
വീണ്ടും റിച്ച
119 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത് വിക്കറ്റ് കീപ്പര്‍ റിച്ച ഘോഷിന്റെയും (44*) ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറിന്റെയും (33) ഇന്നിങ്‌സുകളാണ്. പാകിസ്താനെതിരേയും റിച്ച (20 ബോളില്‍ 31*) മാച്ച് വിന്നിങ് പ്രകടനം നടത്തിയിരുന്നു. 32 ബോളില്‍ അഞ്ചു ബൗണ്ടറികളുള്‍പ്പെട്ടതാണ് റിച്ചയുടെ ഇന്നിങ്‌സ്.
ഹര്‍മന്‍പ്രീത് 42 ബോളില്‍ മൂന്നു ബൗണ്ടറികളുമടിച്ചു. നാലാം വിക്കറ്റില്‍ ഈ ജോടി ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തത് 72 റണ്‍സാണ്. വിജയത്തില്‍ നിര്‍ണായകമായും ഈ കൂട്ടുകെട്ടാണ്.
ഹര്‍മന്‍പ്രീതിനെക്കൂടാതെ ഷഫാലി വര്‍മ (28), സ്മൃതി മന്ദന (10), ജെമിമ റോഡ്രിഗസ് (1) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്കു നഷ്ടമായത്. വിക്കറ്റ് നഷ്ടമില്ലാതെ 31 റണ്‍സെന്ന നിലയില്‍ തുടങ്ങിയ ഇന്ത്യക്കു 11 റണ്‍സിനിടെയാണ് മൂന്നു വിക്കറ്റുകള്‍ നഷ്ടമായത്. ഇതോടെ ഇന്ത്യ മൂന്നിന് 45 റണ്‍സിലേക്കു വീണു. പക്ഷെ റിച്ച-ഹര്‍മന്‍പ്രീത് കൂടുതല്‍ കുഴപ്പങ്ങളില്ലാതെ ടീമിനെ വിജയത്തിലെത്തിക്കുകയും ചെയ്തു.
Also Read: സച്ചിന്റെ മരുമകനാവുമോ ഗില്‍ ? കാമുകി സാറ തന്നെ! വൈറലായി പുതിയ ചിത്രം

വിന്‍ഡീസിന് മൂക്കുകയറിട്ടു
ടോസ് ലഭിച്ച വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ഹെയ്‌ലി മാത്യൂസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഹര്‍മന്‍പ്രീത് കൗര്‍ നയിച്ച ഇന്ത്യ തുടക്കം മുതല്‍ വിന്‍ഡീസിനെ വരച്ച വരയില്‍ നിര്‍ത്തി. അനായാസം റണ്ണെടുക്കാനുള്ള യാതൊരു പഴുതും എതിരാളികള്‍ക്കു ഇന്ത്യ നല്‍കിയില്ല.
ഇതോടെ ആറു വിക്കറ്റിനു 118 റണ്‍സില്‍ അവര്‍ക്കു ഒതുങ്ങേണ്ടി വരികയായിരുന്നു. വിന്‍ഡീസ് നിരയില്‍ ആര്‍ക്കും തന്നെ കളിയില്‍ ഫിഫ്റ്റി കുറിക്കാനായില്ല. ഓപ്പണര്‍ സ്റ്റെഫാനി ടെയ്‌ലര്‍ (42), മൂന്നാം നമ്പറില്‍ ഇറങ്ങിയ ഷെമാനി കാംബെല്‍ (30) എന്നിവരൊഴികെ മറ്റാര്‍ക്കും വിന്‍ഡീസ് നിരയില്‍ പിടിച്ചുനില്‍ക്കാനായില്ല. വാലറ്റത്ത് കെഡിയന്‍ നേഷന്‍ (21*), ഷാബിക ഗജ്‌നബി (15) എന്നിവര്‍ ടീമിനെ 100 കടത്തുകയായിരുന്നു.
Also Read: ശ്രീശാന്ത് സ്പിന്നറോ? തുടക്കം സ്പന്നറായി, ഇവര്‍ കസറിയത് വേറെ റോളില്‍! അറിയാം

കസറിയത് ദീപ്തി
ഇന്ത്യന്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ ഈ മല്‍സരത്തില്‍ ഏഴു ബൗളര്‍മാരെയാണ് പരീക്ഷിച്ചത്. ഇവരില്‍ ഏറ്റവും മികച്ചുനിന്നത് ഓഫ് സ്പിന്നര്‍ ദീപ്തി ശര്‍മയായിരുന്നു. ദീപ്തിയുടെ കറങ്ങുന്ന പന്തുകള്‍ക്കു മുന്നില്‍ വിന്‍ഡീസ് ബാറ്റിങ് നിര എന്തു ചെയ്യണമെന്നറിയാതെ പതറി.
നാലോവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്നു പേരെയാണ് താരം പുറത്താക്കിയത്.
രേണുക സിങും പൂജ വസ്ത്രാക്കറും ഓരോ വിക്കറ്റ് വീതം പങ്കിടുകയും ചെയ്തു. ഈ കളിയിലെ മൂന്നു വിക്കറ്റ് നേട്ടത്തോടെ ഒരു വമ്പന്‍ നാഴികക്കല്ലും ദീപ്തി പിന്നിട്ടു. ടി20യില്‍ 100 വിക്കറ്റുകളെടുത്ത ആദ്യ ഇന്ത്യന്‍ വനിതാ താരമായി അവര്‍ മാറിയിരിക്കുകയാണ്.
പാകിസ്താനെതിരായ ആദ്യ മല്‍സരത്തില്‍ ജയിച്ച ടീമില്‍ രണ്ടു മാറ്റങ്ങളോടെയാണ് ഇന്ത്യ ഇറങ്ങിയത്. സൂപ്പര്‍താരവും ഓപ്പണറുമായ സ്മൃതി മന്ദനയും മധ്യനിര ബാറ്റര്‍ ദേവിക വൈദ്യയും ഈ കളിയില്‍ ഇന്ത്യന്‍ പ്ലെയിങ് ഇലവനില്‍ തിരിച്ചെത്തുകയായിരുന്നു.


Click it and Unblock the Notifications












