
2024ലാണ് അടുത്ത ലോകകപ്പ്
ലോകകപ്പ് കഴിഞ്ഞാല്‍ മിക്ക ടീമുകളിലും വലിയ അഴിച്ചുപണി പ്രതീക്ഷിക്കാം. ചില ടീമുകള്‍ പുതിയ ക്യാപ്റ്റനെയും ലോകകപ്പിനു പിന്നാലെ കൊണ്ടുവന്നേക്കും. 2024ലാണ് അടുത്ത ലോകകപ്പ് നടക്കുക. അതുകൊണ്ടു തന്നെ ഈ ടൂര്‍ണമെന്റ് ലക്ഷ്യമിട്ട് പുതിയൊരു നിരയെ വാര്‍ത്തെടുക്കുകയായിരിക്കും മിക്ക ടീമുകളുടെയും ലക്ഷ്യം. ലോകകപ്പിനു ശേഷം ടി20 ഫോര്‍മാറ്റില്‍ പുതിയ ക്യാപ്റ്റന്‍മാരായി വരാന്‍ സാധ്യതയുള്ള മൂന്നു കളിക്കാര്‍ ആരൊക്കെയാവുമെന്നു നോക്കാം.

ഹാര്‍ദിക് പാണ്ഡ്യ (ഇന്ത്യ)
ഇന്ത്യയുടെ പുതിയ ടി20 നായകനായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ വരാനാണ് സാധ്യത. ലോകകപ്പോടെ നിലവിലെ നായകന്‍ രോഹിത് ശര്‍മ ടി20 ഫോര്‍മാറ്റ് മതിയാക്കാനാണ് സാധ്യത. നിലവില്‍ ഓപ്പണര്‍ കെഎല്‍ രാഹുലാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുള്ളതെങ്കിലും അദ്ദേഹത്തേക്കാള്‍ മികച്ച ക്യാപ്റ്റന്‍ ഹാര്‍ദിക്കാണെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്.

ഐപിഎല്ലില്‍ മിന്നിച്ചു
കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ഗുജാറാത്ത് ടൈറ്റന്‍സിനൊപ്പം അദ്ദേഹം തന്റെ ക്യാപ്റ്റന്‍സി മിടുക്ക് തെളിയിച്ചതാണ്. നേരത്തേ ആഭ്യന്തര ക്രിക്കറ്റില്‍പ്പോലും ക്യാപ്റ്റനായിട്ടില്ലാത്ത ഹാര്‍ദിക്കിനെ ജിടി നായകനാക്കിയപ്പോള്‍ പലരും നെറ്റി ചുളിച്ചിരുന്നു. എന്നാല്‍ അരങ്ങേറ്റക്കാര്‍ കൂടിയായ ടൈറ്റന്‍സിനെ ചാംപ്യന്‍മാരാക്കിയാണ് അദ്ദേഹം എല്ലാവരെയും ഞെട്ടിച്ചത്. ഈ വര്‍ഷം ഇന്ത്യയുടെ രണ്ടാം നിര ടീം അയര്‍ലാന്‍ഡില്‍ രണ്ടു ടി20കളുടെ പരമ്പര കളിച്ചപ്പോള്‍ നയിച്ചത് ഹാര്‍ദിക്കായിരുന്നു. പരമ്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തിരുന്നു.
Also Read: IND vs SA: 'അടുത്ത ധോണി', കൂള്‍ ഫിനിഷര്‍, സഞ്ജുവിന്റെ മികവിനെ വാഴ്ത്തി ആരാധകര്‍

ഡേവിഡ് മില്ലര്‍ (സൗത്താഫ്രിക്ക)
സൗത്താഫ്രിക്കയാണ് ലോകകപ്പിനു ശേഷം പുതിയ ടി20 നായകനെ കൊണ്ടുവരാന്‍ സാധ്യതയുള്ള മറ്റൊരു ടീം. നിലവില്‍ ടെംബ ബവുമയാണ് സൗത്താഫ്രിക്കന്‍ ടീമിനെ നയിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ബാറ്റിങില്‍ ഫോം കണ്ടെത്താനാവാതെ വലയുകയാണ് അദ്ദേഹം. അവസാനമായി ഇന്ത്യക്കെതിരേ നടന്ന മൂന്നു ടി20കളുടെ പരമ്പരയിലും ബവുമ ബാറ്റിങില്‍ വന്‍ ഫ്‌ളോപ്പായിരുന്നു.

ലോകകപ്പ് നിര്‍ണായകം
ലോകകപ്പിലും ബാറ്റിങില്‍ ടെംബ ബവുമ ക്ലിക്കായില്ലെങ്കില്‍ പുതിയ നായകനെ കൊണ്ടുവരാന്‍ സൗത്താഫ്രിക്ക നിര്‍ബന്ധിതരായി മാറും. ബവുമയ്ക്കു പകരം റീസ്സ ഹെന്‍ഡ്രിക്‌സ് ടീമിലേക്കു വരികയും ചെയ്യും. സൗത്താഫ്രിക്കയുടെ പുതിയ നായകനായി വെടിക്കെട്ട് താരം ഡേവിഡ് മില്ലര്‍ വരാനാണ് സാധ്യത.
Also Read: ചാമ്പ്യന്മാര്‍, പക്ഷെ സിഎസ്‌കെയ്ക്കും അബദ്ധം പറ്റി!, ആറ് മണ്ടന്‍ സൈനിങ്ങുകള്‍ ഇതാ

ഡേവിഡ് വാര്‍ണര്‍ (ഓസ്‌ട്രേലിയ)
നിലവില്‍ ടി20യിലെ ലോകചാംപ്യന്‍മാരായ ഓസ്‌ട്രേലിയയും ടൂര്‍ണമെന്റിനു ശേഷം പുതിയ ക്യാപ്റ്റനെ പരീക്ഷിച്ചേക്കും. നിലവില്‍ ആരോണ്‍ ഫിഞ്ചാണ് ഓസീസിനെ നയിക്കുന്നത്. പക്ഷെ ടെംബ ബവുമയെപ്പോലെ ബാറ്റിങില്‍ ഫോം കണ്ടെത്താന്‍ പാടുപെടുകയാണ് അദ്ദേഹം. തുടര്‍ച്ചയായ മോശം ഇന്നിങ്‌സുകളെ തുടര്‍ന്ന് ഈ വര്‍ഷം ഏകദിന ക്രിക്കറ്റില്‍ നിന്നും ഫിഞ്ച് വിരമിച്ചിരുന്നു.

ഫിഞ്ച് വിരമിച്ചേക്കും
ടി20 ലോകകപ്പിനു ശേഷം ടി20 ഫോര്‍മാറ്റില്‍ നിന്നും അദ്ദേഹം പടിയിറങ്ങാന്‍ സാധ്യത കൂടുതലാണ്. അങ്ങനെയെങ്കില്‍ ഓസീസിനും പുതിയ ടി20 ക്യാപ്റ്റനെ തിരയേണ്ടി വരും. വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണറാണ് ഓസീസിന്റെ ടി20 ക്യാപ്റ്റന്‍ സ്ഥാനത്തേക്കു വരാന്‍ ഏറ്റവും അനുയോജ്യനായ താരം. ഇതിനകം ഐപിഎല്ലില്‍ തന്റെ ക്യാപ്റ്റന്‍സി മിടുക്ക് അദ്ദേഹം തെളിയിച്ചിട്ടുണ്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഏക കിരീടനേട്ടം വാര്‍ണര്‍ക്കു കീഴിലായിരുന്നു.


Click it and Unblock the Notifications