ്പതാം സെഞ്ച്വറി ആസ്ട്രേലിയ്ക്കെതിരെ കുറിക്കുമ്പോഴും ലിറ്റില്‍ മാസ്റ്റര്‍ രക്ഷിക്കുന്നത് ഇന്ത്യയിലെ ക്രിക്കറ്റിനെത്തന്നെ.

172 പന്തുകളില്‍ നിന്ന് 10 ഫോറുകളും മൂന്ന് സിക്സുമടക്കം 124 റണ്‍സ്. അഡിലെയ്‍‍ഡില്‍ ഇന്ത്യ ഒരു വിജയം സ്വപ്നം കണ്ടുതുടങ്ങുന്നുവെങ്കില്‍ നന്ദി പറയേണ്ടത് സച്ചിന്റെ ബാറ്റിനോടാണ്. ആസ്ട്രേലിയയിലേയ്ക്ക് ഇനിയൊരു പര്യടനത്തിന് താനുണ്ടാവില്ലെന്ന് അദ്ദേഹത്തിനറിയാം. അതുകൊണ്ട് ആ ശേഖരത്തിലെ തിളക്കമേറിയ സെഞ്ച്വറികളിലൊന്നാവും ഇത്.

ദ്രാവിഡിനും ഗാംഗൂലിയ്ക്കും ഒരുപക്ഷേ ഇത് അവസാന പര്യടനമായിരിക്കാം. ഏകദിന ടീമില്‍ തങ്ങള്‍ക്കിടമില്ലെന്ന യാഥാര്‍ത്ഥ്യം അവരുടെ മനോവീര്യം കെടുത്തിയോ എന്നതൊക്കെ തര്‍ക്കിക്കുന്നവര്‍ക്ക് വിട്ടുകൊടുക്കാം.

അഡിലെയ്‍ഡിലെ ക്രീസില്‍ നിന്നും മിന്നുന്ന ഒരു പ്രകടനത്തോടെ വിടവാങ്ങാന്‍ ഇനിയൊരിന്നിംഗ്സിസു കൂടി അവര്‍ക്ക് ബാക്കിയുണ്ട്. എന്നാല്‍ ആ അവസരം ഇന്ത്യയുടെ ബൗളര്‍മാരുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കുന്നു. ഒരു ഫോളോഓണ്‍ യാഥാര്‍ത്ഥ്യമായാല്‍ ദ്രാവിഡിനോടും സൗരവിനോടും സഹതപിക്കുകയല്ലാതെ നമുക്കൊന്നും ചെയ്യാനില്ല.

സച്ചിനിലേയ്ക്ക് മടങ്ങി വരാം. ആ ബാറ്റില്‍ ഇനിയും ഏറെ അങ്കങ്ങള്‍ക്ക് ബാല്യമുണ്ടെന്ന് അഡിലെയിഡിലെ സ്വപ്നസുന്ദരമായ ഇന്നിംഗ്സ് തെളിയിക്കുന്നു. തനിക്കു മാത്രം സാധ്യമായ ഒരു സ്ട്രെയിറ്റ് ഡ്രൈവിലൂടെയാണ് സച്ചിന്‍ തുടങ്ങിയത്. പിന്നെ പിറന്നത്, ആവനാഴിയിലെ ഒരായുധവും തേഞ്ഞില്ലെന്ന് തെളിയിച്ച സുന്ദരന്‍ ഇന്നിംഗ്സ്.

പെര്‍ത്തിലെ മഹാ വിജയം ഭാഗ്യമല്ലെന്ന് തെളിയിക്കാനും പരമ്പര സമനിലയിലാക്കാനും ബാറ്റിംഗ് നിര തിളങ്ങിയേ തീരൂ എന്ന അവസ്ഥയുണ്ടായിരുന്നു ഇന്ത്യയ്ക്ക്. തിരക്കേറിയ തെരുവില്‍ ഇരുകൈയും വിട്ട് സൈക്കിളോടിക്കുന്നതു പോലെ ആപല്‍ക്കരമാണ് സേവാഗിന്റെ ഇന്നിംഗ്സ്. എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും പ്രവചിക്കാന്‍ സാധ്യമല്ല. ഒത്താല്‍ ഒത്തു എന്ന മട്ടില്‍ ബാറ്റു വീശുന്ന സെവാഗ് അര്‍ദ്ധ സെഞ്ച്വറി നേടി തന്നിലെ പ്രതീക്ഷ കാത്തു.

എന്നാല്‍ ദ്രാവിഡും ഗാംഗൂലിയും തീര്‍ത്തും മങ്ങിപ്പോവുകയും ഇര്‍ഫാന്‍ പഠാന്‍ എന്ന തന്ത്രം പിഴയ്ക്കുകയും ചെയ്തപ്പോള്‍ സച്ചിന്‍ ആ പ്രതീക്ഷകളത്രയും തന്റെ ബാറ്റില്‍ കാത്തു നിര്‍ത്തി.

ഒന്നാം ഇന്നിംഗ്സില്‍ ആസ്ട്രേലിയയ്ക്കെതിരെ മുന്നൂറിനപ്പുറമുളള ഒരു സ്കോര്‍ നേടുക എന്നത് ഒട്ടും ചെറുതല്ലാത്ത നേട്ടമാണ്. പ്രത്യേകിച്ചും ആദ്യ തകര്‍ച്ച അതിജീവിച്ചാണ് അത് നേടിയതതെന്ന് മനസിലാകുമ്പോള്‍.

തന്നെ വിമര്‍ശിക്കുന്നവര്‍ക്കും എഴുതിത്തളളുന്നവര്‍ക്കും ഓരോ തവണയും ബാറ്റു കൊണ്ടാണ് സചിന്‍ മറുപടി പറയുന്നത്. ഈ സെഞ്ച്വറിക്കും അങ്ങനെയൊരു മറുപടിയുടെ തിളക്കമുണ്ട്. ടെസ്റ്റ് ക്രിക്കറ്റില്‍ അമ്പതു സെഞ്ച്വറികളെന്ന സ്വപ്നതുല്യമായ നേട്ടത്തിലേയ്ക്ക് കുതിക്കുന്ന സചിന്റെ ചുമലില്‍ തന്നെയാവും, ഇനിയും കുറെക്കാലത്തേയ്ക്ക് ഇന്ത്യയുടെ ക്രിക്കറ്റ് പ്രതീക്ഷകള്‍!

Story first published: Wednesday, December 7, 2011, 14:16 [IST]
Other articles published on Dec 7, 2011
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+