
അവസാന ഓവറുകളില്‍ പാക് ബൗളര്‍മാര്‍ കളി മറന്നതും നിര്‍ണ്ണായക സമയത്ത് ഹസന്‍ അലി മാത്യു വേഡിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയതുമെല്ലാം തോല്‍വിക്ക് കാരണമായി പറയാം. പാകിസ്താന്റെ തോല്‍വിക്ക് പിന്നാലെ ടീമിനെതിരെയും താരങ്ങള്‍ക്കെതിരേയും വലിയ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.വ്യക്തിപരമായിത്തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഹസന്‍ അലിയെയാണ് ആരാധകര്‍ വേട്ടയാടിയത്. അദ്ദേഹത്തിന്റെ ഇന്ത്യക്കാരിയായ ഭാര്യക്കുവേണ്ടി ഒത്തുകളിച്ചെന്നടക്കം പല ആരോപണങ്ങളും വിമര്‍ശനങ്ങളും ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്.
Also Read: IND vs NZ: വിഹാരിയുടെ അഭാവം, വിമര്‍ശനം ശക്തം- പുറത്താക്കിയതോ, വിശ്രമമോ?

വിമര്‍ശനങ്ങള്‍ അതിര്‍ വരമ്പുകള്‍ ലംഘിച്ചെന്ന് തന്നെ പറയാം.ഇപ്പോഴിതാ ടീമിനെതിരേ ഉയരുന്ന അനാവശ്യ വിമര്‍ശനങ്ങള്‍ക്കെതിരേ പ്രതികരിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ നായകനും ഇതിഹാസവുമായ ഇന്‍സമാം ഉല്‍ ഹഖ്. തോല്‍വിയെ അംഗീകരിച്ചുകൊണ്ട് പാകിസ്താന്‍ ടീമിനെ അഭിനന്ദിക്കുകയാണ് വേണ്ടതെന്നാണ് ഇന്‍സമാം ഉല്‍ ഹഖ് പറഞ്ഞത്.

'ഞാന്‍ പാകിസ്താന്‍ ടീമിനുവേണ്ടി അഞ്ചോ ആറോ ലോകകപ്പ് കളിച്ചിട്ടുണ്ട്. ഞങ്ങള്‍ തോറ്റാല്‍ എന്താവും സംഭവിക്കുകയെന്ന ആശങ്ക അന്നേ ഉണ്ടായിരുന്നു. ഓസ്‌ട്രേലിയ ക്രിക്കറ്റില്‍ വലിയ വിജയങ്ങള്‍നേടിയ ടീമാണ്.അവര്‍ പരാജയപ്പെടുന്ന സാഹചര്യങ്ങള്‍ ആരാധകര്‍ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തും. 1999ലെ ലോകകപ്പ് ഫൈനലില്‍ തോറ്റപ്പോള്‍ വലിയ വിമര്‍ശനം ഞങ്ങള്‍ നേരിട്ടിരുന്നു. തോല്‍വിയെ നമ്മള്‍ അംഗീകരിക്കണം. മികച്ച പ്രകടനം നടത്തിയ ടീമിനെ അഭിനന്ദിക്കുകയാണ് വേണ്ടത്. ഒരു സംഭവം നിങ്ങളോട് പറയാം. 1996ലെ ലോകകപ്പില്‍ ഓസ്‌ട്രേലിയ ശ്രീലങ്കയോട് തോറ്റു. അവര്‍ നാട്ടിലേക്ക് മടങ്ങിയെത്തിയപ്പോള്‍ വലിയ സ്വീകരണമാണ് ലഭിച്ചത്. നമ്മളും ചെയ്യേണ്ടത് അതാണ്. അല്ലാതെ സെമി ഫൈനലിലെ തോല്‍വിക്ക് വിമര്‍ശിക്കുകയല്ല വേണ്ടത്. വളരെ മികച്ച ക്രിക്കറ്റ് കളിക്കുകയും രാജ്യത്തെ പ്രചോദിപ്പിക്കുകയും ചെയ്തവരാണവര്‍'-ഇന്‍സമാം പറഞ്ഞു.

പാകിസ്താനില്‍ ക്രിക്കറ്റിന് വലിയ ആരാധക പിന്തുണയുണ്ട്. ടീമിന്റെ പ്രകടനത്തെ വളരെ വൈകാരികമായി കാണുന്നവരാണ് പാക് ആരാധകര്‍. ഇത്തവണ ലോകകപ്പില്‍ ചരിത്രത്തിലാദ്യമായി ഇന്ത്യയെ പാകിസ്താന്‍ തോല്‍പ്പിച്ചിരുന്നു. അതും 10 വിക്കറ്റിന്റെ വമ്പന്‍ ജയം. ഇതോടെ പാകിസ്താന്‍ ആരാധകര്‍ ഇത്തവണ വലിയ കിരീട പ്രതീക്ഷയിലായിരുന്നു. ഗ്രൂപ്പിലെ അഞ്ച് മത്സരവും ജയിച്ച പാകിസ്താന്‍ സെമിയില്‍ തോറ്റുവെന്നത് ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനാവുന്നില്ലെന്നതാണ് വാസ്തവം.
Also Read: T20 World Cup: മനസ്സില്‍ അതായിരുന്നു, ഇറങ്ങിയത് പരിഭ്രമത്തോടെ!- ഓസീസ് ഹീറോ വേഡ്

ഹസന്‍ അലി നാല് ഓവറില്‍ 44 റണ്‍സ് വിട്ടുകൊടുത്തെങ്കിലും ഒരു വിക്കറ്റ് പോലും നേടിയില്ല. കൂടാതെ മാത്യു വേഡിന്റെ ക്യാച്ച് ഏറ്റവും നിര്‍ണ്ണായക സമയത്ത് വിട്ടും കളഞ്ഞു. പ്രയാസമുള്ള ക്യാച്ചായിരുന്നെങ്കിലും ഇതൊന്നും ഉള്‍ക്കൊള്ളാന്‍ തയ്യാറാവാതെ ഹസനെ ആരാധകര്‍ വ്യക്തിപരമായി അധിക്ഷേപിക്കുകയായിരുന്നു. ഹസന്‍ അലിക്ക് പിന്തുണയുമായി നായകന്‍ ബാബര്‍ ആസമും സഹതാരങ്ങളും രംഗത്തെത്തിയെങ്കിലും ഇതൊന്നും ഉള്‍ക്കൊള്ളാന്‍ ആരാധകര്‍ തയ്യാറായില്ലെന്ന് പറയാം.
Also Read: T20 World Cup 2021: പാകിസ്താനെ വീഴ്ത്തി കംഗാരുക്കള്‍ ഫൈനലില്‍, നേടിയെടുത്ത അഞ്ച് റെക്കോഡുകളിതാ

'ടി20 ലോകകപ്പില്‍ പാകിസ്താന്‍ അഞ്ച് ജയം നേടിയെന്നത് ടീമിന്റെ ഒത്തൊരുമയെയാണ് കാട്ടുന്നത്. രാജ്യം ഒറ്റെക്കെട്ടാണെന്നാണ് തോന്നിയത്. പലപ്പോഴും 11 താരങ്ങളുടെ ജയവും തോല്‍വിയുമായാണ് മത്സരത്തെ കണ്ടിരുന്നത്. എന്നാല്‍ ഇത്തവണ പാകിസ്താന്റെ ജയവും തോല്‍വിയുമായി മാറി. അതൊരു വലിയ അനുഭവമാണ്'-ഇന്‍സമാം ഉല്‍ ഹഖ് കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications