Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

FIFA World Cup 2022: വെറും 30 മിനിറ്റ്, കളി തീര്‍ന്നു! കൊറിയയെ നാട്ടിലേക്ക് അയച്ച് ബ്രസീല്‍

വെറും അര മണിക്കൂര്‍, ഫിഫ ലോകകപ്പന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ബ്രസീലിന് ഈ സമയം ധാരാളമായിരുന്നു. ഈ ലോകകപ്പില്‍ ഏഷ്യയില്‍ നിന്നുള്ള അവസാന പ്രതീക്ഷയായിരുന്ന സൗത്ത് കൊറിയയെ 4-1നു നിഷ്പ്രഭരാക്കി കാനറികള്‍ ക്വാര്‍ട്ടറിലേക്കു ചിറകടിച്ചു. അവസാന എട്ടില്‍ ലൂക്ക മോഡ്രിച്ചിന്റെ ക്രൊയേഷ്യയാണ് ഇനി മഞ്ഞപ്പടയെ കാത്തിരിക്കുന്നത്. കൊറിയയയുടെ ചെമ്പടയെ വാരിക്കളയുന്ന പ്രകടനമായിരുന്നു ആദ്യ വിസില്‍ മുതല്‍ ബ്രസീല്‍ കാഴ്ചവച്ചത്.

മല്‍സരം ആരംഭിച്ച് 29 മിനിറ്റിനകം തന്നെ മൂന്നു തവണ കൊറിയന്‍ വലയില്‍ പന്തെത്തിച്ച് ബ്രസീല്‍ വിജയമുറപ്പിച്ചിരുന്നു. പിന്നീടുള്ള 60 മിനിറ്റ് ചടങ്ങ് പൂര്‍ത്തിയാക്കല്‍ മാത്രമായിരുന്നു. വിനീഷ്യസ് ജൂനിയര്‍ (ഏഴാം മിനിറ്റ്), നെയ്മര്‍ (13), റിച്ചാര്‍ളിസണ്‍ (29), ലൂക്കാസ് പക്ക്വേറ്റ (36) എന്നിവരാണ് ബ്രസീലിന്റെ സ്‌കോറര്‍മാര്‍. 76ാം മിനിറ്റില്‍ കൊറിയയുടെ തോല്‍വിഭാരം കുറച്ച് പെയ്ക്ക് സ്യുങ് ഹോയാണ് ആശ്വാസ ഗോള്‍ മടക്കിയത്.

നെയ്മറുടെ മടങ്ങിവരവ്

നെയ്മറുടെ മടങ്ങിവരവ്

പരിക്കുകാരണം കഴിഞ്ഞ രണ്ടു മല്‍സരങ്ങൡലും പുറത്തിരുന്ന നെയ്മറെ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയായിരുന്നു ബ്രസീല്‍ ഇറങ്ങിയത്. നെയ്മറുടെ സാന്നിധ്യം ബ്രസീല്‍ ക്യാംപിനെ കൂടുതല്‍ ആവേശത്തിലാക്കുകയും ചെയ്തിരുന്നു.
കാമറൂണിനെതിരേ പരീക്ഷണ ടീമിനെയിറക്കി 0-1ന്റെ അട്ടിമറിത്തോല്‍വിയേറ്റു വാങ്ങിയ ബ്രസീല്‍ കോച്ച് ടിറ്റെ ഈ കളിയില്‍ ഏറ്റവും ശക്തമായ ഇലവനെ തന്നെ അണിനിരത്തി.

അക്കൗണ്ട് തുറന്നു

അക്കൗണ്ട് തുറന്നു

വളരെ പോസിറ്റിവായിരുന്നു ബ്രസീലിന്റെ തുടക്കം. അതിനു ആറാം മിനിറ്റില്‍ തന്നെ അവര്‍ ഫലം കാണുകയും ചെയതു. വലതു വിങിലൂടെ ഡ്രിബിള്‍ ചെയ്തു കയറിയ റഫീഞ്ഞ ബോക്‌സിനു കുറുകെ കട്ട് ബാക്ക് ക്രോസ് നല്‍കി. പക്ഷെ ആര്‍ക്കും അതു കണക്ട് ചെയ്യാനായില്ല. സെക്കന്റ് പോസ്റ്റിനരികെ തനിച്ചു നിന്ന വിനീഷ്യസിന്റെ കാലിലേക്കാണ് ബോള്‍ വന്നത്. അപകടം തിരിച്ചറിഞ്ഞ കൊറിയന്‍ ഗോളിയും താരങ്ങളും അടുത്തേക്കു കുതിച്ചെത്തിയെങ്കിലും എല്ലാവരെയും നോക്കുകുത്തികളാക്കി കിടിലനൊരു ഷോട്ടിലൂടെ വിനീഷ്യസ് വലകുലുക്കി.

Also Read: FIFA World Cup 2022: സോറി ജപ്പാന്‍, 'ഷൂട്ടേറ്റ്' വീണു, ഗോളി ക്രൊയേഷ്യന്‍ ഹീറോ

പെനല്‍റ്റി ഗോള്‍

പെനല്‍റ്റി ഗോള്‍

13ാം മിനിറ്റില്‍ ബ്രസീലിനു പെനല്‍റ്റി. ബോക്‌സിനുള്ളില്‍ നിന്നും ബോളെടുക്കാനെത്തിയ റിച്ചാര്‍ളിസണിനെ കൊറിയന്‍ താരം വീഴ്്ത്തിയതിനെ തുടര്‍ന്ന് റഫറി പെനല്‍റ്റി സ്‌പോട്ടിലേക്കു വിരല്‍ ചൂണ്ടുകയായിരുന്നു. മനോഹരമായ പെനല്‍റ്റിയിലൂടെ നെയ്മര്‍ അതു ഗോളാക്കുകയായിരുന്നു. ഗോളിയെ നാണിപ്പിക്കുന്ന തരത്തിലുള്ള പെനല്‍റ്റി കൂടിയായിരുന്നു ഇത്. ഗോളിക്കു പ്രതികരിക്കാന്‍ സാധിക്കും മുമ്പായിരുന്നു നെയ്മര്‍ ഒരു ത്രൂബോള്‍ കളിക്കുന്നതു പോലെ വളരെ സിംപിളായി പന്ത് വലയിലേക്കു പായിച്ചത് (2-0).
മൂന്നു മിനിറ്റിനകം കൊറിയന്‍ താരം ഹ്വാങ് ഹി ചാന്‍ ബ്രസീല്‍ ഗോള്‍കീപ്പര്‍ അലിസണിനെക്കൊണ്ട് ആദ്യസേവ് നടത്തി. ബോക്‌സിനു പുറത്തു നിന്നു ഒരു ലോങ്‌റേഞ്ചറായിരുന്നു താരം പരീക്ഷിച്ചത്. വായുവില്‍ ചാടിയുയര്‍ന്ന് അലിസണ്‍ അതു കുത്തിയകറ്റുകയും ചെയ്തു.

മൂന്നാം ഗോള്‍

മൂന്നാം ഗോള്‍

29ാം മിനിറ്റില്‍ ബ്രസീല്‍ തങ്ങളുടെ ലീഡ് മൂന്നാക്കി ഉയര്‍ത്തി. റിച്ചാര്‍ളിസണിന്റെ സുന്ദരമായ ഗോളായിരുന്നു ഇത്. ബോക്‌സിന് അരികില്‍ വച്ച് പന്ത് തലയില്‍ സ്വീകരിച്ച് മുന്നിലേക്കു കോരിയിട്ട് അത് മാര്‍ക്വീഞ്ഞോസിനു കൊടുത്തു. മാര്‍കീഞ്ഞോസ് പന്ത് സില്‍വയ്ക്കു നല്‍കി. സില്‍വ ബോക്‌സിലേക്കു നല്‍കിയ ത്രൂബോള്‍ റിച്ചാര്‍ളിസണ്‍ പോയിന്റ് ബ്ലാങ്ക് റേഞ്ചില്‍ നിന്നും ഗോളിയെ നിസ്സഹായനാക്കി വലയിലേക്കു വഴി തിരിച്ചുവിടുകയായിരുന്നു (3-0).

Also Read: FIFA World Cup 2022: എംബാപ്പെയെ ഇംഗ്ലണ്ട് തളയ്ക്കും! നിയോഗിക്കുക ആരെയെന്നറിയാം

ഗോളടി തുടര്‍ന്ന് ബ്രസീല്‍

ഗോളടി തുടര്‍ന്ന് ബ്രസീല്‍

കൊറിയയുടെ തിരിച്ചുവരവ് അസാധ്യമാക്കിക്കൊണ്ട് 36ാ മിനിറ്റില്‍ പക്വേറ്റയിലൂടെ ബ്രസീല്‍ നാലാം ഗോളും കണ്ടെത്തി. ഡീപ്പില്‍ നിന്നും ബോളുമായി കുതിച്ചെത്തിയ റിച്ചാര്‍ളിസണ്‍ ഇതു നെയ്മര്‍ക്കു നല്‍കി. നെയ്മറില്‍ നിന്നും ബോള്‍ വിനീഷ്യസിന്. ബോക്‌സിനു കുറുകെ താരം നല്‍കിയ ബോള്‍ സെന്ററിലൂടെ ഓടിക്കയറിയ പകേറ്റ താഴ്ന്ന ഒരു ഹാഫ് വോളിയിലൂടെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയില്‍ 4-0ന്റെ ആധികാരിക ലീഡോടെയാണ് ബ്രസീല്‍ കളി അവസാനിപ്പിച്ചത്.

രണ്ടാം പകുതിയില്‍ ഗോള്‍ ക്ഷാമം

രണ്ടാം പകുതിയില്‍ ഗോള്‍ ക്ഷാമം

രണ്ടാം പകുതിയില്‍ കൂടുതല്‍ ഗോളുകള്‍ വരുമെന്നു ആരാധകര്‍ പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. ലീഡുയര്‍ത്താന്‍ ബ്രസീലിനും ഗോള്‍ മടക്കാന്‍ കൊറിയക്കും പല അവസരങ്ങളും ലഭിച്ചെങ്കിലും ഒരു ഗോള്‍ മാത്രമേ വന്നുള്ളൂ. അതു കൊറിയയുടെ വകയായിരുന്നു. ബോക്‌സിനു പുറത്തു നിന്നുള്ള തകര്‍പ്പനൊരു ഇടംകാല്‍ ലോങ് റേഞ്ചറിലൂടെയാണ് സ്യുങ് ഹോ ലക്ഷ്യം കണ്ടത്. ബ്രസീല്‍ ഗോളി അലിസണും കൊറിയന്‍ ഗോള്‍കീപ്പര്‍ കിം സ്യുങ് ഗ്യുയും ചില കിടിലന്‍ സേവുകളാണ് രണ്ടാം പകുതിയില്‍ നടത്തിയത്.

Story first published: Tuesday, December 6, 2022, 2:29 [IST]
Other articles published on Dec 6, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+