T20 World Cup 2022: ഇന്ത്യ vs പാകിസ്താന്‍ ഫൈനല്‍ വരുമോ?, വന്നാല്‍ ആര് ജയിക്കും?

മെല്‍ബണ്‍: ടി20 ലോകകപ്പിന്റെ സൂപ്പര്‍ 12 പോരാട്ടങ്ങള്‍ അവസാനത്തിലേക്കെത്തുമ്പോള്‍ സെമി ഫൈനല്‍ ചിത്രം വ്യക്തമായിരിക്കുകയാണ്. ഗ്രൂപ്പ് 1ല്‍ നിന്ന് ന്യൂസീലന്‍ഡും ഇംഗ്ലണ്ടും സെമി ഫൈനലിലെത്തിയപ്പോള്‍ ഗ്രൂപ്പ് 2ല്‍ നിന്ന് ഇന്ത്യയും പാകിസ്താനുമാണ് സെമിയിലെത്തിയത്. സെമിയില്‍ ഇംഗ്ലണ്ട് - ഇന്ത്യ, പാകിസ്താന്‍ ന്യൂസീലന്‍ഡ് പോരാട്ടം നടക്കാനാണ് സാധ്യത. അങ്ങനെ വന്നാല്‍ വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്.
ഫൈനലില്‍ ഇന്ത്യ - പാകിസ്താന്‍ പോരാട്ടം കാണാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. രണ്ട് ടീമും സൂപ്പര്‍ താരങ്ങളുടെ നിരയാണ്. ഗ്രൂപ്പ് ഘട്ടത്തില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇന്ത്യ ലാസ്റ്റ് ബോള്‍ ത്രില്ലറിലാണ് ജയം നേടിയെടുത്തത്. അതും വിരാട് കോലിയുടെ ഒറ്റയാള്‍ പോരാട്ട മികവില്‍. ഫൈനലില്‍ ചിരവൈരികള്‍ നേര്‍ക്കുനേര്‍ എത്തിയാല്‍ ആര്‍ക്കാവും ജയം?. ആരാധക പ്രതികരണങ്ങളിതാ.

ലോകം കാത്തിരിക്കുന്നു
ഇന്ത്യ-പാകിസ്താന്‍ ഫൈനല്‍ കാണാനായി ലോകം കാത്തിരിക്കുകയാണ്. രണ്ട് ക്രിക്കറ്റ് ബോര്‍ഡുകളും തമ്മില്‍ അഭിപ്രായ ഭിന്നത ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ രാജ്യങ്ങള്‍ തമ്മിലുള്ള വൈകാരിക പോരാട്ടമായി അത് മാറും. ഗ്രൂപ്പ് ഘട്ടത്തില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയപ്പോള്‍ വലിയ വിവാദങ്ങള്‍ മത്സരത്തിനിടെ ഉണ്ടായി. നോബോളിലടക്കം തര്‍ക്കമുണ്ടായി. അതുകൊണ്ട് തന്നെ ഇന്ത്യയെ ഫൈനലില്‍ ലഭിച്ചാല്‍ പകരം വീട്ടാനുറച്ചാവും പാകിസ്താന്‍ കാത്തിരിക്കുന്നത്.
ഇന്ത്യ പാകിസ്താന്‍ ഫൈനല്‍ മത്സരം കാണാന്‍ ആരാധകര്‍ കാത്തിരിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്. 2007ലെ ടി20 ലോകകപ്പ് ഫൈനലിനെ അനുസ്മരിപ്പിച്ച് ഇന്ത്യക്ക് കിരീടം നേടാന്‍ സാധിക്കട്ടേയെന്നാണ് ആരാധകര്‍ പറയുന്നത്. എന്നാല്‍ ഇന്ത്യയോട് കണക്കുവീട്ടാന്‍ കാത്തിരിക്കുകയാണെന്നാണ് പാകിസ്താന്‍ ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. എന്തായാലും ത്രില്ലിങ് ഫൈനലായി ഇത് മാറുമെന്നുറപ്പ്.
Also Read : T20 World Cup 2022: സിംബാബ്‌വെ നിസാരക്കാരല്ല!, ഇന്ത്യ ഭയക്കണം, മൂന്ന് കാര്യം തലവേദന

ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമല്ല
ഇന്ത്യ-പാക് ഫൈനലെത്തിയാല്‍ ഇന്ത്യക്കാവും സമ്മര്‍ദ്ദം കൂടുതല്‍. പ്രധാന പ്രശ്‌നം ഇന്ത്യയുടെ ഓപ്പണര്‍മാര്‍ ക്ലിക്കാവാത്തതാണ്. നായകനും ഓപ്പണറുമായ രോഹിത് ശര്‍മക്ക് ബാറ്റിങ്ങില്‍ തിളങ്ങാനാവുന്നില്ല. നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരം മാറ്റിനിര്‍ത്തിയാല്‍ രോഹിത്തിന്റെ മറ്റ് പ്രകടനങ്ങളൊക്കെ ഫ്‌ളോപ്പായിരുന്നു. കെ എല്‍ രാഹുലിനും വെടിക്കെട്ട് തുടക്കം നല്‍കാനാവുന്നില്ല. ഇന്ത്യയുടെ ബൗളര്‍മാര്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്താനെതിരേ മികവ് കാട്ടിയത് പ്രതീക്ഷ നല്‍കുന്നുണ്ടെങ്കിലും സമ്മര്‍ദ്ദം ഇന്ത്യക്കാവുമെന്നുറപ്പ്.

ഷഹീന്‍ ഫോമിലേക്കെത്തി
പാകിസ്താന്റെ ഏറ്റവും വലിയ കരുത്തുകളിലൊന്ന് ഷഹീന്‍ ഷാ അഫ്രീദിയെന്ന പേസറാണ്. ഗ്രൂപ്പ് ഘട്ടത്തിന്റെ തുടക്കത്തില്‍ മോശം ഫോമിലായിരുന്ന ഷഹീന്‍ ഇന്ത്യക്കെതിരേയും മികവ് കാട്ടിയില്ല. എന്നാല്‍ പഴയ താളം ഷഹീന്‍ വീണ്ടെടുത്തു. അവസാന മത്സരങ്ങളിലെല്ലാം ഗംഭീര പ്രകടനമാണ് നടത്തിയത്. ബംഗ്ലാദേശിനെതിരേ നാല് വിക്കറ്റ് പ്രകടനമാണ് ഷഹീന്‍ നടത്തിയത്. തകര്‍പ്പന്‍ ഫോമിലേക്ക് ഷഹീന്‍ എത്തിയതോടെ പാകിസ്താന്റെ കരുത്ത് ഇരട്ടിച്ചു. ഇടം കൈയന്‍ പേസര്‍മാരെ നേരിടുന്നതില്‍ ദൗര്‍ബല്യമുള്ള ഇന്ത്യയുടെ ചങ്കിടിപ്പേറ്റാന്‍ ഷഹീനാവും.

പാകിസ്താന്റെ പ്രശ്‌നവും ഓപ്പണിങ്
പാകിസ്താന്റെ പ്രധാന പ്രശ്‌നവും ഓപ്പണര്‍മാരുടെ മോശം ഫോമാണ്. ഓപ്പണിങ്ങില്‍ നായകന്‍ ബാബര്‍ അസമും മുഹമ്മദ് റിസ്വാനും ഫ്‌ളോപ്പാവുന്നു. രണ്ട് പേര്‍ക്കും മികവ് കാട്ടാന്‍ സാധിച്ചിട്ടില്ല. ബാബര്‍ ഒരു ഫിഫ്റ്റി പോലും നേടിയില്ലെന്നതാണ് എടുത്തു പറയേണ്ടത്. ഓപ്പണര്‍മാര്‍ മോശം ഫോമില്‍ കളിക്കുന്നത് പാകിസ്താന്റെ പ്രതീക്ഷകളെ തകര്‍ക്കുന്നതാണ്. ഇന്ത്യക്കെതിരേ ഗ്രൂപ്പ് ഘട്ടത്തില്‍ തിളങ്ങാന്‍ ഇരുവര്‍ക്കും സാധിച്ചിരുന്നില്ല.

2007 ആവര്‍ത്തിക്കുമോ?
2007ലെ ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യ പാകിസ്താനെ തോല്‍പ്പിച്ചാണ് കിരീടം നേടിയത്. എംഎസ് ധോണിയെന്ന ക്യാപ്റ്റന് കീഴിലാണ് ഇന്ത്യ പ്രഥമ ടി20 ലോകകപ്പ് കിരീടം അലമാരയിലെത്തിച്ചത്. ഇത്തവണ ആ നേട്ടം സ്വന്തമാക്കാന്‍ രോഹിത് ശര്‍മക്കാവുമോയെന്നതാണ് കണ്ടറിയേണ്ടത്. 2013ന് ശേഷം ഒരു ഐസിസി കിരീടം പോലും ഇന്ത്യ നേടിയിട്ടില്ല. അതുകൊണ്ട് തന്നെ ഇത്തവണ കിരീടം നേടേണ്ടത് ഇന്ത്യക്ക് അഭിമാന പ്രശ്‌നമാണ്. ഭാഗ്യം ഇന്ത്യയെ തുണക്കുമോയെന്നത് കാത്തിരുന്ന് കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications