IND vs AUS: ഈ വീക്ക്നെസ് എത്ര കാലമായി? ഇന്ത്യ എന്താണ് പഠിക്കാത്തതെന്ന് മുന്‍ പാക് താരം

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ബാറ്റിങ് നിരയുടെ ദയനീയ പ്രകടനത്തെ വിമര്‍ശിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. 234 ബോളുകള്‍ ബാക്കിനില്‍ക്കെ പത്തു വിക്കറ്റിനായിരുന്നു വിശാഖപട്ടണത്തു ഇന്ത്യയെ ഓസീസ് കശാപ്പ് ചെയ്തത്.
ശേഷിച്ച ബോളുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യക്കെതിരേ ഏകദിന ചരിത്രത്തിലെ ഏറ്റവും വലിയ മാര്‍ജിനിലുള്ള വിജയം കൂടിയാണ് ഓസ്‌ട്രേലിയ കൈക്കലാക്കിയത്. ഇടംകൈയന്‍ പേസര്‍ മിച്ചെല്‍ സ്റ്റാര്‍ക്കായിരുന്നു ഇന്ത്യയുടെ അന്തകനായത്.
അഞ്ചു വിക്കറ്റുകള്‍ പിഴുത അദ്ദേഹം ഇന്ത്യന്‍ ബാറ്റിങ് നിരയെ തകര്‍ത്തെറിയുകയായിരുന്നു. കരിയറിലെ ഒമ്പതാമത്തെ അഞ്ചു വിക്കറ്റ് നേട്ടം കൂടിയായിരുന്നു സ്റ്റാര്‍ക്ക് ഈ മല്‍സരത്തില്‍ കുറിച്ചത്.
ഇടംകൈയന്‍ പേസര്‍മാര്‍ക്കെതിരേയുള്ള ഇന്ത്യയുടെ വീക്ക്‌നെസ് സ്റ്റാര്‍ക്ക് മുതലെടുക്കുന്നതാണ് വിശാഖപട്ടണത്തു കണ്ടത്. നേരത്തേ തന്നെയുള്ള ഈ പോരായ്മ എന്തുകൊണ്ടാണ് ഇന്ത്യ പരിഹരിക്കാന്‍ ശ്രമിക്കാത്തതെന്നാണ് കനേരിയ സ്വന്തം യൂട്യൂബ് ചാനലിലൂടെ ചോദിച്ചിരിക്കുന്നത്.

എന്തുകൊണ്ട് പരിശീലനം നടത്തുന്നില്ല?
ഇടംകൈയന്‍ പേസര്‍മാരെ നേരിടുന്നതില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്കു വളരെയധികം പ്രശ്‌നങ്ങളുണ്ട്. എന്നിട്ടും എന്തുകൊണ്ടാണ് അവര്‍ ഇതു പരിഹരിക്കുന്നതിനായി പരിശീലനം നടത്താത്തത്?
നേരത്തേ മുഹമ്മദ് ആമിര്‍, ഷഹീന്‍ ഷാ അഫ്രീഡി എന്നിവരെല്ലാം ഇന്ത്യന്‍ ബാറ്റിങ് നിരയെ എങ്ങനെയാണ് കുഴപ്പത്തിലാക്കിയിട്ടുള്ളതെന്നു നമ്മള്‍ കണ്ടിട്ടുള്ളതാണ്. മിച്ചെല്‍ സ്റ്റാര്‍ക്കും ഇതു തന്നെയാണ് ചെയ്തത്.
ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ പിച്ച് ചെയ്ത ശേഷം ബോള്‍ അകത്തേക്കു കൊണ്ടു വരുമ്പോള്‍ അതിനെ നേരിടുകയെന്നത് എളുപ്പല്ലെന്നും ഡാനിഷ് കനേരിയ വിലയിരുത്തി.
Also Read: IND vs AUS: സഞ്ജുവിനെ ഇന്ത്യക്കു വേണം, ഏകദിനത്തില്‍ ഒഴിവാക്കിയതിന് ഒരു കാരണം മാത്രം!

ആദ്യ കളിയിലും മോശം ബാറ്റിങ്
വിശാഖപട്ടണത്തെ രണ്ടാം ഏകദിനത്തില്‍ മാത്രമല്ല മുംബൈയിലെ വാംഖഡെയില്‍ നടന്ന ആദ്യ കളിയിലും ഇന്ത്യന്‍ ബാറ്റിങ് നിരയുടെ പ്രകടനം മികച്ചതായിരുന്നില്ലെന്നു ഡാനിഷ് കനേരിയ ചൂണ്ടിക്കാട്ടി.
ഇന്ത്യന്‍ ബാറ്റര്‍മാര്‍ വിമര്‍ശിക്കപ്പെടുക തന്നെ വേണം. തൊട്ടുമുമ്പത്തെ മല്‍സരത്തിലും അവരുടെ പ്രകടനം പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നിരുന്നില്ല.
കെഎല്‍ രാഹുലും രവീന്ദ്ര ജഡേജയും ചേര്‍ന്നായിരുന്നു അന്നു ഇന്ത്യയെ കരകയറ്റിയത്. വിശാഖപട്ടണത്തെ രണ്ടാമത്തെ കളിയില്‍ വിരാട് കോലിയും നേരത്തേ പുറത്തായിരുന്നെങ്കില്‍ ഇന്ത്യന്‍ ടീം 100 റണ്‍സ് പോലും കടക്കില്ലായിരുന്നുവെന്നും കനേരിയ അഭിപ്രായപ്പെട്ടു.
Also Read: IND vs AUS: ശ്രേയസിനു പകരം സഞ്ജു വേണ്ട! പകരം അവന്‍ മതി, എല്ലാം കളിച്ചത് രോഹിത്

ഏഷ്യാ കപ്പും ലോകകപ്പും വരുന്നു
ഏഷ്യാ കപ്പും ഐസിസിയുടെ ഏകദിന ലോകകപ്പും വരനാനിരിക്കുകയാണ്. എന്താണ് ഇന്ത്യന്‍ ടീം ചെയ്തു കൊണ്ടിരിക്കുന്നത്?
എല്ലാ ബാറ്റര്‍മാരും ആഞ്ഞടിക്കുന്നതായിരുന്നു കണ്ടത്. അതൊരു ടി20 മല്‍സരം ആയിരുന്നോയെന്നും ഡാനിഷ് കനേരിയ ചോദിക്കുന്നു.

എക്‌സ്ട്രാ പേസര്‍
മൂന്നാം ഏകദിനത്തില്‍ തന്ത്രപരമായ ഒരു പിഴവും ഇന്ത്യന്‍ ടീമിന്റെ ഭാഗത്തു നിന്നും സംഭവിച്ചതായി ഡാനിഷ് കനേരിയ വിലയിരുത്തി.
മല്‍സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയെക്കൊണ്ട് കുറച്ചുകൂടി നേരത്തേ ബൗള്‍ ചെയ്യിക്കാമായിരുന്നു. സ്പിന്നര്‍മാരെ സഹായിക്കുന്ന പിച്ചായിരുന്നില്ല അത്.
അക്ഷര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, ഹാര്‍ദിക് പാണ്ഡ്യ തുടങ്ങിയവരെല്ലാം നന്നായി റണ്‍സ് വിട്ടുകൊടുത്തു.
ഒരു എക്‌സ്ട്രാ പേസറെ കളിപ്പിക്കാതിരുന്ന ഇന്ത്യന്‍ ടീം ഒരു ട്രിക്ക് മിസ് ചെയ്തു. ഈ വിക്കറ്റില്‍ തീര്‍ച്ചയായും ഉമ്രാന്‍ മാലിക്കിനെ കളിപ്പിക്കാമായിരുന്നുവെന്നും കനേരിയ കൂട്ടിച്ചേര്‍ത്തു.
രണ്ടാം ഏകദിനത്തിലെ ഏകപക്ഷീയ വിജയത്തോടെ പരമ്പരയില്‍ ഓസ്‌ട്രേലിയ 1-1ന് ഒപ്പമെത്തിയിരിക്കുകയാണ്. നിര്‍ണായകമായ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം ബുധനാഴ്ച ചെന്നൈയില്‍ നടക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications