T20 World Cup 2022: കുഴപ്പം പിച്ചിന്റേത്! ക്രിക്കറ്റ് പ്രേമികള്‍ ആഗ്രഹിച്ചത് ഇതല്ലെന്ന് ഇന്‍സി

ടി20 ലോകകപ്പില്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ത്രില്ലിങ് മാച്ചിനായി തയ്യാറാക്കി മെല്‍ബണിലെ പിച്ചിനെതിരേ പാകിസ്താന്റെ മുന്‍ നായകനും ഇതിഹാസ താരവുമായ ഇന്‍സമാമുള്‍ ഹഖ്. ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ആഗ്രഹിച്ചത് ഇങ്ങനെയൊരു പിച്ച് ആയിരുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ത്യ- പാക് സൂപ്പര്‍ 12 പോരാട്ടത്തെക്കുറിച്ച് സ്വന്തം യൂട്യൂബ് ചാനലിലൂടെ വിശകലനം നടത്തുകയായിരുന്നു ഇന്‍സി. കളിയില്‍ ഇന്ത്യക്കായി മാച്ച് വിന്നിങ് പ്രകടനം നടത്തിയ മുന്‍ നായകന്‍ വിരാട് കോലിയെ അദ്ദേഹം പ്രശംസിക്കുകയും ചെയ്തു.

പിച്ച് അനുയോജ്യമായിരുന്നില്ല
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ഇത്രയും വലിയൊരു മല്‍സരത്തിനു ഇങ്ങനെയുള്ള പിച്ചായിരുന്നില്ല വേണ്ടിയിരുന്നതെന്നു ഇന്‍സമാമുള്‍ ഹഖ് വ്യക്തമാക്കി. ഒരു ലക്ഷത്തോളം കാണികളാണ് മെല്‍ബണില്‍ മല്‍സരം കാണാനെത്തിയത്. പക്ഷെ ഇത്തരമൊരു വമ്പന്‍ പോരാട്ടത്തിനു യോജിച്ച പിച്ചായിരുന്നില്ല തയ്യാറാക്കിയത്. ആളുകള്‍ക്കു മല്‍സരം കൂടുതല്‍ ആസ്വദിക്കണമായിരുന്നു.
ലോകം മുഴുവനുള്ള ആളുകള്‍ തങ്ങളുടെ ജോലി പോലും മാറ്റിവച്ചാണ് ഈ മല്‍സരം കണ്ടത്. പക്ഷെ വിചിത്രമായ വിക്കറ്റായിരുന്നു മെല്‍ബണിലേത്. കളിയുടെ തുടക്കത്തില്‍ പിച്ചിന്റെ സ്വഭാവം മനസ്സിലാക്കാന്‍ പോലും സാധിച്ചില്ലെന്നും ഇന്‍സി പറയുന്നു.

ഇത്തരം വിക്കറ്റ് പാടില്ല
പാകിസ്താന്റെ ഭാഗത്തു നിന്നു പറയുയല്ല, മറിച്ച് ഒരു ക്രിക്കറ്റ് വിദഗ്ധന്റെ വീക്ഷണകോണില്‍ നിന്നാണ് ഈ പിച്ചിനെക്കുറിച്ച് ഞാന്‍ സംസാരിക്കുന്നത്. ലോകം മുഴുവന്‍ ഉറ്റുനോക്കിയ ഒരു വലിയ ടി20 മല്‍സരത്തിനു യോജിച്ച വിക്കറ്റായിരുന്നില്ല അത്. കൂടുതല്‍ മെച്ചപ്പെട്ട, ബാറ്റിങിനു കുറേക്കൂടി യോജിച്ച പിച്ച് തയ്യാറാക്കണമായിരുന്നു. 200 റണ്‍സ് പോലും ചേസ് ചെയ്യാന്‍ സാധിക്കുന്ന തരത്തിലുള്ള പിച്ചായിരുന്നു വേണ്ടിയിരുന്നത്. അങ്ങനെ ആയിരുന്നെങ്കില്‍ അതു കാണികള്‍ക്കു ഒരു യഥാര്‍ഥ ടി20 മല്‍സരത്തിന്റെ കൂടുതല്‍ ഹരം നല്‍കുമായിരുന്നു. എങ്കിലും മല്‍സരം വളരെയധികം ആവേശം കൊള്ളിക്കുന്നതായിരുന്നു. ഒരുപാട് കാര്യങ്ങള്‍ ഈ കളിയില്‍ നമുക്ക് കാണാന്‍ സാധിച്ചതായും ഇന്‍സമാം നിരീക്ഷിച്ചു.
Also Read: T20 World Cup 2022: രോഹിത്തിനും രാഹുലിനും പിഴയ്ക്കുന്നതെവിടെ? അക്തര്‍ പറയുന്നു

ആത്മവിശ്വാസത്തെ ബാധിക്കും
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള മല്‍സരം എല്ലായ്‌പ്പോഴും ഇരുടീമിനെയും സംബന്ധിച്ച് വളരെ സ്‌പെഷ്യല്‍ തന്നെയാണ്. ഈ പോരാട്ടത്തില്‍ ജയിക്കുന്ന ടീമിന്റെ ആത്മവിശ്വാസം വാനോളമുയരുകയും തോല്‍ക്കുന്ന ടീമിന്റെ ആത്മവിശ്വാസം വളരെയധികം താഴേക്കു പോവുകയും ചെയ്യും. ഇന്ത്യയോ, പാകിസ്താനോ ഇത്തരമൊരു മല്‍സരത്തില്‍ മറ്റേതെങ്കിലുമൊരു ടീമിനോടാണ് പരാജയപ്പെടുന്നതെങ്കില്‍ അതു ആത്മവിശ്വാസത്തെ സാരമായി ബാധിക്കില്ല.
അതുകൊണ്ടു തന്നെ ഈ പരാജയത്തിന്റെ പേരില്‍ തളരരുതെന്നാണ് പാക് ടീമിനോടു എനിക്കു പറയാനുള്ളത്. ഒറ്റക്കെട്ടായി, ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവണം. ഇന്ത്യക്കെതിരായ പരാജയത്തെ മനസ്സില്‍ നിന്നും എടുത്തു മാറ്റണമെന്നും ഇന്‍സമാം ഉപദേശിച്ചു.

കോലിയുടെ അതിശയിപ്പിക്കുന്ന ഇന്നിങ്‌സ്
ഇന്ത്യക്കു വേണ്ടി അതിശയിപ്പിക്കുന്ന ഇന്നിങ്‌സാണ് ഈ മല്‍സരത്തില്‍ വിരാട് കോലി കളിച്ചത്. അദ്ദേഹം അത്തരം ഇന്നിങ്‌സുകള്‍ കളിക്കാന്‍ മിടുക്കുള്ള താരം കൂടിയാണ്. അതുകൊണ്ടു തന്നെ പാകിസ്താന്‍ ടീം പരാജയത്തെക്കുറിച്ച് അമിതമായി ചിന്തിച്ച് നിരാശരാവേണ്ടതില്ല.
പാക് ടീമിന്റെ പ്രകടനം വളരെ മികച്ചത് തന്നെയായിരുന്നു. ബാറ്റിങിലും ബൗളിങിലുമെല്ലാം ടീം മികവ് പുലര്‍ത്തി. പക്ഷെ കോലിയുടെ ഒരു അസാധാരണ പ്രകടനം കളി ഇന്ത്യക്കു സമ്മാനിക്കുകയായിരുന്നുവെന്നും ഇന്‍സി വിലയിരുത്തി.
Also Read: T20 World Cup 2022: ഫ്രീഹിറ്റില്‍ 3 റണ്‍സ്, ഇന്ത്യയുടേത് കള്ളക്കളിയോ? ടോഫെല്‍ പറയും

പാകിസ്താന്‍ സെമിയിലെത്തും
ഇന്ത്യക്കെതിരായ പരാജയത്തെ പാകിസ്താന്‍ താരങ്ങള്‍ മനസ്സില്‍ നിന്നും എടുത്തു കളയണം. പകരം മുന്നോട്ടുള്ള മല്‍സരങ്ങളെക്കുറിച്ച് ചിന്തിക്കുകയാണ് വേണ്ടത്. ഈ ടീമിനു തീര്‍ച്ചയായും ശേഷിയുണ്ട്. ഇനിയും മുന്നോട്ടു പോവാനും സെമി ഫൈനല്‍ കളിക്കാനും പാക് ടീമിനു സാധിക്കും.
ഇന്ത്യക്കെതിരേ ഇഫ്തിഖാര്‍ അഹമ്മദ്, ഷാന്‍ മസൂദ് എന്നിവര്‍ തീര്‍ച്ചയായും ക്രെഡിറ്റ് അര്‍ഹിക്കുന്നു. ബാറ്റ് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടേറിയ സാഹചര്യത്തിലാണ് ഇരുവരും ഫിഫ്റ്റിയടിച്ച് ടീമിനെ രക്ഷിച്ചതെന്നും ഇന്‍സാം കൂട്ടിച്ചേര്‍ത്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications