ദില്ലി: ബെനഫിറ്റ് മാച്ചുകള്‍ക്കായി 77-ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ തന്നെ വന്നുകണ്ട ഒരു വാതുവെപ്പുകാരന്‍ വാതുവെപ്പില്‍ ഉള്‍പ്പെട്ട ചില ഇന്ത്യന്‍ കളിക്കാരുടെ പേരുവിവരം വെളിപ്പെടുത്തിയതായി മുന്‍ പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞു.
മറ്റൊരു അന്താരാഷ്ട്ര ടീമിലെ ചില കളിക്കാരുടെ പേരുവിവരം അയാള്‍ വെളിപ്പെടുത്തി. അവര്‍ കളിയുറപ്പിക്കലിലും പ്രധാനപങ്കു വഹിക്കുന്നുണ്ടെന്ന് അയാള്‍ അറിയിച്ചു. എനിക്ക് അയാള്‍ ഒന്നും വാഗ്ദാനം നല്‍കിയിട്ടില്ല. അയാള്‍ മിക്കപ്പോഴും ക്രിക്കറ്റ് മൈതാനപരിസരത്തുണ്ടാകും. അയാളെ ഞാന്‍ തീരെ ഗൗരവമായെടുത്തിരുന്നില്ല ഒരു ക്രിക്കറ്റ് പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇമ്രാന്‍ പറഞ്ഞു.
ഏകദിനക്രിക്കറ്റ് മത്സരങ്ങളുടെ ആധിക്യവും തെളിവുകള്‍ കണ്ടെത്താനുള്ള പ്രയാസവുമാണ് വാതുവെപ്പും കോഴവിവാദവും വര്‍ധിക്കാന്‍ കാരണമായെന്ന് അദ്ദേഹം പറഞ്ഞു. വ്യക്തമായ തെളിവുകള്‍ ലഭിക്കുമ്പോള്‍ അതതു ക്രിക്കറ്റ് ബോര്‍ഡുകള്‍ കളിക്കാര്‍ക്കെതിരെ കര്‍ശനമായ നടപടി എടുക്കാത്തതിനെ ഇമ്രാന്‍ വിമര്‍ശിച്ചു.
തങ്ങളുടെ താല്‍പര്യം സംരക്ഷിക്കാനാണ് ക്രിക്കറ്റ് ബോര്‍ഡുകള്‍ ആഗ്രഹിക്കുന്നതെന്ന് ആസ്ത്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പ്രവൃത്തി തെളിയിക്കുന്നു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ തീര്‍ത്തും നിഷ്പ്രഭമാണ്, ഷെയ്ന്‍ വോണും മാര്‍ക്ക് വോയും വാതുവെപ്പുകാരില്‍ നിന്ന് പണം വാങ്ങി വിവരം ചോര്‍ത്തിക്കൊടുത്തുവെന്ന് സമ്മതിച്ചപ്പോള്‍ ആസ്ത്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് എടുത്ത തീരുമാനത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.
ദക്ഷിണാഫ്രിക്ക ഈ വിവാദത്തില്‍ ഉള്‍പ്പെടുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്ന് ഇമ്രാന്‍ പറഞ്ഞു. ഇപ്പോള്‍ ഒരു കാര്യത്തിലും എനിക്കുറപ്പില്ല. ചിലപ്പോള്‍ ടെസ്റ് മത്സരങ്ങള്‍ വരെ വാതുവെപ്പില്‍ ഉള്‍പ്പെട്ടിരിക്കാം.
പ്രശ്നത്തിന് പരിഹാരമാകണമെങ്കില്‍ സത്യസന്ധമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ക്രിക്കറ്റുമായി ബന്ധപ്പെട്ട ആളുകളും ക്രിക്കറ്റ് ബോര്‍ഡുകളും തങ്ങളുടെ പ്രവൃത്തിയില്‍ മാന്യത ഉള്ളവരാകണം. ഏതു കളിക്കാരന്‍ പണം വാങ്ങിയാലും ശിക്ഷിക്കപ്പെടണം. വാതുവെപ്പുകാരനുമായി സംസാരിക്കുന്നതുപോലും കുറ്റകരമായി കാണണം. ക്രിക്കറ്റിന്റെ മാന്യത തിരിച്ചു ലഭിക്കുന്നത് ഈ പ്രശ്നത്തെ ഐ.സി.സി. എങ്ങനെ സമീപിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും, ഇമ്രാന്‍ പറഞ്ഞു.