വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയും സംഘവും ഓര്‍മ്മിപ്പിക്കുന്നത്.........

By Staff

Mahendra Sing Dhoniമുംബെ : ആരവങ്ങളോടെ ആര്‍പ്പുവിളികളോടെ ഇന്ത്യയിലെ ജനങ്ങള്‍ മഹേന്ദ്ര സിംഗ് ധോണിയെയും സംഘത്തെയും വരവേല്‍ക്കുന്നു. വെസ്റ്റിന്‍ഡീസില്‍ വച്ച് ഉടഞ്ഞു തകര്‍ന്ന ഇന്ത്യയുടെ ക്രിക്കറ്റ് ആഭിജാത്യം ധോണിയും സംഘവും മാറ്റിപ്പണിതുവെന്ന് മാധ്യമങ്ങള്‍ ആര്‍പ്പുവിളിക്കുന്നു.

കൂര്‍ത്ത നഖങ്ങളില്‍ കരാറുകള്‍ കൊരുത്ത് പരസ്യക്കഴുകന്മാര്‍ താരങ്ങള്‍ക്കു ചുറ്റും വട്ടമിട്ടു പറക്കുന്നു. ഉന്മത്തരായ ക്രിക്കറ്റ് പ്രേമികളുടെ ലഹരിക്ക് കൊഴുപ്പേകാന്‍ വൈന്‍ഷോപ്പുകളിലെ ചുവരലമാരകള്‍ ഒഴിഞ്ഞു കൊടുക്കുന്നു.

നിരത്തുകളില്‍ പതാകകള്‍ ഇനിയും പറന്നു തീര്‍ന്നിട്ടില്ല. ചായക്കടകളില്‍, ഹോട്ടലുകളില്‍, മുറുക്കാന്‍ കടകളില്‍, പാര്‍ക്കിലും ബീച്ചിലും ഓഫീസിലും പരസ്പരം കാണുന്നവരോട് ധോണിയുടെ ചങ്കൂറ്റത്തെക്കുറിച്ച്, മിസ്ബായുടെ നിര്‍ഭാഗ്യത്തെക്കുറിച്ച്, ലോകത്തിന്റെ ഏതുമൂലയിലുമെന്ന പോലെ വാണ്‍ഡറേഴ്സ് സ്റ്റേഡിയത്തിന്റെ കോണില്‍ ശ്രീശാന്തിന്റെ രൂപത്തില്‍ നിന്ന മലയാളി സാന്നിദ്ധ്യത്തെക്കുറിച്ച് പറഞ്ഞിട്ടും പറഞ്ഞിട്ടും തീരുന്നില്ല ആരാധകര്‍ക്ക്.

ബോര്‍ഡും പരസ്യഭീമന്മാരും കളിക്കാരുടെ മേല്‍ കോരിയൊഴിക്കുന്ന കോടികള്‍ക്കു മീതെ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും ലക്ഷങ്ങള്‍ ദാനം നല്‍കുന്ന ഭരണാധികാരികളും ഇരുപതോവര്‍ രതിമൂര്‍ച്ഛയിലെ ആനന്ദസ്ഖലനത്തില്‍ ഉത്സാഹത്തോടെ പങ്കു ചേരുന്നു.

വെസ്റ്റിന്‍ഡീസിലെ ലോകകപ്പില്‍ ഇന്ത്യയുടെ ക്രിക്കറ്റ് പെരുമയെ ബംഗ്ലാദേശും ശ്രീലങ്കയും ചവിട്ടിക്കൂട്ടി പുറത്തെറിഞ്ഞ കാഴ്ച ഹൃദയം തകരുന്ന വേദനയോടെ ഏറ്റുവാങ്ങിയ ആരാധകര്‍ പതിയെ ക്രിക്കറ്റിനോട് പുറം തിരിഞ്ഞു നില്‍ക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്. ട്വെന്റി ട്വെന്റിയ്ക്കു തൊട്ടുമുമ്പ് ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റ് ഏകദിന പരമ്പരകള്‍ കാണാന്‍ ടിവിയ്ക്കു മുന്നില്‍ ആള്‍ക്കൂട്ടത്തെ കണ്ടതേയില്ല.

ടിവി വാര്‍ത്തയില്‍ നിന്നോ അല്ലെങ്കില്‍ തൊട്ടടുത്ത ദിവസത്തെ പത്രത്തില്‍ നിന്നോ അറിയേണ്ട ഒരു സാധാരണ വാര്‍ത്തയുടെ നിലവാരത്തിലേയ്ക്ക് ഇന്ത്യാക്കാര്‍ തങ്ങളുടെ ക്രിക്കറ്റ് ഭ്രാന്തിന്റെ രസനിരപ്പ് താഴ്ത്തിവച്ചു.

താങ്ങാവുന്നതിലും വലിയ ആഘാതമാണ് ഈ നിസംഗത പരസ്യത്തമ്പുരാക്കന്മാരിലേല്‍പ്പിച്ചത്. ക്രിക്കറ്റ് താരങ്ങള്‍ പ്രത്യക്ഷപ്പെടുന്ന പരസ്യത്തിനു മീതെ ജനം കാര്‍ക്കിച്ചു തുപ്പുമെന്ന അവസ്ഥയെ എന്തുവില കൊടുത്തും മറികടക്കണമായിരുന്നു ക്രിക്കറ്റിന്റെ രാഷ്ട്രീയാധികാരികള്‍ക്ക്.

ആ ലക്ഷ്യമാണ് ട്വെന്റി ട്വെന്റി ലോകകപ്പ് വിജയം നേടിത്തരുന്നത്. വിട്ടകന്ന ജ്വരം തിരികെയെത്തിയിരിക്കുന്നു. എന്‍ഡിറ്റിവിയെയും സിഎന്‍എന്നിനെയും പോലുളള വാര്‍ത്താ ചാനലുകളടക്കം കഴിഞ്ഞ എത്രയോ നാളുകളായി ഭഗീരഥപ്രയത്നത്തിലായിരുന്നു, ഈ മോഹന സുന്ദര നിമിഷങ്ങള്‍ സാര്‍ത്ഥകമാക്കാന്‍.

ടോക് ഷോകള്‍, ക്രിക്കറ്റ് പണ്ഡിറ്റുകളെ ന്യൂസ് റൂമില്‍ കൊണ്ടിരുത്തി നടത്തിയ നെടുങ്കന്‍ വിശകലനങ്ങള്‍, വാര്‍ത്തയിലും വാര്‍ത്താധിഷ്ഠിത പരിപാടികളിലും ക്രിക്കറ്റിനെ നിറച്ചു നിര്‍ത്തി അക്ഷരാര്‍ത്ഥത്തില്‍ കൂട്ടിക്കൊടുപ്പാണ് ദേശീയ മാധ്യമങ്ങളടക്കം കഴിഞ്ഞ കുറേ മാസങ്ങളായി നിര്‍വഹിച്ചത്. നൂറുകോടി ജനതയുടെ ചോരയില്‍ ക്രിക്കറ്റ് ഉന്മാദം തിരികെ നിറച്ചാല്‍ ഉദ്ധരിക്കുന്ന പരസ്യവിപണിയുടെ കാന്തികശക്തിയെ പ്രണോയ് റോയിക്കോ രാജ് ദീപ് സര്‍ദേശായിക്കോ അതിജീവിക്കാനാകുമോ?

സച്ചിനും ദ്രാവിഡും സൗരവും മങ്ങിപ്പോയെങ്കിലെന്ത്? ധോണിയും യുവരാജും ജോഗീന്ദറും ഇര്‍ഫാന്‍ പഠാനും എന്തിന് ശ്രീശാന്തുവരെ ഉയര്‍ത്തെണീറ്റിരിക്കുന്നു. പഴയവര്‍ ഇറങ്ങുമ്പോള്‍ പുതിയ ബ്രാന്‍ഡ് അംബാസഡര്‍മാരുടെ താരോദയം. വിപണിയില്‍ ഉണര്‍വ്വ്.

പുതിയ തമ്പുരാക്കന്മാരുടെ അപദാനങ്ങള്‍ വാഴ്ത്തുന്ന കാച്ച് വേര്‍ഡുകള്‍ക്കും സ്ലോഗനുകള്‍ക്കും വേണ്ടി പരസ്യക്കമ്പനികളിലെ കോപ്പി റൈറ്റര്‍മാര്‍ക്ക് തലപുകയ്ക്കാം. ഉല്‍പന്നങ്ങളുടെ മഹത്വത്തില്‍ കളിക്കാരന്റെ ഇമേജ് ലയിച്ചു ചേരുന്ന മുഹൂര്‍ത്തങ്ങള്‍ സ്റ്റോറിബോര്‍ഡുകളില്‍ തെളിഞ്ഞു വരും.

ഉന്മാദം വിതച്ച് ആഗ്രഹിച്ചത് കൊയ്യാന്‍ പാകത്തിന് രണ്ടു പരമ്പരകളും ഇതാ കൈയെത്തും ദൂരത്ത്. ആസ്ട്രേലിയയും പാകിസ്താനും തമ്മില്‍ നടക്കുന്ന ക്രിക്കറ്റ് പരമ്പരകള്‍ക്ക് സ്വപ്നതുല്യമായ കളമൊരുക്കമാണ് ലഭിച്ചിരിക്കുന്നത്. രോഗി ഇച്ഛിച്ഛതും വൈദ്യന്‍ കല്‍പിച്ചതും ക്രിക്കറ്റാകുന്ന സമ്മോഹന മുഹൂര്‍ത്തം.

ചത്തു മണ്ണടിഞ്ഞുവെന്ന് കരുതിയ ഒരു കളിയെ ജീവശ്വാസം നല്‍കി ഉയിര്‍ത്തെഴുനേല്‍പ്പിച്ച ധോണിയും സംഘവും അഭിനന്ദനമര്‍ഹിക്കുന്നുവെന്ന കാര്യത്തില്‍ ആര്‍ക്കുണ്ട് സംശയം?

Story first published: Wednesday, December 7, 2011, 14:15 [IST]
Other articles published on Dec 7, 2011
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X