IND vs ENG: അയ്യയേ, വീണ്ടും തോറ്റു 'തൊപ്പിയിട്ട്' ടീം ഇന്ത്യ!! തുടരെ രണ്ടാം പരമ്പരയും നഷ്ടം
ബ്രിസ്റ്റള്‍: ഇന്ത്യന്‍ ടീമിനും ശ്രേയസ് അയ്യര്‍ക്കും കഷ്ടകാലം അടുത്തെങ്ങും തീരുമെന്നു തോന്നുന്നില്ല. ജയിക്കാന്‍ മറന്ന ലോക ചാംപ്യന്‍മാര്‍ യുകെയില്‍ തോറ്റു കൊണ്ടേയിരിക്കുകയാണ്. അയര്‍ലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ തൂത്തുവാരപ്പെട്ടതിനു പിന്നാലെ ഇംഗ്ലണ്ടുമായുള്ള ടി20 പരമ്പരയും ഇന്ത്യ കൈവിട്ടു.
ഏറെ നിര്‍ണായകമായിരുന്ന നാലാം ടി20യില്‍ ഇംഗ്ലീഷ് പട ഒമ്പു വിക്കറ്റിനാണ് ഇന്ത്യയെ കശാപ്പു ചെയ്തത്. ഇതോടെ അഞ്ചു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 3-0ന് മുന്നിലെത്തുകയും ചെയ്തിരിക്കുകയാണ്. അപ്രസക്തമായ അഞ്ചാമത്തെയും അവസാനത്തെയും മല്‍സരം ശനിയാഴ്ച നടക്കും.
ആദ്യം ബാറ്റ് ചെയ്ത ശേഷം 159 റണ്‍സിന്റെ ചെറിയ ലക്ഷ്യമാണ് ഇംഗ്ലണ്ടിനു ഇന്ത്യ ല്‍കിയത്. പക്ഷെ ബാറ്റിങ് ഏറെ എളുപ്പമായിരുന്ന പിച്ചില്‍ ഇംഗ്ലണ്ടിനു ഈ ടോട്ടല്‍ ഒരു ഘട്ടത്തിലും വെല്ലുവിളിയായില്ല. ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെയും (79*) ഫില്‍ സാള്‍ട്ടിന്റെയും (59*) ഫിഫ്റ്റികള്‍ വെറും 13.5 ഓവറില്‍ ഒരു വിക്കറ്റിനു വളരെ അനായാസം ഇംഗ്ലണ്ടിനെ ജയത്തിലെത്തിച്ചു.

35 ബോളില്‍ എട്ടു ഫോറും നാലു സിക്‌സറുമുള്‍പ്പെട്ടതാണ് ബ്രൂക്കിന്റെ ഇന്നിങ്‌സ്. സാള്‍ട്ട് 42 ബോളില്‍ ഒമ്പതു ഫോറും ഒരു സിക്‌സറുമടിച്ചു. ജോസ് ബടലര്‍ (8) തുടക്കത്തില്‍ മടങ്ങിയെങ്കിലും രണ്ടാം വിക്കറ്റില്‍ സാള്‍ട്ട്- ബ്രൂക്ക് ജോടി 68 ബേളില്‍ 146 റണ്‍സിന്റെ വമ്പന്‍ കൂട്ടകെട്ടുണ്ടാക്കിയപ്പോള്‍ മല്‍സരവും ഇന്ത്യയില്‍ നിന്നും വഴുതിപ്പോയി.
രക്ഷകനായി ശ്രേയസ്
ക്യാപ്റ്റന്റെ ഇന്നിങ്‌സ് കളിച്ച ശ്രേയസ് അയ്യരുടെ (80*) മികവിലാണ് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴു വിക്കറ്റിനു 158 റണ്‍സിലെത്തിയത്. ശ്രേയസിനെ മാറ്റി നിര്‍ത്തിയാല്‍ മറ്റാരും ഇന്ത്യന്‍ നിരയില്‍ 25 റണ്‍സ് പോലും തികച്ചില്ല. 49 ബോളില്‍ നാലു ഫോറും അഞ്ചു സിക്‌സറും ശ്രേയസിന്റെ ഇന്നിങ്‌സിലുണ്ടായരുന്നു.
ശിവം ദുബെ (22), അഭിഷേക് ശര്‍മ (16), വൈഭവ് സൂര്യവംശി (15), തിലക് വര്‍മ (11) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം തികച്ച മറ്റുള്ളവര്‍. ഇംഗ്ലണ്ടിനായി ജോഫ്ര ആര്‍ച്ചറും ജോഷ് ടോങും രണ്ടു വിക്കറ്റുകളെടുത്തു.
ഒരിക്കല്‍ക്കൂടി ടോസ് ഭാഗ്യം ഒപ്പം നിന്നപ്പോള്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്.
വരുണ്‍ ചക്രവര്‍ത്തിയും ഹര്‍ഷിത് റാണയും ടീമിനു പുറത്തായപ്പോള്‍ പകരം ടീമിലെത്തിയത് വാഷിങ്ടണ്‍ സുന്ദറും പ്രസിദ്ധ് കൃഷ്ണയുമാണ്. കഴിഞ്ഞ രണ്ടു കളിയിലും ബെഞ്ചില്‍ ഇരിക്കേണ്ടി വന്ന മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ ഒരിക്കല്‍ കൂടി ഇന്ത്യ അവഗണിക്കുകയായിരുന്നു.
ഈ പരമ്പരയിലെ ആദ്യ മല്‍സരം മഴയില്‍ ഒലിച്ചുപോയപ്പോള്‍ തുടര്‍ന്നുള്ള രണ്ടു കളിയിലും ഇംഗ്ലണ്ടിന്റെ ആധിപത്യമാണ് കണ്ടത്. രണ്ടാം ടി20ല്‍ ജേക്കബ് ബെഥെലിന്റെ വണ്‍മാന്‍ ഷോയില്‍ ഇംഗ്ലീഷ് ടീം നാലു വിക്കറ്റിനു ജയിച്ചുകയറി.
പക്ഷെ മൂന്നാമങ്കത്തില്‍ ഇന്ത്യ അക്ഷരാര്‍ഥത്തില്‍ നാണംകെട്ടു. 125 റണ്‍സിനാണ് ലോക ചാംപ്യന്‍മാരെ അവര്‍ വാരിയത്. ടി20 ചരിത്രത്തിലെ തന്നെ ഇന്ത്യയുടെ എക്കാലത്തെയും വലിയ തോല്‍വിയാണിത്.
പ്ലെയിങ് 11
ഇന്ത്യ- അഭിഷേക് ശര്‍മ, വൈഭവ് സൂര്യവംശി, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), തിലക് വര്‍മ്മ, ശിവം ദുബെ, അക്ഷര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, പ്രിന്‍സ് യാദവ്, അര്‍ഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.
ഇംഗ്ലണ്ട്- ഫില്‍ സാള്‍ട്ട്, ജോസ് ബട്ലര്‍ (വിക്കറ്റ് കീപ്പര്‍), ഹാരി ബ്രൂക്ക് (ക്യാപ്റ്റന്‍), ജേക്കബ് ബെഥേല്‍, ടോം ബാന്റണ്‍, സാം കറന്‍, വില്‍ ജാക്സ്, രെഹാന്‍ അഹമ്മദ്, ജോഫ്ര ആര്‍ച്ചര്‍, ജോഷ് ടോങ്, ആദില്‍ റഷീദ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications

