
2013ന് ശേഷമുള്ള വളര്‍ച്ച
ഏകദിനത്തില്‍ രോഹിത് ശര്‍മയെ ഓപ്പണറാക്കാനുള്ള എംഎസ് ധോണിയുടെ തീരുമാനമാണ് അദ്ദേഹത്തിന്റെ വിധി മാറ്റിയെഴുതിയത്. മധ്യനിരയില്‍ സ്ഥിരം സ്ഥാനം കണ്ടെത്താതെ പ്രയാസപ്പെട്ട രോഹിത് ഓപ്പണറായതോടെ കളി മാറി. ഇക്കാലയളവില്‍ മൂന്ന് ഏകദിന ഇരട്ട സെഞ്ച്വറിയും നാല് ടി20 സെഞ്ച്വറിയും രോഹിത് സ്വന്തം പേരിലാക്കി. 2019ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യ സെമിയില്‍ പുറത്തായെങ്കിലും അഞ്ച് സെഞ്ച്വറിയുമായി രോഹിത് ശര്‍മ നടത്തിയ ചരിത്ര കുതിപ്പ് അത്രപെട്ടെന്നൊന്നും ആരാധകര്‍ക്ക് മറക്കാന്‍ സാധിക്കുന്നതല്ല.
ഈ പ്രകടനങ്ങള്‍ക്കൊണ്ടെല്ലാം ഇന്ത്യയുടെ നട്ടെല്ലായി രോഹിത് മാറുകയായിരുന്നു. കഴിഞ്ഞ രണ്ടര വര്‍ഷത്തോളമായി വിരാട് കോലിയുടെ ബാറ്റിങ് പ്രകടനത്തിന്റെ ഗ്രാഫ് താഴോട്ട് പോയപ്പോള്‍ രോഹിത് ശര്‍മഗംഭീര പ്രകടനവുമായി ബാറ്റിങ് ഗ്രാഫ് ഉയര്‍ത്തുകയാണ് ചെയ്തത്. കോലിയുടെ അഭാവത്തില്‍ നായകസ്ഥാനം ലഭിച്ചപ്പോഴെല്ലാം മികച്ച പ്രകടനം നടത്തിയതും രോഹിതിനെ വിരാട് കോലിയെ മറികടന്ന് പരിമിത ഓവര്‍ നായകനാവാന്‍ സഹായിച്ചു.

ടെസ്റ്റിലും പൊരുതി നേടിയ സ്ഥാനം
പരിമിത ഓവറില്‍ റെക്കോഡ് പ്രകടനം നടത്തുമ്പോഴും ടെസ്റ്റില്‍ സ്ഥിര സ്ഥാനം രോഹിത്തിന് ലഭിച്ചിരുന്നില്ല. എന്നാല്‍ ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണറെന്ന നിലയിലേക്കും രോഹിത്തിനെ ഇന്ത്യക്ക് പരിഗണിക്കേണ്ടി വന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടത്തിയ ഗംഭീര പ്രകടനത്തോടെ രോഹിത്തിന് ടീമില്‍ സ്ഥാനം ഉറച്ചു. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലുമെല്ലാം ഭേദപ്പെട്ട പ്രകടനം നടത്തിയത് രോഹിത്തിന്റെ ടെസ്റ്റ് കരിയറില്‍ വഴിത്തിരിവായി. ഇതോടെ അജിന്‍ക്യ രഹാനെയെ മറികടന്ന് ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റനായി ഉയരാനും രോഹിത്തിനായി.

മുംബൈ ഇന്ത്യന്‍സ് നായകനായുള്ള പ്രകടനം
മുംബൈ ഇന്ത്യന്‍സ് നായകനെന്ന നിലയിലെ രോഹിത് ശര്‍മയുടെ പ്രകടനം അദ്ദേഹത്തിന്റെ അന്താരാഷ്ട്ര കരിയറിലെ വളര്‍ച്ചക്ക് വളരെയധികം സഹായിച്ചു. മുംബൈയെ അഞ്ച് തവണ ഐപിഎല്‍ കിരീടം ചൂടിച്ചതോടെ രോഹിത് പരിമിത ഓവറിലെ സൂപ്പര്‍ നായക പദവിയിലേക്കുയര്‍ന്നു. ക്യാപ്റ്റനായും ബാറ്റ്‌സ്മാനായും ഒരുപോലെ തിളങ്ങിയതോടെ രോഹിത്തിനെ ഇന്ത്യക്ക് ഒരുപാട് കാലം അവഗണിക്കാനായില്ല. വൈകിയായാലും രോഹിത്തിന് പരിമിത ഓവര്‍ ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയത് അര്‍ഹിച്ച നേട്ടമാണെന്ന് പറയാം.

രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സി റെക്കോഡ്
ഇന്ത്യന്‍ ടീമിനെ 22 ടി20യില്‍ നയിച്ച രോഹിത് 18 മത്സരത്തില്‍ വിജയിപ്പിച്ചപ്പോള്‍ നാല് മത്സരത്തില്‍ തോറ്റു. 81.81 ആണ് അദ്ദേഹത്തിന്റെ വിജയ ശരാശരി. 10 ഏകദിനത്തില്‍ നയിച്ചപ്പോള്‍ എട്ടിലും ടീമിനെ ജയിപ്പിച്ച രോഹിത് രണ്ട് മത്സരത്തില്‍ മാത്രമാണ് തോല്‍വി അറിഞ്ഞത്. 80 ആണ് വിജയ ശരാശരി. 129 ഐപിഎല്ലില്‍ നിന്ന് 75 ജയമാണ് രോഹിത് മുംബൈ ഇന്ത്യന്‍സിന് നേടിക്കൊടുത്തത്. 50 മത്സരം തോറ്റപ്പോള്‍ നാല് മത്സരം ടൈയായി. 59.68 ആണ് അദ്ദേഹത്തിന്റെ വിജയ ശതമാനം.


Click it and Unblock the Notifications
