വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കട്ടക്കില്‍ 'കട്ടയ്ക്ക്' കളിച്ച് കോലി — ഇന്ത്യയ്ക്ക് ജയം, പരമ്പര

കട്ടക്ക്: വെസ്റ്റ് ഇന്‍ഡീസിന് എതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് നാലു വിക്കറ്റ് ജയം. വിന്‍ഡീസ് ഉയര്‍ത്തിയ 316 റണ്‍സ് വിജയലക്ഷ്യം എട്ടു പന്തുകള്‍ ബാക്കി നില്‍ക്കെ ഇന്ത്യ മറികടന്നു. 81 പന്തില്‍ 85 റണ്‍സെടുത്ത നായകന്‍ വിരാട് കോലിയാണ് ഇന്ത്യയെ വിജയതീരമണച്ചത്. ജയത്തോടെ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര 2-1 എന്ന നിലയില്‍ കോലിപ്പട സ്വന്തമാക്കി.

തകർപ്പൻ ബാറ്റിങ്

പാതിവഴിയില്‍ ശ്രേയസ് അയ്യറും (7) റിഷഭ് പന്തും (7) കേദാര്‍ ജാദവും (9) പെട്ടെന്നു മടങ്ങിയത് ഇന്ത്യയെ പ്രതിരോധത്തിലാക്കിയെങ്കിലും കോലി – ജഡേജ സഖ്യം ടീമിനെ കൈപ്പിടിച്ചുയര്‍ത്തുന്നത് ആരാധകർ കണ്ടു. 30 പന്തില്‍ 39 റണ്‍സാണ് ജഡേജയുടെ സമ്പാദ്യം. ഇതേസമയം, 47 ആം ഓവറില്‍ കോലി പുറത്തായി; വിന്‍ഡീസിന്റെ ജയപ്രതീക്ഷകള്‍ ഉണര്‍ന്നതും ഈ അവസരത്തില്‍ത്തന്നെ. പക്ഷെ ജഡേജയ്‌ക്കൊപ്പം ആത്മവിശ്വാസത്തോടെ ശ്രാദ്ധുൽ താക്കൂർ ബാറ്റുവീശിയതോടെ ഇന്ത്യ അനായാസം ജയിച്ചു കയറി. നേരിട്ട ആറു പന്തിൽ ഒരു സിക്സും രണ്ടു ഫോറുമടക്കം 17 റൺസാണ് താക്കൂർ അടിച്ചെടുത്തത്.

ഹിറ്റ്മാൻ

ഒന്നാം വിക്കറ്റിൽ കെഎൽ രാഹുലും രോഹിത് ശർമ്മയും പടുത്തുയർത്തിയ 122 റൺസ് കൂട്ടുകെട്ടാണ് ഇന്ത്യയ്ക്ക് ആദ്യം മേൽക്കൈ സമ്മാനിച്ചത്. മറുപുറത്തോ കളിയുടെ 22 ആം ഓവർ വരെ കാത്തിരിക്കേണ്ടി വന്നു വെസ്റ്റ് ഇൻഡീസിന് ആദ്യ വിക്കറ്റു വീഴ്ത്താൻ. ജേസൺ ഹോൾഡറിന്റെ പന്തിൽ ഷായി ഹോപ്പിന് ക്യാച്ച് നൽകിയാണ് രോഹിത് മടങ്ങിയത്. ഒരു സിക്സും എട്ടു ഫോറുമടക്കം 63 പന്തിൽ 63 റൺസെടുത്തു ഹിറ്റ്മാൻ.

ഓപ്പണറായി കെൽ രാഹുൽ

ഓപ്പണറാവാൻ എന്തുകൊണ്ടും യോഗ്യനാണെന്ന് ഇന്നത്തെ മത്സരത്തിൽ കെഎൽ രാഹുൽ ഒരിക്കൽക്കൂടി തെളിയിച്ചു. 89 പന്തിൽ 77 റൺസ് കുറിച്ചാണ് രാഹുൽ തിരിച്ചു കയറിയത്. ഒരു സിക്സും എട്ടു ഫോറും താരത്തിന്റെ ഇന്നിങ്സിൽ കാണാം. വിൻഡീസ് നിരയിൽ കീമോ പോളാണ് ഇന്ത്യയുടെ മൂന്നു വിക്കറ്റുകൾ പിടിച്ചെടുത്തത്. ഷെൽഡൺ കോട്രൽ, ജേസൺ ഹോൾഡർ, അൽസാരി ജോസഫ് എന്നിവർക്ക് ഓരോ വിക്കറ്റുകൾ വീതമുണ്ട്.

ടോസ് ഇന്ത്യയ്ക്ക്

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇൻഡീസ് നിശ്ചിത 50 ഓവറിൽ അഞ്ചിന് 315 റൺസ് സ്കോർബോർഡിൽ രേഖപ്പെടുത്തുകയായിരുന്നു. അവസാന ഓവറുകളിൽ നിക്കോളാസ് പൂരനും കീറോൺ പൊള്ളാർഡും ആഞ്ഞുവീശിയതോടെയാണ് വിൻഡീസ് 300 കടന്നത്. പറഞ്ഞുവരുമ്പോൾ 45 ആം ഓവർ വരെ ഇന്ത്യയുടെ നിയന്ത്രണത്തിലായിരുന്നു കളി.

വിൻഡീസ് ബാറ്റിങ്

വിൻഡീസ് ബാറ്റ്സ്മാന്മാരെ വരിഞ്ഞുമുറുക്കാൻ ഇന്ത്യൻ ബൗളര്‍മാര്‍ക്കായി. ഈ അവസരത്തിൽ നാലിന് 238 റൺസെടുത്ത നിലയിൽ പരുങ്ങി നിൽക്കുകയായിരുന്നു സന്ദർശക ടീം. എന്നാൽ അവസാന അഞ്ചോവറിൽ ചിത്രം മാറി. നവ്ദീപ് സെയ്നിയും മുഹമ്മദ് ഷമിയും ശ്രാദ്ധുൽ താക്കൂറും കണക്കിന് അടി വാങ്ങി.

64 പന്തിൽ 89 റൺസാണ് പൂരന്റെ സംഭാവന. മൂന്നു സിക്സും പത്തു ഫോറും താരത്തിന്റെ ബാറ്റിൽ നിന്നും പിറന്നു. ഒരുഭാഗത്ത് നിക്കോളാസ് പൂരൻ തകർത്താടിയപ്പോൾ സംയമനം പാലിക്കുന്ന പൊള്ളാർഡിനെയാണ് ആരാധകർ കണ്ടത്.

ഇന്ത്യൻ ബൌളിങ്

എന്നാൽ 48 ആം ഓവറിൽ പൂരനെ ശ്രാദ്ധുൽ താക്കൂർ പുറത്താക്കിയതോടെ പൊള്ളാർഡ് ഗിയർ മാറ്റി. 51 പന്തിൽ പുറത്താവാതെ 74 റൺസാണ് പൊള്ളാർഡ് കുറിച്ചത്. ഏഴു സിക്സും മൂന്നു ഫോറും പൊള്ളാർഡിന്റെ ഇന്നിങ്സിൽപ്പെടും.

കളിയുടെ തുടക്കത്തിൽ എവിൻ ലൂയിസും ഷായി ഹോപ്പും സാവധാനമാണ് സ്കോർബോർഡ് ചലിപ്പിച്ചത്. തുടക്കത്തിലെ വിക്കറ്റു കളയാതിരിക്കാൻ ഇരുവരും ശ്രദ്ധിച്ചു. 15 ആം ഓവറിലാണ് വിൻഡീസ് ഇന്നിങ്സിലെ ആദ്യ വിക്കറ്റു വീഴുന്നത്. 50 പന്തിൽ 21 റൺസെടുത്ത എവിൻ ലൂയിസിനെ ജഡേജ മടക്കി. ഒന്നാം വിക്കറ്റിൽ 57 റൺസാണ് സന്ദർശകർ തുന്നിച്ചേർത്തത്.

ഡെത്ത് ഓവർ പ്രശ്നം

ശേഷമെത്തിയ റോസ്റ്റൺ ചേസും സ്കോർ ചെയ്യാൻ തിടുക്കം കാട്ടിയില്ല. മറുഭാഗത്ത് അർധ സെഞ്വറിക്ക് എട്ടു റൺസ് അകലെ വെച്ച് ഹോപ്പിന് വിക്കറ്റ് നഷ്ടമായി. മുഹമ്മദ് ഷമിയുടെ പന്തിൽ ക്ലീൻ ബോൾഡാവുകയായിരുന്നു ഹോപ്പ്. പതിവുപോലെ കാമിയോ റോളിലാണ് ഹെറ്റ്മയർ തിളങ്ങിയത്. രണ്ടു സിക്സും രണ്ടു ഫോറുമടക്കം അതിവേഗം 37 റൺസ് അടിച്ച ഹെറ്റ്മയർ വിൻഡീസ് സ്കോറിങ് ചടുലമാക്കി. നവ്ദീപ് സെയ്നിയാണ് ഹെറ്റ്മയറുടെ ഇന്നിങ്സിന് അന്ത്യമിട്ടത്. 32 ആം ഓവറിൽ റോസ്റ്റൺ ചേസ് (48 പന്തിൽ 38 റൺസ്) കൂടാരം കയറിയതിന് പിന്നാലെ പൊള്ളാർഡും പൂരനും ക്രീസിൽ ഒന്നിച്ചു. മത്സരത്തിൽ വിൻഡീസിന് വഴിത്തിരിവായതും ഈ കൂട്ടുകെട്ടു തന്നെ.

സെയ്നിക്ക് രണ്ടു വിക്കറ്റ്

അവസാന ഓവറുകളിൽ നിറംമങ്ങിയതൊഴിച്ചാൽ മികച്ച പ്രകടനമാണ് നവ്ദീപ് സെയ്നി ഇന്ത്യയ്ക്കായി പുറത്തെടുത്തത്. രണ്ടു വിക്കറ്റുകളുണ്ട് സെയ്നിയുടെ പേരിൽ. പക്ഷെ ഡെത്ത് ഓവറുകളിൽ ബൂംറയുടെ അഭാവം പരിഹരിക്കാൻ ഇന്ത്യയ്ക്ക് ഇപ്പോഴും കഴിയുന്നില്ല. മുഹമ്മദ് ഷമി, ശ്രാദ്ധുൽ താക്കൂർ, രവീന്ദ്ര ജഡേജ എന്നിവർക്ക് ഓരോ വിക്കറ്റ് വീതമുണ്ട്.

Story first published: Sunday, December 22, 2019, 22:15 [IST]
Other articles published on Dec 22, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X