നൈറോബി: ഐസിസി നോക്കൗട്ട് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ശ്രീലങ്കയെ ഒമ്പതു വിക്കറ്റിന് തകര്‍ത്ത് പാകിസ്ഥാന്‍ സെമിഫൈനലില്‍ കടന്നു. ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 45.4 ഓവറില്‍ 194 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടായി പാകിസ്ഥാന്‍ 43.2 ഓവറില്‍ ഒരു വിക്കറ്റു മാത്രം നഷ്ടപ്പെടുത്തി ലക്ഷ്യം കണ്ടു.
പാകിസ്ഥാനു വേണ്ടി ഓപ്പണര്‍ സയീദ് അന്‍വര്‍ 105 റണ്‍ നേടി പുറത്താകാതെ നിന്നു. 12 ഫോറും ഒരു സിക്സും ഉള്‍പ്പെട്ടതായിരുന്നു അന്‍വറിന്റെ ഇന്നിംഗ്സ്. കളി അവസാനിക്കുമ്പോള്‍ 42 റണ്‍സോടെ യൂസഫ് യൂഹാനയായിരുന്നു അന്‍വറിന് കൂട്ട്. 40 റണ്‍സെടുത്ത ഓപ്പണര്‍ ഇമ്രാന്‍ നസീറാണ് പുറത്തായ പാകിസ്ഥാന്‍ ബാറ്റ്സ്മാന്‍.
നേരത്തെ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ സനത് ജയസൂര്യയും (39) റസ്സല്‍ ആര്‍നോള്‍ഡും (38) രമേഷ് കലുവിതരണയും (27) ഒഴിച്ചുള്ള ശ്രീലങ്കന്‍ ബാറ്റ്സ്മാന്മാര്‍ക്കൊന്നും പാകിസ്ഥാന്‍ ബൗളിംഗിനെതിരെ പിടിച്ചു നില്‍ക്കാനായില്ല.
പാകിസ്ഥാന്‍ ഓപ്പണിംഗ് ബൗളര്‍മാരായ വസീം അക്രമും അസ്ഹര്‍ മെഹ്മൂദും ചേര്‍ന്നാണ് ശ്രീലങ്കന്‍ ഇന്നിംഗ്സിന്റെ നട്ടെല്ലൊടിച്ചത്. അക്രം 40 റണ്ണിനും അസ്ഹര്‍ മെഹ്മൂദ് 52 റണ്‍സിനും മൂന്നു വിക്കറ്റു വീതം വീഴ്ത്തി. സ്പിന്നര്‍ സഖ്ലെയിന്‍ മുഷ്താഖ് 30 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി.
ഒക്ടൊബര്‍ 11-ന് ബുധനാഴ്ച നടക്കുന്ന ഒന്നാം സെമിഫൈനലില്‍ പാകിസ്ഥാന്‍ ന്യൂസിലാണ്ട്-സിംബാബ്വെ മത്സരത്തിലെ വിജയിയെ നേരിടും.