IPL 2027: എംഐയിലേക്കു വരാം, പക്ഷെ ക്യാപ്റ്റനാക്കണമന്ന് ജയ്‌സ്വാള്‍!! മുംബൈയുടെ തീരുമാനമിങ്ങനെ?
ഐപിഎല്ലിന്റെ അടുത്ത സീസണിനു മുന്നോടിയായി വലിയൊരു ട്രേഡിന് ക്രിക്കറ്റ് ലോകം വൈകാതെ തന്നെ സാക്ഷിയാവും. കഴിഞ്ഞ ട്രേഡ് വിന്‍ഡോയില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു ചേക്കേറിയത് വലിയ സര്‍പ്രൈസ് തന്നെയായിരുന്നു.
കാരണം റോയല്‍സ് ക്യാപ്റ്റനായി വിലസവെ വെറുമൊരു താരമായി അദ്ദേഹം ചെന്നൈക്കൊപ്പം ചേരുമെന്ന് ആരും പ്രതീക്ഷിച്ചതുമല്ല. സമാനമായ മറ്റൊരു വമ്പന്‍ ട്രാന്‍സ്ഫറാണ് അടുത്തതയായി വരാനിരിക്കുന്നത്. ഈ ട്രേഡില്‍ ഉള്‍പ്പെട്ടതാവട്ടെ രണ്ടു സൂപ്പര്‍ താരങ്ങളുമാണ്.

മുംബൈ ഇന്ത്യന്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയുടെ റോയല്‍സിലേക്കുള്ള കൂടുമാറ്റവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. പകരം മുംബൈയ്ക്കു റോയല്‍സ് വിട്ടുകൊടുക്കുക യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെയാണ്. എന്നാല്‍ മുംബൈയിലേക്കു വരണമെങ്കില്‍ പുതിയൊരു ഡിമാന്റ് അദ്ദേഹം വച്ചിട്ടുണ്ടെന്ന വിവരമാണ് പുറത്തു വരുന്നത്.
ജയ്‌സ്വാളിന്റെ ഡിമാന്റ്
ഇന്ത്യന്‍ ടീമുകളില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു കൊണ്ടിരിക്കുന്ന താരമാണ് യശസ്വി ജയ്‌സ്വാള്‍. അതുകൊണ്ടു തന്നെ നേതൃനിരയിലേക്കും വരാന്‍ അദ്ദേഹം ഏറെ ആഗ്രഹിക്കുന്നുമുണ്ട്. ഇതിന്റെ ആദ്യ പടിയായി ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനാവണമെന്നത് ജയ്‌സ്വാളിന്റെ വലിയ സ്വപ്‌നവുമായിരുന്നു.
കഴിഞ്ഞ സീസണിനു മുന്നോടിയായി നായകന്‍ സഞ്ജു സാംസണ്‍ ട്രേഡ് വിന്‍ഡോയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കു മാറിയപ്പോള്‍ അടുത്ത ക്യാപ്റ്റന്‍ സ്ഥാനം തനിക്കായിരിക്കുമെന്നും ജയ്‌സ്വാള്‍ കണക്കുകൂട്ടി. ഈ കാരണത്താലാണ് കഴിഞ്ഞ ട്രേഡില്‍ അദ്ദേഹത്തിനായി മുംബൈ ഇന്ത്യന്‍സ് സമീപിച്ചപ്പോള്‍ അതു നിരസിച്ചത്.
പക്ഷെ ജയ്‌സ്വാള്‍ പ്രതീക്ഷിച്ചതു പോലെ റോയല്‍സിന്റെ നായകസ്ഥാനം ലഭിച്ചതുമില്ല. പകരം ടീമിന്റെ തലപ്പത്ത് സ്വാധീനമുള്ള റിയാന്‍ പരാഗിന് ക്യാപ്റ്റനായി നറുക്കുവീഴുകയും ചെയ്തു. ഇതില്‍ ജയ്‌സ്വാളിന് ഏറെ നിരാശയുമുണ്ടായിരുന്നു.
ഇപ്പോള്‍ മുംബൈ വീണ്ടും തന്നെ സ്വന്തമാക്കാന്‍ സമീപിച്ചപ്പോള്‍ അദ്ദേഹം മുന്നോട്ടു വച്ചത് ഒരു ഡിമാന്റ് മാത്രമാണ്. റോയല്‍സ് വിട്ട് എംഐയിലേക്കു വരാന്‍ റെഡിയാണെങ്കിലും ടീമിന്റെ ക്യാപ്റ്റന്‍സി തനിക്കു നല്‍കണമെന്നതായിരുന്നു ഈ ഡിമാന്റ്.
ജയ്‌സ്വാളിന്റെ ഈ ഡിമാന്റ് മുംബൈ ടീം മാനേജ്‌മെന്റ് അംഗീകിച്ചതായും അടുത്ത നായകനാക്കുമെന്നു ഉറപ്പും നല്‍കിയിട്ടുണ്ടെന്നാണ് വിവിധ റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.
മുംബൈയിലേക്കുള്ള ട്രാന്‍സ്ഫറിനൊപ്പം ക്യാപ്റ്റന്‍സി കൂടി ലഭിക്കുകയാണെങ്കില്‍ അതു ജയ്‌സ്വാളിന്റെ കരിയറിനു ഏറെ ഗുണം ചെയ്യുമെന്നതില്‍ സംശയമില്ല. കാരണം എംഐയുടെ നായകസ്ഥാനം ജയ്‌സ്വാളിനു ഇന്ത്യന്‍ ടി20 ടീമിലേക്കുള്ള മടങ്ങിവരവിന് കൂടിയാവും വഴി തുറക്കുക.

മാത്രമല്ല, നേരത്തേ മുംബൈ ക്യാപ്റ്റന്‍മാരായിട്ടുള്ള പലരും ടീം ഇന്ത്യയുടെ നായകസ്ഥാനത്തേക്കും വന്നിട്ടുള്ളതാണ്. രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് തുടങ്ങിയവരെല്ലാം ഇതിനു ഉദാഹരണങ്ങളാണ്. കൂടാതെ റോയല്‍സിനേക്കാള്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറെ സ്വാധീനമുണ്ടാക്കാറുള്ള ഫ്രാഞ്ചൈസി കൂടിയാണ് എംഐ.
അതേസമയം, ജയ്‌സ്വാളിനു പകരം റോയല്‍സിലേക്കു മാറുന്ന മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കു അവിടെയും നായകസ്ഥാനം ലഭിക്കുമോയെന്നതു സംശയമാണ്. അദ്ദേഹം ക്യാപ്റ്റന്‍സി ആവശ്യപ്പെട്ടിട്ടുണ്ടോയെന്നതും വ്യക്തമല്ല. പരാഗിനു കീഴില്‍ റോയല്‍സിന്റെ ആദ്യത്തെ ഫുള്‍ സീസണായിരുന്നു അത്.
ബാറ്റിങില്‍ അത്ര വലിയ ഇംപാക്ടുണ്ടാക്കിയില്ലെങ്കിലും ക്യാപ്റ്റന്‍സിയില്‍ അദ്ദേഹം മോശമാക്കിയില്ല. ടീമിനെ പ്ലേഓഫിലെത്തിക്കാനും പരാഗിനു സാധിക്കുകയും ചെയ്തു. അതുകൊണ്ടു തന്നെ ട്രേഡില്‍ ഹാര്‍ദിക് വന്നാലും നായകന്റെ റോളില്‍ പരാഗ് തന്നെ തുടരാനാണ് സാധ്യത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications


