IND vs SL: ഇന്ത്യയെ ഈ തോല്‍പ്പിച്ചത് ഇവര്‍! വമ്പന്‍ ഫ്‌ളോപ്പുകള്‍, എല്ലാം മാച്ച് വിന്നര്‍മാര്‍

ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര മോഹവുമായി ഇറങ്ങിയ ടീം ഇന്ത്യക്കു അപ്രതീക്ഷിത തിരിച്ചടിയായിരുന്നു പൂനെയിലെ രണ്ടാമങ്കത്തില്‍ നേരിട്ടത്. ആദ്യം ബാറ്റ് ചെയ്യേണ്ട പിച്ചായിരുന്നിട്ടും ബൗളിങ് തിരഞ്ഞെടുത്ത ഹാര്‍ദിക് പാണ്ഡ്യക്കു തുടക്കം തന്നെ പാളിയതോടെ മല്‍സരവും ഇന്ത്യയില്‍ നിന്നും വഴുതിപ്പോയി. എങ്കിലും അവസാനം വരെ പൊരുതിയാണ് കീഴടങ്ങിയത് എന്നതില്‍ ഇന്ത്യക്കു ആശ്വസിക്കാം.
207 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു ഇന്ത്യക്കു മുന്നില്‍ ലങ്ക വച്ചത്. പവര്‍പ്ലേയില്‍ തന്നെ നാലു വിക്കറ്റുകള്‍ കൈവിട്ടിട്ടും ഇന്ത്യക്കു എളുപ്പം കീഴടങ്ങാന്‍ മനസ്സിലായിരുന്നു. എട്ടു വിക്കറ്റിനു 190 റണ്‍സ് വരെ നേടിയാണ് ഇന്ത്യ മല്‍സരം അടിയറവച്ചത്. അക്ഷര്‍ പട്ടേലിന്റെയും (65) സൂര്യകുമാര്‍ യാദവിന്റെയും (51) കിടിലന്‍ ഇന്നിങ്‌സുകള്‍ ഇന്ത്യക്കു ഒരു ഘട്ടത്തില്‍ വിജയപ്രതീക്ഷ നല്‍കിയെങ്കിലും സഖ്യം വേര്‍പിരിഞ്ഞതോടെ ലങ്ക വിജയം വരുതിയിലാക്കുകയും ചെയ്തു.
ഈ മല്‍സരത്തില്‍ ഇന്ത്യന്‍ നിരയില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ ചില കളിക്കാരുണ്ട്. മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്താന്‍ ശേഷിയുള്ള ഇവരുടെ ഫ്‌ളോപ്പ് ഷോയാണ് ഇന്ത്യയെ തോല്‍വിയിലേക്കു തള്ളിയിട്ടത്. രണ്ടാം ടി20യില്‍ ഇന്ത്യന്‍ നിരയില്‍ ഏറ്റവും വലിയ ഫ്‌ളോപ്പുകളായി മാറിയ ഈ കളിക്കാര്‍ ആരൊക്കെയാണന്നു പരിശോധിക്കാം.

ഇഷാന്‍ കിഷന്‍
വമ്പന്‍ റണ്‍ചേസില്‍ ഓപ്പണര്‍ ഇഷാന്‍ കിഷനില്‍ നിന്നും സ്‌ഫോടനാത്മക തുടക്കം ഇന്ത്യ ആഗ്രഹിച്ചിരുന്നു. പക്ഷെ ഈ മല്‍സരത്തില്‍ താരം തികഞ്ഞ പരാജയമായി മാറി. രണ്ടാം ഓവറില്‍ തന്നെ ഇഷാന്‍ ക്രീസ് വിടുകയായിരുന്നു. അഞ്ചു ബോളുകളില്‍ നിന്നും സ്‌കോര്‍ ചെയ്തത് രണ്ടു റണ്‍സ് മാത്രം. പേസര്‍ കസുന്‍ രജിതയുടെ ആദ്യ ബോളില്‍ തന്നെ ക്ലീന്‍ ബൗള്‍ഡായാണ് ഇഷാന്റെ മടക്കം.
രോഹിത് ശര്‍മ, കെഎല്‍ രാഹുല്‍ എന്നീ സ്ഥിരം ഓപ്പണര്‍മാരുടെ അഭാവത്തില്‍ മികച്ച പ്രകടനത്തിലൂടെ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ഇഷാന് ലഭിച്ചിരിക്കുന്ന അവസരമാണ് ഈ പരമ്പര. പക്ഷെ ബാറ്റിങിന് അനുകൂലമായ പിച്ചില്‍ ഈ മല്‍സരത്തില്‍ ഇഷാന്‍ തീര്‍ത്തും നിരാശപ്പെടുത്തി. രജിതയ്‌ക്കെതിരേ യാതൊരു ഫുട്ട് വര്‍ക്കുമില്ലാതെ എക്രോസ് ദി ലൈന്‍ കളിച്ച ഇഷാന് പിഴയ്ക്കുകയായിരുന്നു. ബോള്‍ മിസ്സായതോടെ നേരെ സ്റ്റംപുകളില്‍ പതിക്കുകയും ചെയ്തു.
Also Read: IND vs SL: ഹാര്‍ദിക്കിന് അഹങ്കാരം, അമിത ആത്മവിശ്വാസവും! ആ മണ്ടത്തരം എന്തിന് ചെയ്തു?
കഴിഞ്ഞ വര്‍ഷം അവസാനം ഏകദിനത്തില്‍ തകര്‍പ്പന്‍ ഡബിള്‍ സെഞ്ച്വറി കുറിക്കാന്‍ ഇഷാന് സാധിച്ചിരുന്നു. വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ ശേഷിയുള്ള താരം ശക്തമായി തിരിച്ചുവരുമെന്നു തന്നെ പ്രതീക്ഷിക്കാം.

ഹാര്‍ദിക് പാണ്ഡ്യ
നായകനും സ്റ്റാര്‍ ഓള്‍റൗണ്ടറുമായ ഹാര്‍ദിക് പാണ്ഡ്യയാണ് രണ്ടാം ടി20യില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ മറ്റൊരാള്‍. നായകനെന്ന നിലയില്‍ ബാറ്റിങിലോ, ബൗളിങിലോ ടീമിനെ പ്രചോദിപ്പിക്കാന്‍ അദ്ദേഹത്തിനായില്ല. ബൗളിങില്‍ രണ്ടോവര്‍ മാത്രമേ ഹാര്‍ദിക് ബൗള്‍ ചെയ്തുള്ളൂ. വിക്കറ്റില്ലാതെ 13 റണ്‍സ് വിട്ടുകൊടുത്തു. ആദ്യ ടി20യില്‍ ഒരു ക്യാച്ചെടുക്കുന്നതിനിടെ അദ്ദേഹത്തിനു പേശീവലിവ് അനുഭവപ്പെട്ടിരുന്നു. ഈ കാരണത്താലാവാം ഈ കളിയില്‍ ഹാര്‍ദിക് നാലോവര്‍ പൂര്‍ത്തിയാക്കാതിരുന്നതെന്നാണ് സൂചന.
ബാറ്റിങില്‍ താരം ക്യാപ്റ്റന്റെ കളി കെട്ടഴിക്കുമെന്ന് എല്ലാവരും പ്രതീക്ഷിച്ചെങ്കിലും അതും സംഭവിച്ചില്ല. അഞ്ചാമനായി ക്രീസിലെത്തിയ ഹാര്‍ദിക്കിനു 12 റണ്‍സ് മാത്രമേ നേടാനായുള്ളൂ. 12 ബോളുകളില്‍ ഓരോ ബൗണ്ടറിയും സിക്‌സറുമടക്കമായിരുന്നു ഇത്.
ചാമിക കരുണരത്‌നെയുടെ ബൗളിങില്‍ എഡ്ജായ ഹാര്‍ദിക്കിനെ വിക്കറ്റ് കീപ്പര്‍ കുശാല്‍ മെന്‍ഡിസ് ഡൈവിങ് ക്യാച്ചിലൂടെയാണ് പുറത്താക്കിയത്. അഞ്ചാം ഓവറിലായിരുന്നു ഇത്. ഹാര്‍ദിക് മടങ്ങിയതോടെ ഇന്ത്യ നാലിനു 34 റണ്‍സിലേക്കു വീഴുകയും ചെയ്തു.

അര്‍ഷ്ദീപ് സിങ്
അന്താരാഷ്ട്ര ക്രിക്കറ്റില്‍ കഴിഞ്ഞ വര്‍ഷം അരങ്ങേറിയ അര്‍ഷ്ദീപ് സിങ് വളരെ പെട്ടെന്നാണ് ഇന്ത്യയുടെ ഏറ്റവും മികച്ച ബൗളറായി മാറിയത്. പക്ഷെ ഈ വര്‍ഷത്തിന്റെ തുടക്കം അദ്ദേഹത്തിനു ദുരന്തമായി മാറി. ഒരു ബ്രേക്കിനു ശേഷമാണ് ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20യില്‍ താരം കളിച്ചത്. ബ്രേക്ക് കഴിഞ്ഞ് വന്നതിന്റെ എല്ലാ ആലസ്യവും അര്‍ഷ്ദീപിന്റെ ബൗളിങില്‍ പ്രകടമായിരുന്നു.
ലങ്കന്‍ ടീമിനു അദ്ദേഹം റണ്‍സ് വാരിക്കോരി നല്‍കി. രണ്ടോവറില്‍ 37 റണ്‍സാണ് അര്‍ഷ്ദീപ് ദാനം ചെയ്തത്. അഞ്ചു നോ ബോളുകളും ഇതിലുള്‍പ്പെടും. തന്റെ ആദ്യ ഓവറില്‍ ബാഹാട്രിക് നോ ബോളുകളാണ് പേസര്‍ എറിഞ്ഞത്. 19 റണ്‍സ് ഈ ഓവറില്‍ വഴങ്ങുകയും ചെയ്തു.
അതിനുശേഷം 19ാം ഓവറിലണ് അര്‍ഷ്ദീപ് ബൗള്‍ ചെയ്യാനെത്തിയത്. ഈ ഓവറില്‍ രണ്ടു നോ ബോളുകളുള്‍പ്പെടെ 18 റണ്‍സും അര്‍ഷ്ദീപ് വിട്ടുകൊടുത്തു. തന്റെ രണ്ടോവറില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറുകളുമാണ് പേസര്‍ വഴങ്ങിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications