
പോസിറ്റീവുകള്‍- അക്ഷറിന്റെ വളര്‍ച്ച
ഒരു ഓള്‍റൗണ്ടറെന്ന നിലയില്‍ അക്ഷര്‍ പട്ടേലിന്റെ വളര്‍ച്ചയും പക്വതയുമാണ് ഇന്ത്യയെ സംബന്ധിച്ച് പരമ്പരയിലെ വലിയ പോസിറ്റീവുകളിലൊന്ന്. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ അഭാവം നികത്തുകയെന്ന വലിയ ദൗത്യമാണ് അദ്ദേഹത്തിനുള്ളത്. അതില്‍ ഒരു പരിധി വരെ അക്ഷര്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്.
മൂന്നു ഇന്നിങ്‌സുകളില്‍ ഏഴാം നമ്പറില്‍ ബാറ്റ് ചെയ്ത അദ്ദേഹം ഫിനിഷറുടെ റോള്‍ ഭംഗിയായി നിറവേറ്റി. 117 റണ്‍സ് സ്‌കോര്‍ ചെയ്ത താരം പരമ്പരയില്‍ ഒരു തവണ മാത്രമേ പുറത്തായുള്ളൂ. 195 ആണ് സ്‌ട്രൈക്ക് റേറ്റ്.
ബാറ്റിങിനൊപ്പം 24.67 ശരാശരിയില്‍ മൂന്നു വിക്കറ്റുകളോടെ അക്ഷര്‍ ബൗളിങിലും തിളങ്ങി. പ്ലെയര്‍ ഓഫ് ദി സീരീസായി തിരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹം തന്നെയായരുന്നു.

താരപദവിയിലേക്ക് ഉമ്രാന്‍ മാലിക്ക്
സ്പീഡ് സ്റ്റാര്‍ ഉമ്രാന്‍ മാലിക്ക് താരപദവിയിലേക്കു ഉയരുന്നതും ഈ ടി20 പരമ്പരയില്‍ കാണാന്‍ സാധിച്ചു. ഓരോ മല്‍സരങ്ങള്‍ കളിയുന്തോറും കൂടുതല്‍ മെച്ചപ്പെട്ടു കൊണ്ടിരിക്കുന്ന താരം ടീമിലെ സ്ഥിരം സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുകയാണ്.
ഈ പരമ്പരയില്‍ ഏറ്റവുമധികം വിക്കറ്റുകളെടുത്തത് ഉമ്രാനാണ്. മൂന്നു മല്‍സരങ്ങളില്‍ നിന്നും 15.14 ശരാശരിയില്‍ ഏഴു വിക്കറ്റുകള്‍ പേസര്‍ നേടി.
ഇന്ത്യക്കു വിക്കറ്റ് ആവശ്യമായപ്പോഴെല്ലാം അതു നേടിത്തരാന്‍ നായകന്‍ ഹാര്‍ദിക് നിയോഗിച്ചത് ഉമ്രാനെയായിരുന്നു. ക്യാപ്റ്റന്‍ തന്നിലര്‍പ്പിച്ച വിശ്വാസം കാക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്തു. കളിയുടെ നിര്‍ണായക ഘട്ടങ്ങളിലെല്ലാം ഉമ്രാന്‍ വിക്കറ്റുകളെടുത്തിട്ടുണ്ട്.
അതുകൊണ്ടു തന്നെ പരമ്പര നേട്ടത്തില്‍ താരം നിര്‍ണായക പങ്കുംവഹിച്ചുവെന്നു നിസംശയം പറയാം. 9.43 എന്ന ഇക്കോണമി റേറ്റ് മാത്രമാണ് ഉമ്രാന്റെ ഒരേയൊരു പോരായ്മയായി പറയാവുന്നത്. എന്നാല്‍ കൂടുതല്‍ മല്‍സരങ്ങളില്‍ കളിക്കുന്നതിലൂടെ ഇതു മെച്ചപ്പെടാന്‍ പേസര്‍ക്കു കഴിയും.
Also Read: ഏകദിന ലോകകപ്പില്‍ രാഹുല്‍ വേണ്ട! ഒഴിവാക്കണം, കപ്പടിക്കാന്‍ ഇന്ത്യ റിസ്‌കെടുക്കണം

ക്യാപ്റ്റന്‍ ഹാര്‍ദിക്
ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വളര്‍ച്ചയാണ് പരമ്പരയിലെ മൂന്നാമത്തെ വലിയ പോസിറ്റീവ്. യുവതാരങ്ങള്‍ക്കു പിന്തുണയും ആത്മവിശ്വാവും നല്‍കി ഒപ്പം നിന്ന അദ്ദേഹം അവരെ ഏറ്റവും മികച്ച പ്രകടനം പുറത്തുകൊണ്ടുവരാന്‍ സഹായിക്കുകയും ചെയ്തു.
മുംബൈയിലെ ആദ്യ ടി20യില്‍ 20ാം ഓവറില്‍ 13 റണ്‍സ് പ്രതിരോധിക്കാന്‍ ഹാര്‍ദിക് ഏല്‍പ്പിച്ചത് അക്ഷര്‍ പട്ടേലിനെയായിരുന്നു. ഈ ചൂതാട്ടത്തില്‍ ഹാര്‍ദിക് വിജയിക്കുകയും ചെയ്തു. കൂടാതെ യുവ പേസര്‍മാരായ അര്‍ഷ്ദീപ് സിങ്, ഉമ്രാന്‍ മാലിക്ക്, ശിവം മാവി എന്നിവര്‍ റണ്‍സ് വഴങ്ങിയിട്ടും അവരെ കൈവിടാതെ ഹാര്‍ദിക് പിന്തുണയ്ക്കുകയും ചെയ്തു. നായകന്‍ രോഹിത് ശര്‍മയുടെ പിന്‍ഗാമിയാവാന്‍ തനിക്കു കഴിയുമെന്ന സൂചനയാണ് ഈ പരമ്പരയിലൂടെ അദ്ദേഹം നല്‍കിയിരിക്കുന്നത്.

നെഗറ്റീവുകള്‍- ഇഷാന്റെ ഫോം
ഓപ്പണര്‍ ഇഷാന്‍ കിഷന്റെ മോശം ഫോമാണ് ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വലിയ നെഗറ്റീവ്. റിഷഭ് പന്തിന്റെ അഭാവത്തില്‍ ഇഷാനില്‍ നിന്നും ടീം ഏറെ പ്രതീക്ഷിച്ചിരുന്നു. പക്ഷെ ഇതിനൊത്തുയരുന്നതില്‍ താരം ദയനീയമായി പരാജയപ്പെട്ടു.
ആദ്യ ടി20യില്‍ 29 ബോളില്‍ 37 റണ്‍സെടുത്ത ഇഷാന്‍ തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ 2, 1 എന്നിങ്ങനെ സ്‌കോറുകള്‍ക്കു പുറത്തയായി. മൂന്നു ഇന്നിങ്‌സുകളില്‍ നിന്നും 13.33 ശരാശരിയില്‍ 40 റണ്‍സ് മാത്രമേ താരത്തിനു നേടാനായുള്ളൂ.
പരിക്കേറ്റു വിശ്രമിക്കുന്ന റിഷഭിന്റൈ തിരിച്ചുവരവ് വൈകുമെന്നതിനാല്‍ മികച്ച പ്രകടനങ്ങളിലൂടെ ടീമിന്റെ സ്ഥിരം വിക്കറ്റ് കീപ്പറാവാനുള്ള സുവര്‍ണാവസരമാണ് ഇഷാന് ലഭിച്ചിരിക്കുന്നത്.
പക്ഷെ ആദ്യത്തെ ശ്രമത്തില്‍ താരം ദയനീയമായി പരാജയപ്പെട്ടിരിക്കുകയാണ്. ഇഷാന്‍ ഇനിയും മോശം പ്രകടനങ്ങള്‍ തുടര്‍ന്നാല്‍ സഞ്ജു സാംസണിനു പകരം അവസരം ലഭിച്ചേക്കും.
Also Read: ഐപിഎല്‍ ലേലത്തില്‍ ആര്‍ക്കും വേണ്ട, ഇപ്പോഴെങ്കില്‍ അവനെ വാങ്ങാന്‍ ആര്‍ക്കും പണം തികയില്ല!

ചഹലിന്റെ ഉയര്‍ന്ന ഇക്കോണമി റേറ്റ്
സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലിന്റെ ഉയര്‍ന്ന ഇക്കോണമി റേറ്റാണ് ഇന്ത്യയെ സംബന്ധിച്ച് രണ്ടാമത്തെ വലിയ നെഗറ്റീവ്. പരമ്പരയില്‍ മൂന്നു മല്‍സരങ്ങളിലായി ഒമ്പതു ഓവറുകളാണ് അദ്ദേഹം ബൗള്‍ ചെയ്തത്. ഇവയില്‍ 28.67 ശരാശരിയില്‍ വീഴ്ത്തിയത് മൂന്നു വിക്കറ്റുകള്‍ മാത്രമാണ്. ആദ്യ ടി2യില്‍ ചഹലിനു വിക്കറ്റൊന്നു ലഭിച്ചിരുന്നില്ല.
മധ്യ ഓവറുകളില്‍ വിക്കറ്റുകള്‍ വീഴ്ത്താന്‍ പാടുപെട്ട അദ്ദേഹം റണ്ണൊഴുക്ക് പിടിച്ചുനിര്‍ത്തുന്നതിലും പരാജയപ്പെട്ടു. 9.56 എന്ന മോശം ഇക്കോണമി റേറ്റായിരുന്നു പരമ്പരയില്‍ ചഹലിന്റേത്. അടുത്ത പരമ്പരയില്‍ അദ്ദേഹത്തിനു പകരം രവി ബിഷ്‌നോയ്, കുല്‍ദീപ് യാദവ് എന്നിവിരിലൊരാളെ ഇന്ത്യ പരീക്ഷിച്ചേക്കും.


Click it and Unblock the Notifications












