പോര്‍ച്ചുഗല്‍: ഇംഗ്ലണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ 6-5ന് തോല്പിച്ച് പോര്‍ച്ചുഗല്‍ യൂറോകപ്പില്‍ സെമിയില്‍ കടന്നു.
യൂറോകപ്പ് ക്വാര്‍ട്ടറില്‍ ബെക്കാം എന്ന വിഗ്രഹം ഇംഗ്ലണ്ടിലെ ആരാധകര്‍ക്ക് മുന്നില്‍ ഉടഞ്ഞുവീഴുകയായിരുന്നു. ആദ്യപെനാല്‍റ്റി ബാറിനു മുകളിലൂടെ പായിച്ച് ബെക്കാം പാഴാക്കിയതായിരുന്നു മനോവീര്യം ചോര്‍ത്തി ഇംഗ്ലണ്ടിനെ തോല്‍വിയിലേക്ക് നയിച്ചത്. യൂറോ കപ്പില്‍ നേരത്തെയും ബെക്കാം പെനാല്‍റ്റി പാഴാക്കിയിരുന്നു.
കരുത്തരുടെ പോരാട്ടം തന്നെയായിരുന്നു യൂറോകപ്പിലെ ആദ്യ ക്വാര്‍ട്ടര്‍ഫൈനലില്‍ നടന്നത്. എക്സ്ട്രാ ടൈം കളിച്ചിട്ടും 2-2 സമനില പാലിച്ചതിനെ തുടര്‍ന്നാണ് പെനാല്‍റ്റി വേണ്ടിവന്നത്.
കളിയുടെ മൂന്നാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ മൈക്കേല്‍ ഒവന്‍ നേടിയ ഗോള്‍ പോര്‍ച്ചുഗലിനെ ഞെട്ടിച്ചു. ഇംഗ്ലീഷ് ആരാധകരുടെ ആഹ്ലാദാരവങ്ങള്‍ സ്റേഡിയത്തെ വിഴുങ്ങുകയായിരുന്നു. പിന്നീട് സമനിലയ്ക്ക് വേണ്ടി പോരാടുന്ന പോര്‍ച്ചുഗലിനെയാണ് കണ്ടത്. ഒടുവില്‍ 80 മിനിറ്റിന് ശേഷം അവര്‍ ലക്ഷ്യം കണ്ടെത്തി. സിമാവോയുടെ ഒരു ക്രോസ് ഹെല്‍ഡര്‍ പോസ്റിഗ ഹെഡ് ചെയ്ത് ഇംഗ്ലണ്ടിന്റെ വലയിലെത്തിച്ചു. ഇതിനിടെ ഇംഗ്ലണ്ടിന് ഒരു വലിയ തിരിച്ചടി കിട്ടി. അവരുടെ ഗോള്‍ പ്രതീക്ഷയായിരുന്ന വെയ്ന്‍ റൂണി കളിയുടെ 27ാം മിനിറ്റില്‍ പരിക്കേറ്റ് കളിക്കളത്തിന് പുറത്തുപോകേണ്ടിവന്നു. പോര്‍ച്ചുഗല്‍ ഡിഫന്‍ഡര്‍ ജോര്‍ഗെ ആന്‍ദ്രാദെയുടെ ചവിട്ടേറ്റ് റൂണിയുടെ കണങ്കാല്‍ തിരിയുകയായിരുന്നു.
എക്സ്ട്രാ ടൈമില്‍ ഇരുഗോള്‍ മുഖത്തേയ്ക്കുമുള്ള ആക്രമണങ്ങളാണ് കണ്ടത്. 79ാം മിനിറ്റില്‍ പകരക്കാരനായി ഇറങ്ങിയ റൂയി കോസ്റ കളിയുടെ 110ാം മിനിറ്റില്‍ ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. 25 മീറ്റര്‍ അകലെ നിന്നുള്ളറൂയി കോസ്റയുടെ തകര്‍പ്പന്‍ അടി തടുക്കാന്‍ ഇംഗ്ലണ്ട് ഗോളി ഡേവിഡ് ജെയിംസിന് ആയില്ല. ഇതോടെ പോര്‍ച്ചുഗല്‍ കളി ജയിക്കുമെന്ന് എല്ലാവരും കരുതിയിരുന്നതാണ്. അപ്പോഴാണ് അഞ്ചു മിനിറ്റ് കഴിഞ്ഞപ്പോഴേയ്ക്കും ഇംഗ്ലണ്ടിന്റെ ഫ്രാങ്ക് ലമ്പാര്‍ഡ് സമനില ഗോള്‍ കണ്ടെത്തിയത്. ഇത് പെനാല്‍റ്റി ഷൂട്ടൗട്ടിന് കളമൊരുക്കി.
ആദ്യ പെനാല്‍റ്റി ബെക്കാം പാഴാക്കി. ഇതിന് പകരമായി പോര്‍ച്ചുഗലിന്റെ റൂയി കോസ്റയും തന്റെ പെനാല്‍റ്റി കിക്ക് പാഴാക്കി. പോര്‍ച്ചുഗല്‍ ഗോളി റിക്കാര്‍ഡോ ഇംഗ്ലണ്ടിന്റെ ഡാരിയസ് വസ്സെലിന്റെ പെനാല്‍റ്റി തടുത്തിട്ടതോടെയാണ് പോര്‍ച്ചുഗല്‍ വിജയം ഉറപ്പിച്ചത്.