ഐപിഎല്‍: ജയിപ്പിക്കാനായി ജനിച്ചവര്‍... ഫൈനലില്‍ ഇവരാണ് ക്യാപ്റ്റനെങ്കില്‍ കപ്പുറപ്പ്!!

Written By:

മുംബൈ: ഐപിഎല്ലിന്റെ പുതിയൊരു സീസണ്‍ ഏപ്രിലില്‍ ആരംഭിക്കാനിരിക്കെ ക്രിക്കറ്റ് പ്രേമികള്‍ ആവേശത്തിലാണ്. പത്ത് വയസ്സ് പൂര്‍ത്തിയാക്കിയ ഐപിഎല്ലിന്റെ പതിനൊന്നാം എഡിഷനാണ് ഇത്തവണത്തേത്. വിലക്കിനു ശേഷം രണ്ടു മുന്‍ ചാംപ്യന്‍മാരുടെ തിരിച്ചുവ വരിന് സാക്ഷിയാവുന്ന ടൂര്‍ണമെന്റ് കൂടിയാണ് നടക്കാനിരിക്കുന്നത്. രാജസ്ഥാന്‍ റോയല്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സാണ് എന്നിവരാണ് രണ്ടു വര്‍ഷത്തെ വിലക്ക് കഴിഞ്ഞ് മടങ്ങിയെത്തുന്നത്.

കഴിഞ്ഞ പത്ത് സീസണുകളില്‍ കിരീടമുയര്‍ത്താന്‍ ഭാഗ്യം ലഭിച്ചത് ചില ക്യാപ്റ്റന്‍മാര്‍ക്കു മാത്രമാണ്. ആറു പേര്‍ക്കു മാത്രമാണ് ഇതു വരെ ഐപിഎല്ലില്‍ ട്രോഫിയുയര്‍ത്താന്‍ കഴിഞ്ഞത്. ഫൈനലില്‍ ഒരിക്കല്‍പ്പോലും തോറ്റിട്ടില്ലാത്ത അഞ്ചു ക്യാപ്റ്റന്‍മാര്‍ ആരൊക്കെയെന്നു നോക്കാം.

ഷെയ്ന്‍ വോണ്‍

ഷെയ്ന്‍ വോണ്‍

ഓസ്‌ട്രേലിയയുടെ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ നായകത്വത്തില്‍ എല്ലാവരെയും അമ്പരപ്പിച്ചാണ് 2008ലെ പ്രഥമ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍ ജേതാക്കളായത്. രാജസ്ഥാന്റെ ഏക ഐപിഎല്‍ കിരീടനേട്ടവും ഇതു തന്നെയാണ്. രാജസ്ഥാന്‍ കണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റനെന്ന റെക്കോര്‍ഡും വോണിന്റെ പേരിലാണ്. 55 മല്‍സരങ്ങളില്‍ 30ലും ടീമിനെ ജയിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. 55.45 ആണ് ക്യാപ്റ്റനെന്ന നിലയില്‍ വോണിന്റെ വിജയശരാശരി.
പ്രഥമ സീസണില്‍ വോണ്‍ ടീമിനെ മുന്നില്‍ നിന്നു നയിച്ചതോടെയാണ് രാജസ്ഥാന്‍ കിരീടമോഹം യാഥാര്‍ഥ്യമാക്കിയത്. 15 മല്‍സരങ്ങളില്‍ നിന്നും 19 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിരുന്നു.
2008ലെ കിരീടവിജയം മാറ്റിനിര്‍ത്തിയാല്‍ പിന്നീടൊരിക്കലും രാജസ്ഥാന് ഐപിഎല്ലിന്റെ ഫൈനലില്‍ കടക്കാന്‍ കഴിഞ്ഞിട്ടില്ല. ഫൈനലില്‍ തോല്‍ക്കാത്ത രാജസ്ഥാന്റെ ആദ്യ ക്യാപ്റ്റനും ഏക ക്യാപ്റ്റനും അദ്ദേഹം തന്നെയാണ്.

ആദം ഗില്‍ക്രിസ്റ്റ്

ആദം ഗില്‍ക്രിസ്റ്റ്

ഓസ്‌ട്രേലിയയുടെ മറ്റൊരു ഇതിഹാസ താരമായിരുന്ന ആദം ഗില്‍ക്രിസ്റ്റിനും ഐപിഎല്ലില്‍ കിരീടമുയര്‍ത്താന്‍ ഭാഗ്യമുണ്ടായിട്ടുണ്ട്. 2009ല്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെയാണ് ഗില്ലി കിരീടവിജയത്തിലേക്കു നയിച്ചത്. ഡെക്കാന്റെ ഏക ഫൈനലും ഏക കിരീടവും ഇതുതന്നെയാണ്.
ഡെക്കാന് മാത്രം അവകാശപ്പെട്ട മറ്റൊരു നേട്ടം കൂടിയുണ്ട്. തൊട്ടുമുമ്പത്തെ സീസണില്‍ പോയിന്റ് പട്ടികയില്‍ അവസാനസ്ഥാനത്തു ഫിനിഷ് ചെയ്ത ശേഷം അടുത്ത സീസണില്‍ ചാംപ്യന്‍മാരായ ഏക ടീമാണ് ഡെക്കാന്‍. 2008ലെ പ്രഥമ സീസണില്‍ അവസാന സ്ഥാനക്കാരായിരുന്നു അവര്‍.
ഗില്‍ക്രിസ്റ്റിനു കീഴില്‍ ഐപിഎല്ലില്‍ 74 മല്‍സരങ്ങളാണ് ഡെക്കാന്‍ കളിച്ചത്. ഇതില്‍ 35 എണ്ണത്തില്‍ ജയിച്ച ടീം 39 കളികളില്‍ പരാജയപ്പെട്ടു. 47.29 ആണ് അദ്ദേഹത്തിന്റെ വിജയശരാശരി.

 ഗൗതം ഗംഭീര്‍

ഗൗതം ഗംഭീര്‍

ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറും ഐപിഎല്ലില്‍ ഒരിക്കല്‍പ്പോലും ഫൈനലില്‍ തോറ്റിട്ടിലില്ലാത്ത ക്യാപ്റ്റന്‍മാരുടെ കൂട്ടത്തിലുണ്ട്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനൊപ്പമാണ് ഗംഭീര്‍ രണ്ടു തവണ കിരീടം ചൂടിയത്. ടീമിന്റെ മോശം പ്രകടനത്തെ തുടര്‍ന്ന് 2011ലാണ്
ഗംഭീറിനെ ടീമിന്റെ നായകനായി തിരഞ്ഞെടുത്തത്. തൊട്ടടുത്ത സീസണില്‍ അദ്ദേഹം കൊല്‍ക്കത്തയ്ക്കു കന്നിക്കിരീടം നേടിക്കൊടുത്തു. സ്ഥിരതയാര്‍ന്ന ബാറ്റിങിലൂടെ ഗംഭീറാണ് ടീമിന്റെ നട്ടെല്ലായി മാറിയത്.
ഈ കിരീടം കൊണ്ടും ഗംഭീര്‍ അടങ്ങിയിരുന്നില്ല. 2014ല്‍ വീണ്ടുമൊരുക്കല്‍ക്കൂടി അദ്ദേഹം ടീമിനെ ചാംപ്യന്‍പട്ടത്തിലേക്കു നയിച്ചു. എംഎസ് ധോണിയെ കൂടാതെ രണ്ടു തവണ ഐപിഎല്‍ കിരീടം നേടുന്ന ഇന്ത്യന്‍ താരമായി അന്ന് ഗംഭീര്‍ മാറുകയും ചെയ്തിരുന്നു.
2012, 14 എന്നീ രണ്ടു സീസണുകളിലെ ഐപിഎല്ലില്‍ മാത്രമേ കൊല്‍ക്കത്ത കളിച്ചിട്ടുള്ളൂ. രണ്ടിലും ഗംഭീറിന്റെ ക്യാപ്റ്റന്‍സി മികവില്‍ അവര്‍ ജേതാക്കളാവുകയും ചെയ്തു.
കൊല്‍ക്കത്തയെ 123 മല്‍സരങ്ങളില്‍ ഗംഭീര്‍ നയിച്ചിട്ടുണ്ട്. ഇതില്‍ 70ലും കൊല്‍ക്കത്ത വെന്നിക്കൊടി പാറിച്ചു. 52 മല്‍സരങ്ങളില്‍ തോല്‍വിയേറ്റുവാങ്ങിയപ്പോള്‍ ഒന്നില്‍ സമനിലയും വഴങ്ങി.

രോഹിത് ശര്‍മ

രോഹിത് ശര്‍മ

മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ഫൈനലില്‍ വിജയം ശീലമാക്കിയ ക്യാപ്റ്റന്‍മാരുടെ പട്ടികയിലുണ്ട്. മൂന്ന് ഐപിഎല്‍ ട്രോഫികള്‍ ഉയര്‍ത്താന്‍ ഭാഗ്യമുണ്ടായ ഏക ക്യാപ്റ്റനെന്ന റെക്കോര്‍ഡും രോഹിത്തിന്റെ പേരിലാണ്. കൂടാതെ ഏറ്റവുമുയര്‍ന്ന വിജയശരാശരിയും (60.66) അദ്ദേഹത്തിന്റെ പേരിലാണ്.
ഓസീസിന്റെ മുന്‍ ക്യാപ്റ്റനും ഇതിഹാസതാരവുമായ റിക്കി പോണ്ടിങ് സ്ഥാനമൊഴിഞ്ഞതിനെ തുടര്‍ന്ന് 2013ലാണ് മുംബൈയുടെ ക്യാപ്റ്റനായി രോഹിത്തിനെ നിയമിച്ചത്. കന്നി സീസണില്‍ തന്നെ ടീമിലെ ജേതാക്കളാക്കി രോഹിത് തന്റെ ക്യാപ്റ്റന്‍സി മിടുക്ക് തെളിയിച്ചു.
പിന്നീട്, 2015, 17 വര്‍ഷങ്ങളിലും രോഹിത്തിനു കീഴില്‍ മുംബൈ വിജയക്കൊടി നാട്ടി. ഇതുവരെ നാലു ഫൈനലുകളാണ് ഐപിഎല്ലില്‍ മുംബൈ കളിച്ചത്. ഇതില്‍ രോഹിത് നായകനായ മൂന്നിലും ജയിക്കാന്‍ മുംബൈക്കു സാധിച്ചു. മറ്റൊരു ഫൈനലില്‍ ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു ക്യാപ്റ്റന്‍. പക്ഷെ ഫൈനലില്‍ സച്ചിന്റെ മുംബൈക്ക് അടിതെറ്റുകയായിരുന്നു.
രോഹിത്തിനു കീഴില്‍ 75 മല്‍സരങ്ങള്‍ കളിച്ച മുംബൈ 45ലും ജയിച്ചിട്ടുണ്ട്. 29 കളികള്‍ തോറ്റപ്പോള്‍ ഒന്ന് സമനിലയില്‍ പിരിയുകയായിരുന്നു.

ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

ഓസ്‌ട്രേലിയയുടെ വൈസ് ക്യാപ്റ്റനും വെടിക്കെട്ട് ഓപ്പണറുമായ ഡേവിഡ് വാര്‍ണറും ഐപിഎല്‍ ഫൈനലില്‍ തോല്‍വിയറിയാത്ത ക്യാപ്റ്റനാണ്. 2016ലാണ് വാര്‍ണറുടെ നായകത്വത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ചാംപ്യന്‍മാരായത്. തൊട്ടുമുമ്പത്തെ സീസണിലാണ് അദ്ദേഹം ടീമിന്റെ ക്യാപ്റ്റനായി ചുമതലയേറ്റത്. പക്ഷെ ആദ്യ സീസണില്‍ പതറിയ വാര്‍ണര്‍ രണ്ടാം സീസണില്‍ ഇതിന് പ്രായംശ്ചിത്തം ചെയ്തും.
ആരും കിരീട സാധ്യത കല്‍പ്പിക്കാതിരുന്ന ഹൈദരാബാദിനെ 2016ല്‍ വാര്‍ണര്‍ ചാംപ്യന്‍പട്ടത്തിലേക്കു നയിച്ചു. ഐപിഎല്ലില്‍ ഹൈദരാബാദിന്റെ ആദ്യ ഫൈനലും ഏക ഫൈനലും ഇതു തന്നെയായിരുന്നു. ക്യാപ്റ്റനെന്ന നിലയില്‍ വാര്‍ണറുടെ വിജയശരാശരിയും മികച്ചതാണ്. ടീമിനെ 47 മല്‍സരങ്ങളില്‍ നയിച്ച വാര്‍ണര്‍ 26ലും ടീമിനു ജയം നേടിക്കൊടുത്തു. 21 കളികളിലാണ് ഹൈദരാബാദ് പരാജയമേറ്റുവാങ്ങിയത്.

ഐപിഎല്ലിലൂടെ ഇവര്‍ സ്വപ്‌നം കാണുന്നത് ഇന്ത്യന്‍ ജഴ്‌സി... ആരാവും ഭാഗ്യവാന്‍?

ഐപിഎല്‍: ഷമിയില്ലെങ്കില്‍ പിന്നെയാര്? ഡല്‍ഹിക്ക് ആശയക്കുഴപ്പം... ഊഴം കാത്ത് ഇവര്‍

Story first published: Monday, March 12, 2018, 15:02 [IST]
Other articles published on Mar 12, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍