നൈറോബി: ഐസിസി നോക്കൗട്ട് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ലോകചാമ്പ്യന്മാരായ ആസ്ത്രേലിയയെ തോല്പിച്ച് ഇന്ത്യ സെമിഫൈനലില്‍ കടന്നു. യുവതാരം യുവ്രാജ് സിംഹിന്റെ കിടയറ്റ ബാറ്റിംഗിന്റെ പിന്‍ലബത്തില്‍ 20 റണ്ണിനാണ് ഇന്ത്യ ലോകചാമ്പ്യന്മാരെ മറികടന്നത്.
ടോസ് നഷ്ടപ്പെട്ടിട്ടും ആദ്യം ബാറ്റ് ചെയ്യാന്‍ അയയ്ക്കപ്പെട്ട ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒമ്പതു വിക്കറ്റിന് 265 റണ്ണെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ആസ്ത്രേലിയ പക്ഷെ46.4 ഓവറില്‍ 245 റണ്ണിന് എല്ലാവരും പുറത്തായി.
കളിയുടെ എല്ലാ മേഖലകളിലും ഇന്ത്യന്‍ യുവനിരയുടെ പ്രഭാവം പ്രകടമായിരുന്നു. ബുദ്ധിപരമായ തീരുമാനമെടുക്കുന്നതിലും ശരീരഭാഷയിലും സൗരവ് ഗാംഗുലി ഒരു യഥാര്‍ത്ഥ വിന്നിംഗ് ക്യാപ്റ്റനായി മാറി. ബാറ്റിംഗില്‍ ഇന്ത്യയുടെ നെടുംതൂണായി നിന്ന യുവ്രാജ് സിംഹ് ഫീല്‍ഡിംഗിലും മറ്റെല്ലാവരെയും കവച്ചുവെച്ചു. ആസ്ത്രേലിയയുടെ ഏകദിന സ്പെഷ്യലിസ്റായ മൈക്കല്‍ ബെവനെ റണ്ണൗട്ടാക്കിയ യുവ്രാജിന്റെ ഫീല്‍ഡിംഗ് പാടവം തന്നെ ഇതിനു തെളിവ്.
ഇന്ത്യ ഉയര്‍ത്തിയ 266 റണ്‍ വെല്ലുവിളി 48 ഓവറില്‍ മറികടക്കേണ്ടിയിരുന്ന ആസ്ത്രേലിയ മികച്ച രീതിയില്‍ തന്നെയാണ് തുടങ്ങിയത്. ഓപ്പണര്‍ മാര്‍ക്ക് വോ ഏഴു റണ്ണേയെടുത്തുള്ളൂവെങ്കിലും മറ്റൊരു ഓപ്പണറായ ആദം ഗില്‍ക്രിസ്റും ഇയാന്‍ ഹാര്‍വിയും ഇന്ത്യന്‍ ബൗളര്‍മാരെയിട്ട് അമ്മാനമാടി. 23 പന്തില്‍ നിന്ന് 33 റണ്ണെടുത്ത ഗില്‍ക്രിസ്റിനെ സഹീര്‍ ഖാന്‍ ഗാംഗുലിയുടെ കൈകളിലെത്തിച്ചു. വെങ്കിടേഷ് പ്രസാദാണ് ഹാര്‍വിയുടെ അന്തകനായത്. 24 പന്തില്‍ നിന്ന് 25 റണ്ണെടുത്ത ഹാര്‍വിയെ യുവ്രാജ് സിംഹ് പിടികൂടുകയായിരുന്നു.
പിന്നീടെത്തിയ റിക്കി പോണ്ടിംഗും (46) മൈക്കല്‍ ബെവനും (42) തോറ്റു പിന്മാറാന്‍ തയ്യാറല്ലായിരുന്നു. മൂന്നു വിക്കറ്റിന് 159 റണ്‍ എന്ന ശക്തമായ നിലയില്‍ നില്‍ക്കുമ്പോഴാണ് പോണ്ടിംഗിനെ ടെണ്ടുല്‍ക്കര്‍ പുറത്താക്കിയത്. നാലു റണ്ണുകള്‍ക്കു ശേഷം മികച്ച ഒരു ത്രോയിലൂടെ ബെവനെ യുവ്രാജ് റണ്ണൗട്ടാക്കുകയും ചെയ്തതോടെ ഇന്ത്യ ജയം മണത്തു തുടങ്ങി. പിന്നീട് വാലറ്റക്കാരനായ ബ്രെറ്റ് ലീ (31)യേ ഇന്ത്യന്‍ വിജയത്തിന് അല്പമെങ്കിലും തടസ്സമായി നിന്നുള്ളൂ.
നേരത്തെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്കുവേണ്ടി ഓപ്പണര്‍മാരായ സൗരവ് ഗാംഗുലിയും സച്ചിന്‍ ടെണ്ടുല്‍ക്കറും ചേര്‍ന്ന് 66 റണ്ണിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. സച്ചിനാണ് (38) ആദ്യം പുറത്തായത്. പിന്നീട് ഗാംഗുലിയും (24) രാഹുല്‍ ദ്രാവിഡും (9) പെട്ടെന്ന് പുറത്തായെങ്കിലും യുവ്രാജ് സിംഹും വിനോദ് കാംബ്ലിയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം തുടങ്ങി. 130-ല്‍ വെച്ച് 29 റണ്ണെടുത്ത കാംബ്ലി പുറത്തായി.
പിന്നീട് റോബിന്‍സിംഹ് (19), അനില്‍ കുംബ്ലെ (12) എന്നിവരുടെ പിന്തുണയോടെ യുവ്രാജ് ഇന്നിംഗ്സ് മുന്നോട്ടു നയിച്ചു. 80 പന്തില്‍ നിന്നും 84 റണ്ണെടുത്ത ആ ബാറ്റില്‍ നിന്നും 12 ഫോറുകളും പിറന്നു. 239-ല്‍ വെച്ച് പുറത്തായെങ്കിലും മികച്ച ഒരു ടോട്ടല്‍ പടുത്തുയര്‍ത്താന്‍ തക്ക അടിത്തറ യുവ്രാജ് പണിതിരുന്നു.
ഒക്ടോബര്‍ 13-ന് നടക്കുന്ന രണ്ടാം സെമിഫൈനലില്‍ ദക്ഷിണാഫ്രിക്ക-ഇംഗ്ലണ്ട് മത്സരത്തിലെ വിജയിയെ ഇന്ത്യ നേരിടും.