മഴ നിയമം ഇന്ത്യയെ ചതിച്ചു, ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചു വിക്കറ്റ് ജയം

Written By:
Dhavan

ജൊഹാന്നസ്ബര്‍ഗ്: ഇന്ത്യക്കെതിരേയുള്ള നാലാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് അഞ്ചു വിക്കറ്റ് ജയം. മഴമൂലം ഡക്ക് വര്‍ത്ത് ലൂയിസ് നിയമമനുസരിച്ച് ദക്ഷിണാഫ്രിക്കയുടെ വിജയലക്ഷ്യം 28 ഓവറില്‍ 202 എന്ന് നിജപ്പെടുത്തിയിരുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സാണ് നേടിയിരുന്നത്. ഐഡന്‍ മക്രാം(22), ഹാഷിം അംല(33), ജെപു ഡുമിനി(10), ഡിവില്ലിയേഴ്‌സ് (26), ഡേവിഡ് മില്ലര്‍(39), ഫെലുക്യാവോ (23 നോട്ടൗട്ട്), ഹെന്റിച്ച് ക്ലാസന്‍(43 നോട്ടൗട്ട്) എന്നിങ്ങനെയായിരുന്നു ആതിഥേയരുടെ സ്‌കോറിങ്. 25.3 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക വിജയലക്ഷ്യം മറികടന്ന് 207ല്‍ ക്ലോസ് ചെയ്തു.

അഞ്ച് റണ്‍സെടുത്ത രോഹിത് ശര്‍മയെ റബാദ സ്വന്തം ബോളില്‍ പിടികൂടുകയായിരുന്നു. 75 റണ്‍സെടുത്ത നായകന്‍ വിരാട് കോലിയെ ക്രിസ് മോറിസിന്റെ ബോളില്‍ മില്ലര്‍ കൈക്കുള്ളിലാക്കി. 11 ഫോറുകളും രണ്ടു സിക്‌സറുമായി 109 റണ്‍സിലെത്തി നില്‍ക്കെ ശിഖര്‍ ധവാന്റെ വിക്കറ്റ് മോര്‍ണെ മോര്‍ക്ക് ഡിവില്ലിയേഴ്‌സിന് സമ്മാനിച്ചു. അജിങ്ക രഹാനെയ്ക്ക് കാര്യമായ വെല്ലുവിളി ഉയര്‍ത്താനായില്ല. എട്ടു റണ്‍സിലെത്തി നില്‍ക്കെ എന്‍ഗിഡിയുടെ ബോളില്‍ റബാദയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി.

ശ്രേയസ് അയ്യര്‍18ഉം ഹര്‍ദിക് പാണ്ഡ്യ 9ഉം റണ്‍സെടുത്തു. അവസാന ഓവറിലെ മൂന്നാമത്തെ ബോളില്‍ ഭുവനേശ്വര്‍ കുമാറിനെ ജെപി ഡുമിനിയെ റണ്ണൗട്ടാക്കി. ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ 42 റണ്‍സെടുത്ത് എംഎസ് ധോണിയും റണ്ണൊന്നുമെടുക്കാതെ കുല്‍ദീപ് യാദവും ക്രീസിലുണ്ടായിരുന്നു.

മൂന്നാം ഏകദിനത്തില്‍ കളിച്ച ടീമില്‍ മാറ്റങ്ങളുമായാണ് ഇരുടീമുകളും ഇറങ്ങിയത്.
പരിക്കേറ്റ കേദാര്‍ ജാദവിനു പകരം ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടീമിലെത്തി. മറുഭാഗത്ത് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടു മാറ്റങ്ങളുണ്ടായിരുന്നു. പരിക്ക് മൂലം ആദ്യ മൂന്ന് ഏകദിനങ്ങളും നഷ്ടമായ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്സിന്റെ മടങ്ങിവരനാണ് ശ്രദ്ധേയം. ഖായ സോന്‍ഡോയ്ക്ക് പകരമാണ് എബിഡിയെത്തിയത്. സ്പിന്നര്‍ ഇമ്രാന്‍ താഹിറിനു പകരം പേസര്‍ മോര്‍നെ മോര്‍ക്കലും പ്ലെയിങ് ഇലവനിലെത്തി.

ചരിത്രത്തിലാദ്യമായി ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഏകദിന പരമ്പര സ്വന്തമാക്കുന്ന ഇന്ത്യന്‍ ടീമെന്ന റെക്കോര്‍ഡ് തേടിയാണ് വിരാട് കോലിയും സംഘവും ഇറങ്ങിയത്. പരമ്പരയിലെ ആദ്യ മൂന്നു കളികളിലും ജയിച്ച ഇന്ത്യക്ക് നാലാം ഏകദിനത്തില്‍ ജയിത്താല്‍ ആറു മല്‍സരങ്ങളുടെ പരമ്പരയില്‍ 4-0ന്റെ അപരാജിത ലീഡ് സ്വന്തമാക്കാമായിരുന്നു. ഇപ്പോള്‍ 3-1 എന്ന സ്കോറിലായി. ആദ്യ മൂന്നു കളികളിലും ആധികാരിക ജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. മൂന്നു കളികളില്‍ രണ്ടിലും നായകന്‍ വിരാട് കോലി ഇന്ത്യക്കു വേണ്ടി സെഞ്ച്വറിയോടെ കസറിയിരുന്നു.

Story first published: Saturday, February 10, 2018, 16:18 [IST]
Other articles published on Feb 10, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍