മുംബൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര വരാനിരിക്കെ ഇന്ത്യക്ക് മുന്നില്‍ വലിയ ആശങ്കകളാണുള്ളത്. പാകിസ്താനെ അവരുടെ മടയില്‍ വൈറ്റ് വാഷ് ചെയ്‌തെത്തുന്ന ബംഗ്ലാദേശിനെ ഇന്ത്യക്ക് ഭയക്കാതെ മറ്റ് വഴികളില്ല. ദുര്‍ബലരാണെങ്കിലും ഇന്ത്യയെ നാണംകെടുത്താനുള്ള കഴിവ് ബംഗ്ലാദേശിനുണ്ട്. ശ്രീലങ്കയോട് ഏകദിന പരമ്പര തോറ്റ ക്ഷീണത്തിലുള്ള ഇന്ത്യക്ക് ബംഗ്ലാദേശ് പരമ്പര വലിയ വെല്ലുവിളി തന്നെയാണ്. ബംഗ്ലാദേശ് പരമ്പരക്ക് മുമ്പ് ദുലീപ് ട്രോഫി കളിപ്പിച്ച് താരങ്ങളെ ഫോമിലേക്കെത്തിക്കാനായിരുന്നു ഇന്ത്യയുടെ പദ്ധതി.
നിരാശപ്പെടുത്തി ജയ്‌സ്വാള്‍
ഇതിന്റെ ഭാഗമായി ഇന്ത്യന്‍ താരങ്ങള്‍ ദുലീപ് ട്രോഫിയില്‍ കളിക്കുകയാണ്. എന്നാല്‍ ഇപ്പോള്‍ ഇന്ത്യയുടെ ആശങ്ക കൂടുതല്‍ ഉയര്‍ത്തുന്ന പ്രകടനമാണ് താരങ്ങള്‍ കാഴ്ചവെക്കുന്നതെന്ന് പറയാം. ഇന്ത്യയുടെ പ്രധാന താരങ്ങളെല്ലാം ദുലീപ് ട്രോഫിയില്‍ നിരാശപ്പെടുത്തുന്നത് ടീം മാനേജ്‌മെന്റിന് ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്ന് പറയാം. ഇന്ത്യ വലിയ പ്രതീക്ഷവെക്കുന്ന ഓപ്പണറാണ് യശ്വസി ജയ്‌സ്വാള്‍. ഓസ്‌ട്രേലിയ പരമ്പരയില്‍ ജയ്‌സ്വാളിനെ ഓപ്പണര്‍ റോളിലേക്ക് പരിഗണിക്കാനുള്ള സാധ്യതയടക്കമുണ്ട്.
അതിന് വരാനിരിക്കുന്ന മത്സരങ്ങളിലെ താരത്തിന്റെ പ്രകടനം വളരെ നിര്‍ണ്ണായകമാണ്. കടന്നാക്രമിച്ച് കളിക്കുന്ന ഓപ്പണര്‍ക്ക് ദുലീപ് ട്രോഫിയില്‍ പ്രതീക്ഷിച്ച മികവ് കാട്ടാന്‍ സാധിച്ചിട്ടില്ല. ഇന്ത്യ ബി താരമായ ജയ്‌സ്വാള്‍ ഇന്ത്യ എ ടീമിനെതിരേ 59 പന്ത് നേരിട്ട് 30 റണ്‍സാണ് നേടിയത്. ആറ് ബൗണ്ടറികളാണ് ജയ്‌സ്വാള്‍ നേടിയത്. യുവതാരത്തില്‍ നിന്ന് പ്രതീക്ഷിച്ച പ്രകടനമല്ല ഉണ്ടായത്. ഇന്ത്യ മധ്യനിരയിലേക്ക് പരിഗണിക്കുന്ന താരമാണ് സര്‍ഫറാസ് ഖാന്‍.
സര്‍ഫറാസിനും എളുപ്പമല്ല
ഇതിനോടകം ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച സര്‍ഫറാസ് വെടിക്കെട്ട് പ്രകടനത്തോടെ സെലക്ടര്‍മാരുടെ ശ്രദ്ധ നേടുകയും ചെയ്തു. എന്നാല്‍ ഇന്ത്യ ബി താരമായ സര്‍ഫറാസ് ഖാന്‍ 9 റണ്‍സാണ് നേടിയത്. 35 പന്ത് നേരിട്ട് 1 ഫോറടക്കമാണ് സര്‍ഫറാസിന്റെ നേട്ടം. നിലവില്‍ മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. എക്‌സ് ഫാക്ടര്‍ താരമായ റിഷഭ് പന്തിന്റെ പ്രകടനം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണെന്ന് പറയാം.
റിഷഭിന് വിശ്രമം വേണോ?
പരിക്കിന് ശേഷം വലിയ ഇടവേളയെടുത്ത റിഷഭ് പന്ത് ശക്തമായി തിരിച്ചെത്തിയെങ്കിലും പഴയ പ്രകടന മികവ് ഇപ്പോഴില്ലെന്ന് പറയാം. ഇന്ത്യ ബിക്കൊപ്പമുള്ള റിഷഭ് 7 റണ്‍സാണ് ആകെ നേടിയത്.

റിഷഭിന് കൂടുതല്‍ വിശ്രമം നല്‍കി ടെസ്റ്റിലേക്ക് മാത്രമായി പരിഗണിക്കണമോയെന്ന ചോദ്യവും ഈ സമയത്ത് പ്രസക്തമാണ്. ഇന്ത്യ സ്പിന്‍ ഓള്‍റൗണ്ടറായി പരിഗണിക്കപ്പെടുന്ന വാഷിങ്ടണ്‍ സുന്ദര്‍ ഇന്ത്യ ബി ടീമിനൊപ്പം ഡെക്കിനാണ് പുറത്തായത്. ശുബ്മാന്‍ ഗില്ലും നിരാശപ്പെടുത്തി.
ശ്രേയസിനും മുട്ടിടിക്കുന്നു
ചേതേശ്വര്‍ പുജാര കളിച്ചിരുന്ന മൂന്നാം നമ്പറില്‍ ശുബ്മാന്‍ ഗില്ലിനെ വളര്‍ത്താനാണ് ടീം മാനേജ്‌മെന്റ് പദ്ധതിയിടുന്നത്. എന്നാല്‍ പ്രതീക്ഷക്കൊത്തുയരാന്‍ ഗില്ലിന് സാധിച്ചില്ല. എ ടീം നായകനായ ഗില്‍ 25 റണ്‍സില്‍ പുറത്തായി. ഇന്ത്യയുടെ മധ്യനിര താരമായ ശ്രേയസ് അയ്യര്‍ക്കും വലിയൊരു പ്രകടനത്തിലേക്ക് ഉയരാനായില്ല. ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡി ടീമിന്റെ നായകനാണ് ശ്രേയസ്. ആദ്യ ഇന്നിങ്‌സില്‍ 9 റണ്‍സെടുത്ത് പുറത്തായ ശ്രേയസ് രണ്ടാം ഇന്നിങ്‌സില്‍ 54 റണ്‍സെടുത്തു.
മുഷീര്‍ ഖാന്‍ സൂപ്പര്‍
എന്നാല്‍ വലിയ സ്‌കോറിലേക്ക് ഇത് മാറ്റാനായില്ല. റുതുരാജ് ഗെയ്ക് വാദിന് ഇന്ത്യന്‍ ടീമിലേക്കെത്താന്‍ ദുലീപ് ട്രോഫിയിലെ പ്രകടനം നിര്‍ണ്ണായകമായിരുന്നു. എന്നാല്‍ അഞ്ച് റണ്‍സാണ് ഇന്ത്യ സി ടീം താരമായ റുതുരാജ് നേടിയത്. സായ് സുദര്‍ശന്‍ 7 റണ്‍സെടുത്തും പുറത്തായി. എന്നാല്‍ മുഷീര്‍ ഖാനെപ്പോലെ യുവതാരങ്ങള്‍ വളര്‍ന്നുവരുന്നത് പ്രതീക്ഷ നല്‍കുന്നു. അക്ഷര്‍ പട്ടേലും ഓള്‍റൗണ്ട് പ്രകടനത്തോടെ കൈയടി നേടി. ഇതെല്ലാം ഇന്ത്യക്ക് കരുത്ത് പകരുന്ന പ്രകടനങ്ങളാണ്.