IND vs NZ: അജിന്‍ക്യ രഹാനെ ടെസ്റ്റ് നായകന്‍, അതിലൊരു പ്രശ്‌നമുണ്ട്, ചോദ്യങ്ങളുയരും- ആകാശ് ചോപ്ര
മുംബൈ: ടി20 ലോകകപ്പിലെ തിരിച്ചടികള്‍ക്ക് ശേഷം ഇന്ത്യന്‍ ടീം ന്യൂസീലന്‍ഡ് പരമ്പരക്കുള്ള തയ്യാറെടുപ്പിലാണ്. മൂന്ന് ടി20യും രണ്ട് ടെസ്റ്റും ഉള്‍പ്പെടുന്ന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച് കഴിഞ്ഞു. വിരാട് കോലി,രോഹിത് ശര്‍മ,റിഷഭ് പന്ത്,ജസ്പ്രീത് ബുംറ എന്നിവര്‍ക്കെല്ലാം ടെസ്റ്റ് പരമ്പരയിലും വിശ്രമം നല്‍കിയിരിക്കുകയാണ്. കോലിയുടെ അഭാവത്തില്‍ അജിന്‍ക്യ രഹാനെയാണ് ഇന്ത്യയെ നയിക്കുന്നത്. നിലവിലെ ഇന്ത്യയുടെ ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ രഹാനെയാണ്. ന്യൂസീലന്‍ഡ് പരമ്പരയില്‍ ചേതേശ്വര്‍ പുജാരയാണ് വൈസ് ക്യാപ്റ്റന്‍.

അവസാന ഇംഗ്ലണ്ട് പര്യടനത്തില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ രഹാനെ ടെസ്റ്റ് ടീമില്‍ നിന്ന് പോലും പുറത്താകുമെന്ന് കരുതിയതാണ്. ഇംഗ്ലണ്ടില്‍ നാല് ടെസ്റ്റില്‍ നിന്ന് 15.57 ശരാശരിയില്‍ 109 റണ്‍സാണ് രഹാനെ നേടിയത്. ആത്മവിശ്വാസം നഷ്ടപ്പെട്ട രഹാനെക്ക് പകരം യുവതാരങ്ങള്‍ കടന്നുവരുമെന്ന് എല്ലാവരും കരുതിയിരിക്കെയാണ് ന്യൂസീലന്‍ഡ് പരമ്പരയില്‍ ഇന്ത്യയെ നയിക്കാന്‍ വീണ്ടും രഹാനെയെ നിയോഗിക്കുന്നത്. ഈ തീരുമാനത്തോട് പ്രതികരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും അവതാരകനുമായ ആകാശ് ചോപ്ര.
Also Read: IND vs NZ: ഇതു ദ്രാവിഡ് സ്റ്റൈല്‍- പുതിയ റോളില്‍ ദൗത്യം തുടങ്ങി, ആദ്യം ചെയ്തത് ഇതാണ്

'അജിന്‍ക്യ രഹാനെയെ ഇന്ത്യ നായകനായി തീരുമാനിച്ചു. എന്നാല്‍ കാര്യം സത്യസന്ധമായി ചോദിക്കേണ്ടിയിരിക്കുന്നു. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റ് നടന്നിരുന്നെങ്കില്‍ രഹാനെ ടീമിലുണ്ടാകുമായിരുന്നോ. രഹാനെയുടെ ശരാശരി താഴേക്ക് പോകുന്നതാണ് കണ്ടുകൊണ്ടിരിക്കുന്നത്. അവസാന രണ്ട് വര്‍ഷത്തെ അവന്റെ ശരാശരി നോക്കുക.ചോദ്യങ്ങള്‍ ഉയര്‍ന്നേക്കും'-ആകാശ് ചോപ്ര പറഞ്ഞു.
Also Read: T20 World Cup: 'ഗെയ്ല്‍ മുതല്‍ വരുണ്‍വരെ', ഗ്രൂപ്പുഘട്ട ഫ്‌ളോപ്പ് 11 ഇതാ, ക്യാപ്റ്റന്‍ പൊള്ളാര്‍ഡ്

സീനിയര്‍ താരമെന്ന നിലയില്‍ അവസരങ്ങള്‍ നല്‍കുമ്പോഴും പ്രതീക്ഷക്കൊത്തുയരാന്‍ രഹാനെക്ക് സാധിക്കുന്നില്ല. ബാറ്റിങ്ങില്‍ രഹാനെയുടെ 2020ന് ശേഷമുള്ള കണക്കുകള്‍ വളരെ ദയനീയമാണ്. 2020 മുതല്‍ 15 ടെസ്റ്റില്‍ നിന്ന് 24.76 ശരാശരിയില്‍ 644 റണ്‍സാണ് രഹാനെ നേടിയത്. ആകെ ശരാശരി 40ല്‍ നിന്നും താഴോട്ടും പോയിരിക്കുകയാണ്. നിലവില്‍ ഇന്ത്യയുടെ ടെസ്റ്റ് ടീമില്‍ മാത്രമാണ് രഹാനെക്ക് അവസരമുള്ളത്. ഈ സാഹചര്യത്തില്‍ ബാറ്റിങ് പ്രകടനം മോശമായ രഹാനെയെ ഇനിയും ഇന്ത്യ പരിഗണിക്കണമോയെന്നത് പ്രസക്തമായ ചോദ്യമാണ്.
Also Read: T20 World Cup: പാകിസ്താന്റെ 'വില്ലന്‍', ഇന്ത്യയുടെ മരുമകന്‍! ഹസന്‍ അലിയുടെ ഭാര്യയെക്കുറിച്ചറിയാം

ഹനുമ വിഹാരി,ശ്രേയസ് അയ്യര്‍,ശുഭ്മാന്‍ ഗില്‍ തുടങ്ങി രഹാനെ കളിക്കുന്ന അഞ്ചാം നമ്പറില്‍ കളിക്കാന്‍ സാധിക്കുന്ന നിരവധി താരങ്ങളുണ്ട്. എന്നിട്ടും മോശം പ്രകടനം നടത്തുന്ന രഹാനെയെ പരിഗണിക്കുന്നതിനെതിരേ വിമര്‍ശനം ഉയരുന്നുണ്ട്. ന്യൂസീലന്‍ഡ് പരമ്പര രഹാനെയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമാണ്. ഈ പരമ്പരയിലും നിരാശപ്പെടുത്തിയാല്‍ ഇനിയൊരു തിരിച്ചുവരവിന് രഹാനെക്ക് അവസരം ലഭിച്ചേക്കില്ല.
Also Read: IND vs NZ: വിഹാരിയുടെ അഭാവം, വിമര്‍ശനം ശക്തം- പുറത്താക്കിയതോ, വിശ്രമമോ?

എന്നാല്‍ നിലവിലെ ടീമിന്റെ സാഹചര്യം പരിഗണിക്കുമ്പോള്‍ അജിന്‍ക്യ രഹാനെയെത്തന്നെയാണ് ക്യാപ്റ്റനാക്കേണ്ടതെന്ന് ആകാശ് ചോപ്ര പറഞ്ഞു. 'രോഹിത് ശര്‍മയും ഇല്ലാത്ത സാഹചര്യത്തില്‍ നിലവില്‍ അജിന്‍ക്യ രഹാനെയാണ് ഇന്ത്യക്ക് അനുയോജ്യനായ നായകന്‍. രഹാനെയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായ ടൂര്‍ണമെന്റാണിത്. നായകനെന്ന നിലയില്‍ റണ്‍സ് നേടേണ്ട സമ്മര്‍ദ്ദം അവന് മുന്നിലുണ്ടാവും. കഴിഞ്ഞ ഒരുവര്‍ഷത്തെപ്പോലെ തന്നെ ഇനിയും തുടരുക പ്രയാസമാവും'-ആകാശ് ചോപ്ര പറഞ്ഞു.

ഒരു ടെസ്റ്റില്‍ മാത്രമാണ് വിരാട് കോലിക്ക് വിശ്രമം. രണ്ടാം ടെസ്റ്റില്‍ കോലി തിരിച്ചെത്തുന്നതോടെ രഹാനെ വൈസ് ക്യാപ്റ്റനായി മാറും. ആദ്യ മത്സരത്തില്‍ രഹാനെക്ക് തിളങ്ങാനായില്ലെങ്കില്‍ അദ്ദേഹത്തിന് പ്ലേയിങ് 11ലെ സ്ഥാനം നഷ്ടമാവും. ഇന്ത്യ ടെസ്്റ്റ് പരമ്പരക്കുള്ള ടീമില്‍ ശ്രേയസ് അയ്യരെ പരിഗണിച്ചിട്ടുണ്ട്. ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ എന്നിവര്‍ക്ക് ബാക് അപ്പ് ആയാണ് ശ്രേയസിനെ പരിഗണിച്ചതെന്നാണ് വിവരം. അങ്ങനെയാണെങ്കില്‍ റണ്‍സ് നേടാനായില്ലെങ്കില്‍ രണ്ട് പേര്‍ക്കും പ്ലേയിങ് 11ലെ സ്ഥാനം നഷ്ടപ്പെട്ടേക്കുമെന്നുറപ്പാണ്. ശക്തരായ നിരയാണ് ന്യൂസീലന്‍ഡ് എന്നതിനാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications