
ഭയത്തോടെ കളിക്കുന്നു
ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും കെഎല്‍ രാഹുലും ഭയത്തോടെയാണ് കളിക്കുന്നതെന്നു ഷുഐബ് അക്തര്‍ വിമര്‍ശിച്ചു. സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് ഇരുവരുടെയും ബാറ്റിങ് സമീപനത്തെ അദ്ദേഹം കുറ്റപ്പെടുത്തിയത്.
ഭയത്തോടെയാണ് രോഹിത്തും രാഹുലും കളിക്കുന്നതെന്നു തോന്നുന്നു. ക്യാപ്റ്റനായതിനു ശേഷം രോഹിത് കൂടുതല്‍ ശാന്തനായിട്ടാണ് ബാറ്റിങില്‍ കാണപ്പെടുന്നത്. കെഎല്‍ രാഹുലാവട്ടെ സ്വയം തന്നില്‍ത്തന്നെ കൂടുതല്‍ ഫോക്കസ് ചെയ്ത് കുഴപ്പത്തിലാവുകയും ചെയ്യുകയാണ്. അതു ചെയ്യരുതെന്നും അക്തര്‍ ഉപദേശിച്ചു.

ജീവിതത്തിലെ ഏറ്റവും വലിയ ഇന്നിങ്‌സ്
ജീവിതത്തിലെ ഏറ്റവും വലിയ ഇന്നിങ്‌സാണ് വിരാട് കോലി ഈ മല്‍സരത്തില്‍ കളിച്ചതെന്നു ഷുഐബ് അക്തര്‍ അഭിപ്രായപ്പെട്ടു. തനിക്കു അതു സാധിക്കുമെന്ന വിശ്വാസമാണ് ഇത്തരമൊരു ഇന്നിങ്‌സ് കളിക്കാന്‍ അദ്ദേഹത്തെ സഹായിച്ചതെന്നും റാവല്‍പിണ്ടി എക്‌സ്പ്രസ് പറഞ്ഞു. മൂന്നു വര്‍ഷത്തോളം അദ്ദേഹത്തിനു കാര്യമായി റണ്ണെടുക്കാനായില്ല. കൂടാതെ ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റപ്പെടുകയുമെല്ലാം ചെയ്തിരുന്നു. വളരെയധികം വിമര്‍ശനങ്ങളും പല കോണുകളില്‍ നിന്നും നേരിടേണ്ടി വന്നു. പക്ഷെ കോലി കഠിനാധ്വാനം നടത്തിക്കൊണ്ടിരുന്നുവെന്നും അക്തര്‍ പറഞ്ഞു.
Also Read: T20 World Cup 2022: എതിരാളി പാകിസ്താനോ? കോലി കത്തികയറും! അഞ്ചില്‍ നാലിലും 50 പ്ലസ്

ഏറ്റവും വലിയ വേദി
ഇപ്പോള്‍ ദീപാവലിയുടെ ഈ അവസരത്തില്‍ വിരാട് കോലി കരിയര്‍ ബെസ്റ്റ് ഇന്നിങ്‌സ് കളിച്ചിരിക്കുകയാണ്. തന്റെ തിരിച്ചുവരവിനും പഴയ പേര് തിരിച്ചുപിടിക്കാനും ഏറ്റവും മികച്ച വേദി ഇതു തന്നെയാണെന്ന് കോലി മനസ്സിലാക്കുകയും ഗംഭീര ഇന്നിങ്‌സ് പുറത്തെടുക്കുകയും ചെയ്യുകയായിരുന്നു.
കിങ് കോലി തിരിച്ചുവന്നിരിക്കുകയാണെന്നു ഞാന്‍ കരുതുന്നു. എനിക്കു വളരെയധികം സന്തോഷമുണ്ട്. മഹാനായ ക്രിക്കറ്ററാണ് കോലി. ടി20യില്‍ നിന്നും അദ്ദേഹം വിരമിക്കണമെന്നാണ് എന്റെ ആഗ്രഹം. കാരണം തന്റെ കഴിവ് മുതല്‍ ടി20യില്‍ കോലി പാഴാക്കരുതെന്നു ഞാന്‍ ആഗ്രഹിക്കുന്നു. ഇതിന്റെ പകുതി ശ്രമിക്കുകയാണെങ്കില്‍ ഏകദിനത്തില്‍ ട്രിപ്പിള്‍ സെഞ്ച്വറി വരെ കോലിക്കു നേടാന്‍ കഴിയുമെന്നും ഷുഐബ് അക്തര്‍ കൂട്ടിച്ചേര്‍ത്തു.

പാകിസ്താന് വളരെ നന്നായി കളിച്ചു
ഇന്ത്യയോടു പരാജയം സമ്മതിക്കേണ്ടി വന്നെങ്കിലും പാകിസ്താന്‍ വളരെ നന്നായി കളിച്ചതായി ഷുഐബ് അക്തര്‍ അഭിപ്രായപ്പെട്ടു. പാക് മികച്ച പെര്‍ഫോമന്‍സാണ് നടത്തിയത്. ഇഫ്തിഖര്‍ അഹമ്മദിന്റെ ഇന്നിങ്‌സ് ഉജ്ജ്വലമായിരുന്നു. നേരത്തേ നിങ്ങളെ ഞാന്‍ ഒരുപാട് വിമര്‍ശിച്ചിട്ടുണ്ട്. പക്ഷെ ഈ കളിയില്‍ അതിശയിപ്പിക്കുന്ന ഇന്നിങ്‌സാണ് ഇഫ്തിഖര്‍ പുറത്തെടുത്തത്.

മസൂദ്, നസീം, റൗഫ്
ഷാന്‍ മസൂദിന്റെയും പ്രകടനം ഉജ്ജ്വലമായിരുന്നു. ടെസ്റ്റ് ക്രിക്കറ്ററായി തുടങ്ങി പിന്നീട് ഏകദിനത്തിലും ഇപ്പോള്‍ ടി20യിലും എത്തിയിരിക്കുകയാണ് മസൂദ്. നസീം ഷാ, ഹാരിസ് റൗഫ് എന്നിവരും പ്രശംസ അര്‍ഹിക്കുന്നു. ഷഹീന്‍ അഫ്രീഡി കൂടുതല്‍ ഫിറ്റായിരിക്കാന്‍ ശ്രദ്ധിക്കണം. നിങ്ങള്‍ ഇപ്പോള്‍ പൂര്‍ണമായി ഫിറ്റല്ല. പാകിസ്താന് ഷഹീനെ ആവശ്യമുണ്ട്. ബാബര്‍ ആസവും മുഹമ്മദ് റിസ്വാനും കഴിയുന്നത്രയും ക്രീസില്‍ നില്‍ക്കാന്‍ ശ്രമിക്കണമെന്നും അക്തര്‍ ആവശ്യപ്പെട്ടു.


Click it and Unblock the Notifications












