2021ലെ ലോകകപ്പിന് ശേഷം കൂടുതല്‍ ടി20 റണ്‍സ്, ടോപ് ഫൈവ് ഇതാ, തലപ്പത്ത് പാക് താരം

2021ലെ ടി20 ലോകകപ്പിന്റെ ആവേശം കെട്ടടങ്ങുന്നതിന് മുമ്പ് തന്നെ പുതിയ ടി20 ലോകകപ്പിന് കളമൊരുങ്ങുകയാണ്. 2022ലെ ടി20 ലോകകപ്പിനായി മിക്ക ടീമുകളും ഇതിനോടകം ഓസ്‌ട്രേലിയയിലേക്കെത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയ വേദിയാവുന്ന ലോകകപ്പിനായി അവസാന ഘട്ട തയ്യാറെടുപ്പിലാണ് ടീമുകള്‍. ഇന്ത്യയുടെ ലോകകപ്പിന് മുമ്പായുള്ള സന്നാഹ മത്സരങ്ങള്‍ ആരംഭിച്ച് കഴിഞ്ഞു. ഒട്ടുമിക്ക ടീമുകളും ലോകകപ്പിന് മുമ്പ് സന്നാഹ മത്സരം കളിക്കുന്നുണ്ട്.
അന്താരാഷ്ട്ര ടി20യില്‍ കൂടുതല്‍ റണ്‍സെന്ന റെക്കോഡ് രോഹിത് ശര്‍മയുടെ പേരിലാണ്. മാര്‍ട്ടിന്‍ ഗപ്റ്റില്‍, വിരാട് കോലി എന്നിവരെല്ലാം പിന്നാലെയുണ്ട്. എന്നാല്‍ 2021ലെ ടി20 ലോകകപ്പിന് ശേഷം ഇതുവരെയുള്ള കാലയളവില്‍ കൂടുതല്‍ റണ്‍സ് നേടിയ താരമാരാണെന്ന് അറിയാമോ?. ടോപ് ഫൈവിനെ പരിശോധിക്കാം.

മുഹമ്മദ് റിസ്വാന്‍
പാകിസ്താന്‍ ഓപ്പണറും വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുമായ മുഹമ്മദ് റിസ്വാനാണ് ഈ പട്ടികയില്‍ തലപ്പത്ത്. വലിയ സ്‌ട്രൈക്കറേറ്റില്‍ വമ്പനടികള്‍ നടത്തുന്ന താരമല്ല റിസ്വാന്‍. എന്നാല്‍ ക്ലാസിക് ശൈലിയില്‍ സ്ഥിരതയോടെ റണ്‍സുയര്‍ത്താന്‍ റിസ്വാന് കഴിവുണ്ട്. സമീപകാലത്തായി അദ്ദേഹം മികച്ച ഫോമിലുമാണ്. 991 റണ്‍സാണ് അദ്ദേഹം ഇക്കാലയളവില്‍ നേടിയത്. 58.29 എന്ന ഉയര്‍ന്ന ശരാശരിയില്‍ കളിക്കുന്ന റിസ്വാന്റെ സ്‌ട്രൈക്കറേറ്റ് 130.05 ആണ്. ഇത്തവണത്തെ പാകിസ്താന്റെ കിരീട പ്രതീക്ഷകളില്‍ നിര്‍ണ്ണായക സ്ഥാനം റിസ്വാനുണ്ട്.
Also Read : ടീമില്‍ സീറ്റുറപ്പ്, പക്ഷെ സ്വന്തം പിഴവുകൊണ്ട് ലോകകപ്പ് നഷ്ടമായി, ഇവരെ അറിയണം

സൂര്യകുമാര്‍ യാദവ്
ഇന്ത്യയുടെ നാലാം നമ്പര്‍ താരം സൂര്യകുമാര്‍ യാദവാണ് രണ്ടാം സ്ഥാനത്ത്. 2021ലെ ടി20 ലോകകപ്പില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിക്കാത്ത സൂര്യകുമാര്‍ യാദവ് പിന്നീടങ്ങോട്ട് കാഴ്ചവെച്ചത് തകര്‍പ്പന്‍ പ്രകടനമാണ്. ഇംഗ്ലണ്ടില്‍ നേടിയ സെഞ്ച്വറിയടക്കം സമീപകാലത്ത് കളിച്ച മത്സരങ്ങളില്ലെല്ലാം സൂര്യകുമാര്‍ മികവ് കാട്ടി. 37.56 ശരാശരിയില്‍ 864 റണ്‍സാണ് അദ്ദേഹം നേടിയത്. സ്‌ട്രൈക്കറേറ്റ് 180 ആണെന്നതാണ് എടുത്തു പറയേണ്ടത്. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ടുകള്‍ പായിക്കാന്‍ കെല്‍പ്പുള്ള സൂര്യകുമാര്‍ ഇത്തവണത്തെ ലോകകപ്പില്‍ ബൗളര്‍മാരുടെ ഉറക്കം കെടുത്തുന്ന താരമാണെന്ന് പറയാം.

രോഹിത് ശര്‍മ
സമീപകാലത്ത് മോശം ഫോമിലാണ് ഇന്ത്യന്‍ നായകനും വെടിക്കെട്ട് ഓപ്പണറുമായ രോഹിത് ശര്‍മ. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ അവസാന ടി20 പരമ്പരയിലടക്കം നിറം മങ്ങിയ പ്രകടനമാണ് രോഹിത് കാഴ്ചവെച്ചത്. ഈ പരമ്പരയില്‍ത്തന്നെ രണ്ട് തവണ അദ്ദേഹം ഡെക്കായി. എന്നാല്‍ 2021ന് ശേഷം കൂടുതല്‍ ടി20 റണ്‍സ് നേടിയവരുടെ പട്ടികയില്‍ രോഹിത് മൂന്നാം സ്ഥാനത്താണ്. 699 റണ്‍സാണ് അദ്ദേഹം നേടിയത്. 29.12 ശരാശരിയിലും 145.02 സ്‌ട്രൈക്കറേറ്റിലുമാണ് രോഹിത്തിന്റെ പ്രകടനം.

നിക്കോളാസ് പൂരന്‍
വെസ്റ്റ് ഇന്‍ഡീസ് നായകനും ഇടം കൈയന്‍ ബാറ്റ്‌സ്മാനുമായ നിക്കോളാസ് പൂരനാണ് ഈ പട്ടികയിലെ നാലാമന്‍. 33.25 ശരാശരിയില്‍ 665 റണ്‍സാണ് പൂരന്‍ നേടിയത്. 135.71 എന്ന മികച്ച സ്‌ട്രൈക്കറേറ്റും അദ്ദേഹത്തിനുണ്ട്. സമീപകാലത്തെ വിന്‍ഡീസിന്റെ പ്രകടനങ്ങള്‍ ശരാശരി മാത്രമാണ്. എന്നാല്‍ പൂരന്‍ മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്. നിലയുറപ്പിച്ചാല്‍ അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ കഴിവുള്ള താരമാണ് നിക്കോളാസ് പൂരന്‍.
Also Read : കളിക്കുന്നത് ആദ്യ ടി20 ലോകകപ്പ്, പക്ഷെ മാച്ച് വിന്നര്‍മാരായേക്കും!, അഞ്ച് പേരിതാ

ബാബര്‍ അസം
പാകിസ്താന്റെ ബാബര്‍ അസമാണ് ഈ പട്ടികയില്‍ അഞ്ചാമന്‍. നായകനും ഓപ്പണറുമായ ബാബര്‍ 554 റണ്‍സാണ് നേടിയത്. 29.15 ശരാശരിയിലും 127.35 സ്‌ട്രൈക്കറേറ്റിലുമാണ് ബാബര്‍ തിളങ്ങിയത്. ഏഷ്യാ കപ്പില്‍ നിറം മങ്ങിയ പ്രകടനമാണ് ബാബര്‍ കാഴ്ചവെച്ചത്. എന്നാല്‍ അതിന് ശേഷം ഫോമിലേക്കെത്തിയ ബാബര്‍ നിലവില്‍ മികച്ച ഫോമിലാണ്. ഇംഗ്ലണ്ടിനെതിരായ അവസാന പരമ്പരയിലടക്കം ബാബര്‍ തിളങ്ങിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications