T20 World Cup 2022: ഇന്ത്യ പരിശീലകരെ മാറ്റണം, മെന്ററായി എബിഡി വരണം!, നിര്‍ദേശിച്ച് മുന്‍ താരം

അഡ്‌ലെയ്ഡ്: ടി20 ലോകകപ്പിലെ ഇന്ത്യയുടെ സെമിയിലെ പുറത്താകലിന് പിന്നാലെ ചര്‍ച്ചകള്‍ സജീവമാണ്. ഇന്ത്യയുടെ പിഴവുകള്‍ കണ്ടെത്തി തിരുത്തി തിരിച്ചുവരാനുള്ള വഴി നിര്‍ദേശിക്കുകയാണ് ആരാധകരും മുന്‍ താരങ്ങളും. വലിയ പ്രതീക്ഷയോടെയെത്തിയ ഇന്ത്യ ഗ്രൂപ്പ് രണ്ടിലെ ചാമ്പ്യന്മാരായാണ് സെമിയിലേക്കെത്തിയതെങ്കിലും സെമിയില്‍ ഇംഗ്ലണ്ടിനോട് 10 വിക്കറ്റിന്റെ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയാണ് പുറത്തായത്.
ഇന്ത്യയുടെ മെല്ലെപ്പോക്ക് ബാറ്റിങ് ശൈലിയും ബൗളര്‍മാരുടെ നിരാശപ്പെടുത്തുന്ന പ്രകടനവുമെല്ലാം തോല്‍വിയുടെ കാരണമായി പറയാം. മറ്റൊരു പ്രധാനപ്പെട്ട കാര്യം ഇന്ത്യയുടെ തന്ത്രങ്ങളുടെ പോരായ്മയാണ്. രാഹുല്‍ ദ്രാവിഡ് എന്ന മുന്‍ ഇന്ത്യന്‍ ഇതിഹാസത്തിന്റെ തന്ത്രങ്ങള്‍ ടി20യില്‍ എത്രമാത്രം ഗുണം ചെയ്യുന്നുവെന്നത് പ്രസക്തമായ ചോദ്യമാണ്. ഇപ്പോഴിതാ ഇന്ത്യയുടെ പരിശീലക സംഘത്തില്‍ മാറ്റം വേണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ പേസര്‍ അതുല്‍ വാസന്‍.

എബി ഡിവില്ലിയേഴ്‌സിനെ മെന്ററാക്കണം
ഇന്ത്യക്ക് ടി20യില്‍ പരിശീലകരായി വേണ്ടത് അടിച്ചുതകര്‍ത്ത് കളിച്ച് അനുഭവസമ്പത്തുള്ളവരെയാണെന്നാണ് അതുല്‍ വാസന്‍ പറയുന്നത്. മുന്‍ ദക്ഷിണാഫ്രിക്കന്‍ ഇതിഹാസവും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ എബി ഡിവില്ലിയേഴ്‌സിനെ ഇന്ത്യ ഉപദേഷ്ടാവാക്കണമെന്നാണ് അതുല്‍ ഉപദേശിച്ചിരിക്കുന്നത്. 'ടി20യിലും ടെസ്റ്റിലും ഇന്ത്യക്ക് ഒരേ പരിശീലകരെന്ന രീതി ശരിയാവില്ല. എന്തുകൊണ്ട് എബി ഡിവില്ലിയേഴ്‌സിനെപ്പോലെയുള്ളവരെ ഉപദേഷ്ടാവായി ഇന്ത്യ ലോകകപ്പിലേക്ക് വിളിക്കുന്നില്ല?. ടീമിന് കൂടുതല്‍ മികവേകാന്‍ ഡിവില്ലിയേഴ്‌സിന് സാധിക്കും. ടി20യില്‍ എങ്ങനെ നല്ല ഷോട്ടുകള്‍ സൃഷ്ടിക്കണമെന്നത് പഠിപ്പിക്കാന്‍ ഡിവില്ലിയേഴ്‌സിന് സാധിക്കുമെന്നാണ് പ്രതീക്ഷ-പിടിഐയോട് സംസാരിക്കവെ വാസന്‍ പറഞ്ഞു.
Also Read : 2024ലെ ടി20 ലോകകപ്പില്‍ കപ്പടിക്കണോ? ഇന്ത്യ എവിടെ മെച്ചപ്പെടണം? അഞ്ച് മാറ്റങ്ങളിതാ

ഇന്ത്യക്ക് പുതിയൊരു ടീം വേണം
പ്രധാനപ്പെട്ട ടി20 മത്സരങ്ങളിലൂടെ ഇന്ത്യക്ക് പുതിയൊരു ടീം വേണമെന്ന കാര്യം വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്. 2007ലെ ലോകകപ്പ് നോക്കുക. അധികം സൂപ്പര്‍ താരങ്ങളൊന്നുമില്ലാതെ യുവാക്കളുടെ നിരയായിരുന്നു ഇന്ത്യ. അവര്‍ സ്വാതന്ത്ര്യത്തോടെ കളിച്ച് കപ്പടിച്ചു. നമ്മള്‍ ഇപ്പോള്‍ വലിയ പേരുകളെ എല്ലായ്‌പ്പോഴും ഒപ്പം കൂട്ടാന്‍ ശ്രമിക്കുകയാണ്. ഐപിഎല്ലിലെ മികവിന്റെ അടിസ്ഥാനത്തില്‍ ലോകകപ്പ് നേടാമെന്ന തെറ്റായ കണക്കുകൂട്ടലിലാണ് ഇപ്പോഴും ഇന്ത്യ. സമ്മര്‍ദ്ദ സമയങ്ങളില്‍ ടീം ഭയപ്പെടുന്നു- വാസന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ശൈലി മാറണം
ടി20യിലെ ഇന്ത്യയുടെ ശൈലി മാറേണ്ടത് അത്യാവശ്യമാണ്. പ്രധാനമായും പവര്‍പ്ലേയില്‍. പതിയെ നിലയുറപ്പിച്ച ശേഷം റണ്‍സ് നേടുകയെന്നതാണ് ഇന്ത്യയുടെ സീനിയര്‍ ഓപ്പണര്‍മാരുടെ ശൈലി. ഇതോടെ ഫീല്‍ഡിങ് നിയന്ത്രണമുള്ള പവര്‍പ്ലേയില്‍ 50 റണ്‍സ് പോലും നേടാന്‍ ഇന്ത്യക്ക് സാധിക്കാതെ പോകുന്നു. ടി20 ലോകകപ്പിലെ മിക്ക മത്സരങ്ങളിലും ആദ്യ ഓവര്‍ കെ എല്‍ രാഹുല്‍ മെയ്ഡനാക്കിയിരുന്നു. ആദ്യത്തെ 10 ഓവര്‍ പിടിച്ചുനിന്ന് പിന്നീടുള്ള 10 ഓവര്‍ ആക്രമിക്കുകയെന്നതാണ് നിലവിലെ ഇന്ത്യയുടെ രീതി. എന്നാല്‍ ടി20യില്‍ ഇത് വളരെ മോശം പദ്ധതിയാണ്. ഈ രീതിയാണ് ഇന്ത്യ ആദ്യം മാറ്റേണ്ടത്.

സെവാഗ്, ധോണി ഇവരെയൊക്കെ ഉപയോഗിക്കണം
ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് താരങ്ങളുടെ സേവനം പ്രധാന ടൂര്‍ണമെന്റുകളില്‍ ഇന്ത്യക്ക് തേടാവുന്നതാണ്. 2021ലെ ടി20 ലോകകപ്പില്‍ എംഎസ് ധോണി ഇന്ത്യയുടെ ഉപദേഷ്ടാവായി ഒപ്പമുണ്ടായിരുന്നു. അന്ന് രവി ശാസ്ത്രിയായിരുന്നു ഇന്ത്യയുടെ പരിശീലകന്‍. എന്നാല്‍ ഇന്ത്യക്ക് കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ അന്ന് സാധിച്ചില്ല. എന്നാല്‍ ധോണിയെപ്പോലെയുള്ള വിജയിച്ച നായകന്മാര്‍ക്ക് കൂടുതല്‍ അവസരം ഇന്ത്യ നല്‍കേണ്ടതായുണ്ട്. വീരേന്ദര്‍ സെവാഗ്, ഗൗതം ഗംഭീര്‍, എംഎസ് ധോണി, യുവരാജ് സിങ് എന്നിവരുടെയെല്ലാം സേവനം ഇന്ത്യക്ക് ടി20യില്‍ തേടാവുന്നതാണ്.

ഭയമില്ലാതെ കളിക്കുന്നവര്‍ വേണം
നിലവിലെ ഇന്ത്യന്‍ ടീമില്‍ സൂപ്പര്‍ താരങ്ങള്‍ നിരവധിയാണ്. ഒന്നോ രണ്ടോ പ്രകടനം മോശമാവുമ്പോള്‍ ഇവരില്‍ പലരും സമ്മര്‍ദ്ദത്തിന് കീഴ്‌പ്പെടുന്നു. ഇതോടെ ബാറ്റിങ്ങിന്റെ വേഗം കുറയുന്നു. എന്നാല്‍ ഇന്ത്യക്ക് വേണ്ടത് തുടക്കം മുതല്‍ ഭയമില്ലാതെ ആക്രമിക്കുന്നവരെയാണ്. അതിന് ശേഷിയുള്ള യുവതാരങ്ങള്‍ പുറത്തുണ്ട്. ഇവരെയെല്ലാം പരിഗണിച്ച് ഇന്ത്യ ശക്തമായ ടി20 ടീമിനെ സൃഷ്ടിച്ചെടുക്കുകയാണ് വേണ്ടത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications