പഞ്ചാബ് കിംഗ്‌സിന്റെ ഐപിഎൽ 2026 സീസൺ അങ്ങേയറ്റം ദയനീയമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. ആർസിബിക്കെതിരായ മത്സരത്തിലും തോറ്റതോടെ ടീമിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ ഇനി വെറും സാങ്കേതികം മാത്രമായി ഒതുങ്ങുകയാണ്. മത്സരത്തിലെ പാളിച്ചകൾക്ക് പിന്നാലെ നായകൻ ശ്രേയസ് അയ്യറുടെ ക്യാപ്റ്റൻസിക്കെതിരെ കടുത്ത അതൃപ്തിയുമായി ഉടമ പ്രീതി സിന്റ തന്നെ നേരിട്ട് രംഗത്തെത്തി.
മത്സരശേഷം ഡ്രെസ്സിംഗ് റൂമിലേക്ക് മടങ്ങും മുൻപ് പ്രീതി സിന്റ ശ്രേയസ് അയ്യറുമായി നടത്തിയ ഗൗരവമേറിയ ചർച്ചയുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ കടുത്ത ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.

നായകന്റെ പരാജയവും ടീമിന്റെ തകർച്ചയും
ശ്രേയസ് അയ്യറുടെ നായകത്വത്തിന് കീഴിൽ പഞ്ചാബ് നേരിടുന്ന പ്രധാന വെല്ലുവിളികൾ ആരാധകരും മാനേജ്‌മെന്റും ഒരുപോലെ ചൂണ്ടിക്കാണിക്കുന്നുണ്ട്:
മുന്നിൽ നിന്ന് നയിക്കാൻ കഴിയുന്നില്ല: മുൻനിര വിക്കറ്റുകൾ നേരത്തെ വീഴുമ്പോൾ ഉത്തരവാദിത്തത്തോടെ ബാറ്റ് വീശി ടീമിനെ രക്ഷിക്കാൻ നായകൻ ശ്രേയസിന് ഈ സീസണിൽ ഒട്ടും സാധിക്കുന്നില്ല.
ബൗളിംഗ് തന്ത്രങ്ങളിലെ പാളിച്ച: പഞ്ചാബ് ക്യാപ്റ്റൻ എന്ന നിലയിൽ ബൗളർമാരെ കൃത്യമായി ഉപയോഗിക്കാൻ അയ്യർക്ക് കഴിയുന്നില്ല. ഇതിന്റെ ഫലമായി മിക്ക മത്സരങ്ങളിലും 200 മുതൽ 250-ലധികം റൺസ് വരെയാണ് പഞ്ചാബ് ബൗളർമാർ വഴങ്ങിക്കൂട്ടുന്നത്.
വമ്പൻ സ്കോറുകൾ പ്രതിരോധിക്കുന്നതിൽ പരാജയം: 200-ലധികം റൺസ് ബോർഡിൽ പടുത്തുയർത്തിയാൽ പോലും അത് പ്രതിരോധിക്കാൻ അയ്യറുടെ തന്ത്രങ്ങൾക്ക് സാധിക്കുന്നില്ല. പലപ്പോഴും മികച്ച സ്കോറുകൾ നേടിയിട്ടും കളി കൈവിട്ടുപോകുന്ന അവസ്ഥയാണ് പഞ്ചാബിൽ കാണുന്നത്.
തുടക്കത്തിലെ ആവേശം എങ്ങോ പോയി മറഞ്ഞു!
സീസണിന്റെ തുടക്കത്തിൽ മികച്ച മൊമെന്റം ഉണ്ടായിരുന്ന പഞ്ചാബ്, പെട്ടെന്നാണ് തുടർച്ചയായ 6 മത്സരങ്ങൾ തോറ്റ് പോയിന്റ് പട്ടികയിൽ താഴേക്ക് പതിച്ചത്. നേരത്തെ മുൻ ഇന്ത്യൻ താരം സുബ്രഹ്മണ്യം ബദരീനാഥ് പഞ്ചാബ് താരങ്ങളുടെ മോശം ഫീൽഡിംഗിനെയും സമ്മർദ്ദം കൈകാര്യം ചെയ്യാനുള്ള പരാജയത്തെയും കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. കോച്ച് റിക്കി പോണ്ടിംഗിന്റെ തന്ത്രങ്ങൾക്കും ടീമിനെ വിജയവഴിയിൽ തിരിച്ചെത്തിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ, ക്യാപ്റ്റൻസിയിൽ അടിയന്തര മാറ്റം വേണമെന്ന ആവശ്യം ശക്തമാവുകയാണ്.
ഇന്നലെ നടന്ന ആർസിബിക്കെതിരായ മത്സരത്തിൽ തോൽവി ഉറപ്പിച്ച് ബാറ്റ് വീശുന്നത് പോലെയായിരുന്നു പഞ്ചാബ് ബാറ്റർമാരുടെ ബോഡി ലാങ്ക്വേജ്. വൈസ് ക്യാപ്റ്റൻ ശശാങ്ക് സിങ് മാത്രമാണ് ബേധപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. അദ്ദേഹത്തിന്റെ അർധ സെഞ്ച്വറിക്കും പഞ്ചാബിനെ ജയത്തിലേക്ക് പിടിച്ച് കയറ്റാൻ സാധിച്ചില്ല. ഇതോടെ തുർച്ചയായ ആറാം തോൽവിയാണ് പഞ്ചാബ് ഏറ്റുവാങ്ങിയത്. ഐപിഎല്ലിന്റെ ഫസ്റ്റ് ഹാഫിൽ ഒന്നാം സ്ഥാനം ആർക്കും വിട്ടുകൊടുക്കില്ല എന്ന പോരാട്ട വീര്യത്തോടെ ഉറച്ചുനിന്ന പഞ്ചാബ് ഇപ്പോൾ നാലാം സ്ഥാനം പോലും തുലാസിലാണ് എന്ന രീതിയിലാണ് മുന്നേറുന്നത്. ഇന്ന് ചെന്നൈ സൂപ്പർ കിങ്സ് സൺറൈസേഴ്സിനെ പരാജയപ്പെടുത്തുകയാണെങ്കിൽ അവർക്ക് നാലാം സ്ഥാനവും നഷ്ടമാകും.