ആരൊക്കെ എന്തൊക്കെ പറഞ്ഞാലും, താൻ കൽപ്പിക്കുന്നതിൽ നിന്നും ഒരടി മുന്നോട്ടോ പിന്നോട്ടോ പോകാൻ തയ്യാറല്ലാത്ത, കർക്കശക്കാരായ, എന്നാൽ, വലിയ എന്റർടൈനേഴ്സായ ഒരുപാട് താരങ്ങൾ ഇന്ത്യൻ ക്രിക്കറ്റിൽ പിറന്നിട്ടുണ്ട്. അതിൽ ഏറ്റവും മുൻ പന്തിയിൽ നമുക്ക് വിരേന്ദർ സെവാഗ് എന്ന ഇതിഹാസത്തെ പ്രതഷ്ഠിക്കാം. അതിനെ സാധൂകരിക്കുന്ന, എന്നാൽ വളരെ രസകരമായ ഒരു സംഭവം നമുക്കൊന്ന് നോക്കിയാലോ..
വർഷം 2002. വേദി, ലോഡ്സ് ക്രിക്കറ്റ് ഗ്രൗണ്ട്. കാണികളാൽ തിങ്ങി നിറഞ്ഞ ഇന്ത്യ ഇംഗ്ലണ്ട് നാറ്റ്‍വെസ്റ്റ് ഫൈനൽ. ക്രിക്കറ്റിന്റെ മക്കയിലെ ആകാശം തെളിഞ്ഞുനിൽക്കുകയാണ്. പക്ഷേ ഇന്ത്യൻ ഡ്രസിങ് റൂമിൽ ശ്വാസം മുട്ടിക്കുന്ന നിശബ്ദത. സ്കോർബോർഡിൽ തെളിയുന്നത് 325 എന്ന കൂറ്റൻ ലക്ഷ്യം. അക്കാലത്ത് അതൊരു അസാധ്യമായ സ്വപ്നമായിരുന്നു. ഇംഗ്ലണ്ട് ടീമിനോട് ഇന്ത്യൻ നായകൻ സൗരവ് ഗാംഗുലി വലിയ വെല്ലുവിളികൾ നടത്തിയ സമയം കൂടിയായിരുന്നതിനാൽ, ഇന്ത്യയെ സംബന്ധിച്ചെടുത്തോളം സാഹചര്യം കുറച്ചുകൂടി കലുഷിതമായിരുന്നു.

എങ്കിലും മികച്ച തുടക്കമായിരുന്നു ഇന്ത്യയ്ക്കായി സൗരവ് ഗാംഗുലിയും വിരേന്ദർ സെവാഗും ചേർന്ന് നടത്തിയത്. 12 ഓവർ പിന്നിടുമ്പോൾ 325 എന്ന ടോട്ടൽ അസാധ്യമല്ല എന്ന് ഇരുവരും ചേർന്ന് തെളിയിച്ച് കഴിഞ്ഞിരുന്നു. അങ്ങനെയിരിക്കെയാണ് അത് സംഭവിക്കുന്നത്.
ആദ്യ പന്ത്: ക്ലാസിക് തുടക്കം
റോണി ഇറാനിയായിരുന്നു പതിമൂന്നാം ഓവർ പന്തെറിയാൻ എത്തുന്നത്. ആദ്യ പന്ത് ഒരു ഡോട്ടായിരുന്നു. എന്നാൽ രണ്ടാം പന്ത് സെവാഗ് ഒരു തകർപ്പൻ 'കോപ്പി ബുക്ക്' ഷോട്ടിലൂടെ അതിർത്തി കടത്തി. ഗാംഗുലി ഓടിയെത്തി. സെവാഗിന്റെ തോളിൽ തട്ടി അദ്ദേഹം പറഞ്ഞു: "നല്ല തുടക്കം വീരു, ഈ ഓവറിൽ 4 റൺസ് കിട്ടിക്കഴിഞ്ഞു. ഇനി റിസ്ക് വേണ്ട, ബാക്കി പന്തുകൾ നമുക്ക് സാവധാനം കളിക്കാം." സെവാഗ് പതിവുപോലെ നിഷ്കളങ്കമായി തലയാട്ടി. 'ശരി ദാദാ' എന്നതായിരുന്നു ആ ഭാവം.
രണ്ടാം പന്ത്: വാക്കും പ്രവൃത്തിയും തമ്മിലുള്ള ദൂരം
അടുത്ത പന്തും സെവാഗ് ഡോട്ട് ബോളാക്കി. എന്നാൽ, ഗാംഗുലിയുടെ ഉപദേശം സെവാഗിന്റെ കാതുകളിൽ മുഴങ്ങിയിട്ടില്ല എന്ന രീതിയിൽ പന്ത് ആകാശത്തിലൂടെ പറന്നു. ഒരു റിസ്‌കി ഷോട്ട്! പന്ത് വീണ്ടും ബൗണ്ടറിയിൽ. ഗാംഗുലിക്ക് ദേഷ്യം വന്നില്ല, പക്ഷേ ആശങ്കയുണ്ടായിരുന്നു. അദ്ദേഹം വീണ്ടും അടുത്തുചെന്നു: "നോക്കൂ വീരു, വിക്കറ്റ് കളയരുത്. നമുക്ക് ഈ ഓവറിൽ ഇത്രയും റൺസ് മതി. ബാക്കി 4 പന്തുകളിൽ 4 സിംഗിൾ എടുത്താൽ മതി." ഗാംഗുലി ഒരു കണക്കുപുസ്തകം തന്നെ സെവാഗിന് മുന്നിൽ തുറന്നു.
മൂന്നാം പന്ത്: റിവേഴ്സ് സ്വീപ്പിലെ വിപ്ലവം
ക്യാപ്റ്റന്റെ കണക്കുകൾക്കും തന്ത്രങ്ങൾക്കും സെവാഗിന്റെ ബാറ്റിൽ സ്ഥാനമില്ലായിരുന്നു. മൂന്നാം പന്ത് ഒരു അപ്രതീക്ഷിത 'റിവേഴ്സ് സ്വീപ്പ്'! ലോർഡ്‌സിലെ കാണികൾ അമ്പരന്നു. ഗാംഗുലി പിച്ചിൽ തറഞ്ഞുനിന്നുപോയി. ദേഷ്യം കൊണ്ട് അദ്ദേഹം സെവാഗിനെ ഒന്ന് തുറിച്ചുനോക്കി. കൈപ്പത്തി കാണിച്ചുകൊണ്ട് "അടങ്ങ് മനുഷ്യാ" എന്ന് ആംഗ്യം കാണിച്ചു. പക്ഷേ സെവാഗ് അപ്പോഴും തന്റെ ഹെൽമെറ്റിനുള്ളിൽ ചിരിക്കുകയായിരുന്നു.
നാലാം പന്ത്: കീഴടങ്ങുന്ന നായകൻ
നാലാം പന്തും അതേ റിവേഴ്സ് സ്വീപ്പ്! പന്ത് വീണ്ടും അതിർത്തിയിലേക്ക്. ഇത്തവണ ഗാംഗുലി ഒന്നും പറഞ്ഞില്ല. അദ്ദേഹം സെവാഗിന്റെ അടുത്തേക്ക് നടന്നതുമില്ല. താൻ വാർത്തെടുത്ത തന്ത്രങ്ങളേക്കാൾ വലുതാണ് ഈ മനുഷ്യന്റെ ആത്മവിശ്വാസമെന്ന് 'ദാദ' തിരിച്ചറിഞ്ഞ നിമിഷം. ആ നാല് പന്തുകൾ ഇന്ത്യക്ക് നൽകിയത് വെറും 16 റൺസല്ല, ചരിത്ര ജയം അകലെയല്ല എന്ന തോന്നൽ കൂടിയായിരുന്നു.
എങ്കിലും മത്സരം ആവേശക്കൊടുമുടിയിലേക്ക് പ്രവേശിച്ചു. 45 റൺസെടുത്ത് സെവാഗും 60 റണ്ണെടുത്ത് ഗാംഗുലിയും കൂടാരം കയറിയപ്പോൾ ഇന്ത്യൻ ബാറ്റിങ് നിര വിറച്ചു. എന്നാൽ അവിടെ രണ്ട് യുവ താരങ്ങൾ ക്രിക്കറ്റ് ചരിത്രത്തിലേക്ക് നടന്നുകയറി. യുവരാജ് സിങ്ങും മുഹമ്മദ് കൈഫും. അസാധ്യമെന്ന് തോന്നിയ ടാർഗറ്റ് ഇന്ത്യ നേടിയെടുത്തു. സൗരവ് ഗാംഗുലി ലോഡ്സ് ബാൽക്കണിയിൽ ജേഴ്സിയൂരി വിജയാഹ്ലാദം നടത്തിയ ആ മനോഹര ദൃശ്യങ്ങൾ അവിടെ അടയാളപ്പെട്ടു.