
ഇന്ത്യയില്‍ നടക്കുന്ന ന്യൂസീലന്‍ഡ് പരമ്പരയില്‍ ദ്രാവിഡിന്റെ പരിശീലനത്തിന് കീഴിലാവും ഇന്ത്യ ഇറങ്ങുക. കളിക്കാരനെന്ന നിലയില്‍ ബാറ്റ്‌സ്മാന്‍,ബൗളര്‍,വിക്കറ്റ് കീപ്പര്‍ തുടങ്ങി സമസ്ത മേഖലയിലും കൈവെച്ചിട്ടുള്ള ദ്രാവിഡ് പരിശീലകനെന്ന നിലയില്‍ ഇതിനോടകം മികവ് തെളിയിച്ചാണ് ഇന്ത്യയുടെ മുഖ്യ പരിശീലകസ്ഥാനം ഏറ്റെടുക്കുന്നത്. ഇന്ത്യയുടെ അണ്ടര്‍ 19 ടീമിനെ ലോകകപ്പ് കിരീടം ചൂടിച്ച ദ്രാവിഡ് ഇന്ത്യ എ ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. ഏറെ നാളുകളായി ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായും ദ്രാവിഡ് പ്രവര്‍ത്തിച്ച് വരികെയാണ്.
Also Read: T20 World Cup: ഇന്ത്യയുടെ അബദ്ധങ്ങള്‍ ലോകകപ്പിനു മുമ്പ് തന്നെ തുടങ്ങി! ആഞ്ഞടിച്ച് മുന്‍ താരം

ഇന്ത്യയുടെ മുഖ്യ പരിശീലകനായി ദ്രാവിഡ് എത്തുന്നത് ഇന്ത്യയുടെ ഭാവിക്ക് വളരെ സഹായകരമായേക്കും. യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരാന്‍ പ്രത്യേകം ശ്രദ്ധ നല്‍കുന്ന പരിശീലകനാണ് ദ്രാവിഡ്. രവി ശാസ്ത്രി പടിയിറങ്ങുമ്പോള്‍ മികച്ച ടീം കരുത്ത് ഇന്ത്യക്കൊപ്പമുണ്ട്. എന്നാല്‍ ദ്രാവിഡിന് ജോലി എളുപ്പമാവില്ല. നിരവധി പ്രശ്‌നങ്ങള്‍ ഇന്ത്യക്ക് പരിഹരിക്കേണ്ടതായുണ്ട്. ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകനായി എത്തുമ്പോള്‍ പ്രധാന വെല്ലുവിളിയാവുന്ന മൂന്ന് കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം.
Also Read: T20 World Cup 2021: അഫ്ഗാനിസ്ഥാനോട് ജയിക്കണോ? ഇന്ത്യ ഈ മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കണം

ടീമിലെ തമ്മിലടിക്ക് പരിഹാരം വേണം
ഇന്ത്യന്‍ ടീമിനുള്ളില്‍ നിലവില്‍ നിരവധി പ്രശ്‌നങ്ങളുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഇതിന് പരിഹാരം കാണുകയെന്നതാണ് ദ്രാവിഡിന് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇന്ത്യന്‍ നായകന്‍ വിരാട് കോലി ടി20 ലോകകപ്പിന് ശേഷം ടി20 നായകസ്ഥാനം ഒഴിയും. ഏകദിന ക്യാപ്റ്റന്‍സ്ഥാനത്ത് നിന്നും കോലിയെ മാറ്റുമെന്നാണ് സൂചന. നിലവില്‍ കോലിയെ അനുകൂലിക്കുന്ന പക്ഷം,എതിര്‍ക്കുന്ന പക്ഷം ഇങ്ങനെ രണ്ട് പക്ഷം ഇന്ത്യന്‍ ടീമിലുണ്ടെന്നാണ് സൂചനകള്‍. ടീമിനുള്ളിലെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഇന്ത്യന്‍ ടീമില്‍ വലിയ പൊട്ടിത്തെറികള്‍ക്കും അത് മൂലം പ്രകടനം മോശമാകാനുള്ള സാധ്യതയും നിലനില്‍ക്കുന്നു.

സീനിയര്‍ താരങ്ങളെ കൈകാര്യം ചെയ്യുക പ്രയാസമാവും
നിലവിലെ ഇന്ത്യന്‍ ടീമില്‍ സീനിയര്‍ താരങ്ങളുടെ എണ്ണം കൂടുതലാണ്. വിരാട് കോലി,രോഹിത് ശര്‍മ,കെ എല്‍ രാഹുല്‍,ജസ്പ്രീത് ബുംറ,ആര്‍ അശ്വിന്‍,മുഹമ്മദ് ഷമി,രവീന്ദ്ര ജഡേജ എന്നിവരെല്ലാം ഏറെ നാളുകളായി ഇന്ത്യന്‍ ടീമിനൊപ്പമുള്ളവരാണ്. ഇവരില്‍ പലരും ദ്രാവിഡിനോടൊപ്പം കളിച്ചിട്ടുള്ളവരുമാണ്. അതിനാല്‍ത്തന്നെ ദ്രാവിഡ് പരിശീലകനായി എത്തുമ്പോള്‍ സീനിയര്‍ താരങ്ങളെ ഒത്തൊരുമയോടെ കൊണ്ടുപോവുകയെന്നത് പ്രധാനപ്പെട്ട കാര്യമാണ്. കര്‍ക്കശ സ്വഭാവം തന്നെ രാഹുല്‍ പിന്തുടര്‍ന്നാല്‍ സീനിയര്‍ താരങ്ങള്‍ പ്രതികരിക്കാനും ടീമിനുള്ളില്‍ വീണ്ടും പ്രശ്‌നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയും കൂടുതലാണ്.

ഐസിസി ട്രോഫി വേണം
ഓസ്‌ട്രേലിയയില്‍ രണ്ട് തവണ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടിയതും ഇംഗ്ലണ്ടില്‍ ഗംഭീര പ്രകടനം നടത്തിയതുമെല്ലാം രവി ശാസ്ത്രിയുടെ പരിശീലനത്തിന് കീഴിലെ ഇന്ത്യയുടെ നേട്ടമാണ്. എന്നാല്‍ ഐസിസി കിരീടം രവി ശാസ്ത്രിയില്‍ നിന്ന് അകന്ന് നിന്നു. രാഹുല്‍ ദ്രാവിഡ് എത്തുമ്പോള്‍ ഇന്ത്യ ഏറ്റവും കൂടുതല്‍ പ്രതീക്ഷിക്കുന്നതും ഐസിസി കിരീടമാണ്. അടുത്ത വര്‍ഷം ടി20 ലോകകപ്പ് നടക്കാനിരിക്കെ ഇന്ത്യയെ ലോകകപ്പ് കിരീടത്തിലേക്കെത്തിക്കുകയെന്നത് ദ്രാവിഡിന്റെ മുന്നിലെ പ്രധാന വെല്ലുവിളിയാണ്. നിലവില്‍ വിദേശത്ത് ഗംഭീര പ്രകടനം നടത്തുന്ന ഇന്ത്യന്‍ ടീമിന്റെ പ്രകടന മികവ് നഷ്ടപ്പെട്ട് പോകാതെ നോക്കേണ്ടതും പ്രധാനപ്പെട്ട ജോലി തന്നെയാണ്.


Click it and Unblock the Notifications