IPL 2023: ഇത്തവണ 'കളിമാറും', 16ാം സീസണിന് സവിശേഷതകളേറെ- അഞ്ചെണ്ണം അറിയാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന് കളം ഒരുങ്ങിക്കഴിഞ്ഞു. ഫ്രാഞ്ചൈസികളെല്ലാം അവസാന ഘട്ട പടയൊരുക്കത്തിലേക്ക് കടന്ന് കഴിഞ്ഞു. ഇത്തവണയും 10 ടീമുകള്‍ പങ്കെടുക്കുന്ന ഐപിഎല്‍ ഈ മാസം 31നാണ് ആരംഭിക്കുന്നത്. ഗുജറാത്ത് ടൈറ്റന്‍സാണ് നിലവിലെ ചാമ്പ്യന്മാര്‍.
അവസാന സീസണില്‍ മുംബൈ ഇന്ത്യന്‍സ് അവസാന സ്ഥാനത്തും ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒമ്പതാം സ്ഥാനത്തുമായിരുന്നു. ഐപിഎല്ലിലെ ചാമ്പ്യന്മാരായ രണ്ട് ടീമും അവസാന സീസണില്‍ നിന്ന് ഇത്തവണ ശക്തമായ തിരിച്ചുവരവിനാണ് തയ്യാറെടുക്കുന്നത്.
എംഎസ് ധോണിയുടെ അവസാന ഐപിഎല്‍ സീസണായി ഇത് മാറുമെന്നിരിക്കെ ഇത്തവണത്തെ സീസണെ വളരെ പ്രാധാന്യത്തോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഈ സീസണിലെ അഞ്ച് പ്രധാന സവിശേഷതകള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ഹോം ഗ്രൗണ്ട് മത്സരങ്ങള്‍ തിരിച്ചുവന്നു
കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് പരിമിതമായ വേദികളിലേക്ക് ചുരുക്കിയാണ് ഐപിഎല്‍ നടത്തിയിരുന്നത്. അവസാന സീസണില്‍വരെ വേദികളില്‍ നിയന്ത്രണമുണ്ടായിരുന്നു. എന്നാല്‍ ഇത്തവണ ഈ നിയന്ത്രണം മാറിയാണ് ഐപിഎല്ലെത്തുന്നത്.
ഇതോടെ ഹോം മത്സരങ്ങള്‍ ടീമുകളിലേക്ക് തിരിച്ചെത്തുന്നു. ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ചെന്നൈയിലും ആര്‍സിബിക്ക് ബംഗളൂരുവിലുമെല്ലാം കളിക്കാനാവും. ഇത്തരത്തില്‍ തട്ടകത്തിന്റെ ആധിപത്യം ഇടവേളക്ക് ശേഷം ടീമുകള്‍ക്ക് തിരികെ ലഭിച്ചിരിക്കുകയാണ്.
സിഎസ്‌കെയെപ്പോലുള്ള ടീമുകള്‍ക്ക് തട്ടകം നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. അതുകൊണ്ട് തന്നെ ഹോം ഗ്രൗണ്ട് മത്സരങ്ങളുടെ തിരിച്ചുവരവ് പോരാട്ടം കൂടുതല്‍ ശക്തമാക്കുമെന്നുറപ്പ്.
Also Read: WTC FINAL: കെ എല്‍ രാഹുല്‍ പ്ലേയിങ് 11ലെത്തും! പുതിയ റോള്‍, ഇഷാന്‍ പ്രതീക്ഷിക്കേണ്ട

ലഖ്‌നൗവിനും ഹോം ഗ്രൗണ്ട് ലഭിക്കും
ഇതുവരെ ഹോം ഗ്രൗണ്ടില്‍ കളിക്കാന്‍ സാധിക്കാത്ത ഏക ടീം ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സാണ്. അവസാന സീസണില്‍ അരങ്ങേറ്റം കുറിച്ച ലഖ്‌നൗവിന് ഹോം ഗ്രൗണ്ടില്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ ഗുജറാത്ത് ടൈറ്റന്‍സിന് ഫൈനല്‍ ഗുജറാത്തില്‍ കളിക്കാന്‍ അവസരം ലഭിച്ചിരുന്നു.
ഇതുവരെ ഹോം ഗ്രൗണ്ടില്‍ കളിക്കാന്‍ അവസരമില്ലാതിരുന്ന ലഖ്‌നൗവിനും ഇത്തവണ ലഖ്‌നൗവില്‍ കളിക്കാന്‍ സാധിക്കും. കെ എല്‍ രാഹുലിനും സംഘത്തിനും തട്ടകത്തിലെ കരുത്ത് കാട്ടാനുള്ള അവസരമാണ് ലഭിച്ചിരിക്കുന്നതെന്ന് പറയാം.

തത്സമയ സംപ്രേഷണത്തിലും മാറ്റം
ഇതുവരെ സ്റ്റാര്‍ സ്‌പോര്‍ട്‌സും ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറുമാണ് ഐപിഎല്‍ തത്സമയ സംപ്രേഷണം ചെയ്തിരുന്നത്. എന്നാല്‍ ഇത്തവണ ഇതില്‍ വലിയ മാറ്റമാണ് ഉണ്ടായിരിക്കുന്നത്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലെ തത്സമയ സംപ്രേഷണത്തോടൊപ്പം ജിയോ ടിവിയിലും ഐപിഎല്‍ സംപ്രേഷണം ചെയ്യും.
ഇതുവഴി സൗജന്യമായി ഐപിഎല്‍ തത്സമയം കാണാനുള്ള അവസരം കൂടുതല്‍ ആളുകള്‍ക്ക് ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 4കെ ക്വാളിറ്റിയില്‍ സൗജന്യമായി മത്സരം കാണാനുള്ള അവസരമാണ് ആരാധകര്‍ക്ക് ലഭിക്കാന്‍ പോകുന്നത്.

ഇംപാക്ട് പ്ലയര്‍ നിയമം
ഇത്തവണ ആദ്യമായി ഐപിഎല്ലില്‍ ഇംപാക്ട് പ്ലയര്‍ നിയമം നടപ്പിലാക്കാന്‍ പോവുകയാണ്. ഇത് മത്സരഫലങ്ങളെ എങ്ങനെയാവും ബാധിക്കുകയെന്നതാണ് കണ്ടറിയേണ്ടത്. മത്സരത്തിന് മുമ്പ് സബ്‌സ്റ്റിട്യൂട്ടായി താരത്തെ ടീമുകള്‍ നിര്‍ദേശിക്കണം. മത്സരത്തില്‍ ഇംപാക്ട് പ്ലയര്‍ എന്ന നിലയില്‍ ആ താരത്തെ കളത്തിലിറക്കാന്‍ സാധിക്കും.
ആഭ്യന്തര ക്രിക്കറ്റില്‍ ഇതിനോടകം നടപ്പിലാക്കി വിജയിപ്പിച്ച നിയമമാണിത്. എന്നാല്‍ ഐപിഎല്‍ പോലൊരു വലിയ ടൂര്‍ണമെന്റിലേക്ക് ഈ നിയമം വരുമ്പോള്‍ ടീമുകള്‍ എങ്ങനെയാണിതിനെ ഫലപ്രദമായി ഉപയോഗിക്കുകയെന്നും എന്ത് മാറ്റമാണ് ടൂര്‍ണമെന്റില്‍ സംഭവിക്കുകയെന്നതും കണ്ടറിയാം.
Also Read: IND vs AUS ODI: സൂര്യയും ഇഷാനും ദുരന്തങ്ങള്‍, ഇനിയും ടീമില്‍ വേണ്ട! സഞ്ജുവിനായി മുറവിളി

വൈഡിനും നോബോളിലും റിവ്യൂ
ഇതുവരെ ഡിആര്‍എസ് ഉപയോഗിക്കപ്പെട്ടിരുന്നത് വിക്കറ്റിനായിരുന്നു. ബാറ്റ്‌സ്മാന്റെ ഔട്ടില്‍ അംപയറുടെ തീരുമാനത്തില്‍ വിയോജിപ്പുണ്ടെങ്കില്‍ ബാറ്റ്‌സ്മാനോ ബൗളര്‍ക്കോ തീരുമാനം പുനപരിശോധിക്കാനുള്ള സൗകര്യമൊരുക്കുന്നതാണ് ഡിആര്‍എസ് നിയമം.
ഇത്തവണ മുതല്‍ വൈഡ്, നോബോള്‍ എന്നിവയ്ക്കും ഈ നിയമം ബാധകമാക്കുകയാണ്. വനിതാ ഐപിഎല്ലില്‍ ഇത് നടപ്പിലാക്കിക്കഴിഞ്ഞു. വൈഡിന്റെയും നോബോളിന്റെയും പേരില്‍ നിരവധി വാക്കുതര്‍ക്കത്തിന് ഐപിഎല്‍ സാക്ഷിയായിട്ടുണ്ട്.
അതുകൊണ്ട് തന്നെ ഇത്തവണ ഈ പുതിയ മാറ്റം ഐപിഎല്ലിനെ കൂടുതല്‍ മികച്ച രീതിയില്‍ ആവേശത്തോടെ നടത്താന്‍ സഹായിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications