ഐപിഎല്‍; ടെസ്റ്റ് പിച്ചൊരുക്കി ഉദ്ഘാടനം, വിമര്‍ശിച്ച് ധോണിയും കോലിയും; കലിപ്പടങ്ങാതെ ആരാധകര്‍
ചെന്നൈ: ഐപിഎല്‍ പന്ത്രണ്ടാം സീസണ്‍ ഉദ്ഘാടന മത്സരത്തിനായി ഒരുക്കിയ ചെന്നൈയിലെ ചെപ്പോക്ക് പിച്ചിന് വ്യാപക വിമര്‍ശനം. കുട്ടിക്രിക്കറ്റിന്റെ പ്രധാന ആകര്‍ഷണം തന്നെ വെടിക്കെട്ട് ബാറ്റിങ്ങാണ്. എന്നാല്‍, ടെസ്റ്റിനായി ഒരുക്കുന്ന രീതിയില്‍ സ്ലോ പിച്ചൊരുക്കിയതില്‍ കളിക്കാരും ആരാധകരും നിരാശരാണ്. സ്പിന്നര്‍മാര്‍ക്ക് ആദ്യ ഓവര്‍ മുതല്‍ ടേണും ബൗണ്‍സും ലഭിക്കുന്ന പിച്ച് ഏവരെയും അമ്പരപ്പിക്കുകതന്നെ ചെയ്തു.
ചിരവൈരികളായ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സും ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലുള്ള മത്സരത്തില്‍ വലിയ സ്‌കോര്‍ പിറക്കുമെന്നും അത്യുഗ്രന്‍ പോരാട്ടത്തിനാണ് കാഴ്ചയാകുകയെന്നും പ്രതീക്ഷിച്ച ആരാധകര്‍ക്ക് മത്സരം സമ്മാനിച്ചത് നിരാശമാത്രം. 100 റണ്‍സില്‍ താഴെ മാത്രം പിറന്നൊരു ഉദ്ഘാടന മത്സരം സംഘാടകരെയും സന്തോഷിപ്പിക്കുന്ന കാര്യമല്ല.

പിച്ചിനെ വിമര്‍ശിച്ച് എംഎസ് ധോണി
ടി20 ക്രിക്കറ്റിന് ഇത്തരമൊരു പിച്ചൊരുക്കിയതില്‍ താന്‍ സന്തുഷ്ടനല്ലെന്ന് മത്സരശേഷം സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണി പറഞ്ഞു. ഇതേ പിച്ചില്‍ ആയിരുന്നു തങ്ങള്‍ പരിശീലന മത്സരം കളിച്ചത്. അതില്‍ വലിയ സ്‌കോര്‍ പിറക്കുകയും ചെയ്തു. സാധാരണ രീതിയില്‍ പരിശീലന മത്സരത്തേക്കാള്‍ 30 റണ്‍സെങ്കിലും അധികം പിറക്കേണ്ടതായിരുന്നു. എന്നാല്‍, പിച്ചിന്റെ സ്വഭാവം പൊടുന്നനെ മാറിയത് അമ്പരപ്പിച്ചു. ചെറിയ സ്‌കോര്‍ പിറക്കുന്നത് ഒട്ടും രസകരമായ കാര്യമല്ല. ഭാവിയില്‍ ഇത്തരമൊരു പിച്ച് പ്രതീക്ഷിക്കുന്നില്ലെന്നും ധോണി വ്യക്തമാക്കി.

വിമര്‍ശനവുമായി വിരാട് കോലിയും
ലീഗിന്റെ തുടക്കം നന്നായില്ലെന്നാണ് ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിയുടെയും അഭിപ്രായം. പിച്ച് രണ്ടു ടീമുകളെയും ബുദ്ധിമുട്ടിച്ചു. 110-120 റണ്‍സ് മോശമല്ലാത്ത സ്‌കോര്‍ ആവുമായിരുന്നു. സിഎസ്‌കെ നന്നായി കളിച്ചു. അവര്‍ ജയിക്കുകയും ചെയ്തു. എന്നാല്‍ കുറഞ്ഞസ്‌കോര്‍ ആയിരുന്നിട്ടും തങ്ങളുടെ ടീം കളിച്ച രീതി താന്‍ ഇഷ്ടപ്പെടുന്നുവെന്നും കോലി വ്യക്തമാക്കി.

ചെന്നൈ ബാംഗ്ലൂര്‍ സ്‌കോര്‍
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ആര്‍സിബി സിഎസ്‌കെയുടെ കുത്തിത്തിരിയുന്ന പന്തുകള്‍ക്കു മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. 17.1 ഓവറില്‍ വെറും 70 റണ്‍സിന് ആര്‍സിബിയുടെ ശക്തമായ ബാറ്റിങ് നിര കൂടാരത്തില്‍ തിരിച്ചെത്തി. പാര്‍ഥീവ് പട്ടേല്‍ (29) മാത്രമേ രണ്ടക്കം കടന്നുള്ളൂ. മറുപടിയില്‍ 17.4 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടപ്പെടുത്തിയാണ് സിഎസ്‌കെ ലക്ഷ്യം മറികടന്നത്. 28 റണ്‍സുമായി അമ്പാട്ടി റായുഡു ടോപ്സ്‌കോററായപ്പോള്‍ സുരേഷ് റെയ്ന (19), കേദാര്‍ ജാദവ് (13*) എന്നിവര്‍ ജയം പൂര്‍ത്തിയാക്കി. രണ്ട് ടീമുകള്‍ക്കും ബാറ്റിങ് എളുപ്പമായിരുന്നില്ല. നേരത്തേ മൂന്നു വിക്കറ്റ് വീതമെടുത്ത ഹര്‍ഭജന്‍ സിങും ഇമ്രാന്‍ താഹിറുമാണ് ആര്‍സിബിയുടെ അന്തകരായത്. രണ്ടു വിക്കറ്റെടുത്ത രവീന്ദ്ര ജഡേജയും ഒരു വിക്കറ്റ് വീഴ്ത്തിയ ഡ്വയ്ന്‍ ബ്രാവോയും മികച്ച പിന്തുണ നല്‍കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications