IND vs AUS: പിച്ചിനെ പഴിച്ച ഓസീസുകാര്‍ എവിടെ? ആരോപണം പൊളിച്ചടുക്കി ജഡ്ഡുവും അക്ഷറും!

നാഗ്പൂരിലെ പിച്ചിനെക്കുറിച്ച് ബഹളമുണ്ടാക്കിയ ഓസ്‌ട്രേലിയക്കാരുടെ വായടപ്പിച്ചിരിക്കുകയാണ് ഇന്ത്യ. ടെസ്റ്റ് തുടങ്ങുന്നതിനു രണ്ടു ദിവസം മുമ്പ് തന്നെ ഇവിടുത്തെ പിച്ചിനെക്കുറിച്ച് വലിയ വിമര്‍ശനങ്ങളാണ് ഓസ്‌ട്രേലിയയുടെ മുന്‍ താരങ്ങളുടെയും അവിടെയുള്ള മാധ്യമങ്ങളുടെയും ഭാഗത്തു നിന്നുണ്ടായത്. ഓസീസ് ടീമില്‍ കൂടുതല്‍ ഇടംകൈയന്‍ ബാറ്റര്‍മാരുള്ളതിനാല്‍ ഇന്ത്യ നാഗ്പൂരിലെ പിച്ചില്‍ ചില കൃത്രിമങ്ങള്‍ കാണിച്ചുവെന്നായിരുന്നു അവരുടെ പ്രധാന വിമര്‍ശനം. പിച്ച് തയ്യാറാക്കുന്ന ചില ചിത്രങ്ങള്‍ പങ്കുവച്ചായിന്നു അവര്‍ പിച്ചിനെക്കുറിച്ച് വലിയ രീതിയില്‍ തന്നെ കുപ്രചരണം നടത്തിയത്.
ഐസിസി ഇതില്‍ ഇടപടണമെന്നും ഇന്ത്യക്കെതിരേ ശക്തമായ നടപടി സ്വീകരിക്കണമെന്നു പോലും ചില ഓസീസ് കളിക്കാര്‍ ആവശ്യപ്പെട്ടു. പിച്ചില്‍ ഇന്ത്യ കൃത്രിമം കാണിച്ചെന്ന ഓസീസ് ആരോപണം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ആദ്യദിനം അവരുടെ ഇടംകൈയന്‍മാര്‍ ഫ്‌ളോപ്പായത്. ഡേവിഡ് വാര്‍ണര്‍ (1), ഉസ്മാന്‍ ഖവാജ (1), മാറ്റ് റെന്‍ഷോ (0), അലെക്‌സ് കറേ (36), ടോഡി മര്‍ഫി (0) എന്നിവരെല്ലാം പെട്ടെന്നു പുറത്തായി.
പക്ഷെ ഓസ്‌ട്രേലിയയുടെ ആരോപണം തീര്‍ത്തും ബാലിശമായിരുന്നുവെന്നു ഇന്ത്യന്‍ നിരയില്‍ ആരെയുണ്ടായിരുന്ന രണ്ടു ഇടംകൈയന്‍മാരായ ഓള്‍റൗണ്ടര്‍മാര്‍ രവീന്ദ്ര ജഡേജയും അക്ഷര്‍ പട്ടേലും തെളിയിച്ചു. തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ച ഇരുവരും ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടുകയും ഇന്ത്യയുടെ വിജയത്തില്‍ സുപ്രധാന പങ്കു വഹിക്കുകയും ചെയ്തിരിക്കുകയാണ്.

പിച്ചിനെ വരണ്ടതാക്കി തീര്‍ത്തു?
പിച്ച് തയ്യാറാക്കവെയുള്ള ഫോട്ടോയ്‌ക്കൊപ്പം ഓസ്‌ട്രേലിയന്‍ താരങ്ങളും മാധ്യമങ്ങളും ചൂണ്ടിക്കാണിച്ചത് ഇടംകൈയന്‍ ബാറ്റര്‍മാരെ സ്പിന്‍ കെണിയില്‍ കുരുക്കാന്‍ ഇന്ത്യ നീക്കം നടത്തിയെന്നായിരുന്നു.
പിച്ചിന്റെ മറ്റെല്ലായിടത്തും ഗ്രൗണ്ട് സ്റ്റാഫ് നനച്ചെങ്കിലും ഇടംകൈയന്‍മാരെ ലക്ഷ്യം വച്ച് ലെഗ് സ്റ്റംപിന്റെ ഭാഗത്തു മാത്രം നനച്ചിട്ടില്ലെന്നായിരുന്നു അവര്‍ ഫോട്ടായ്‌ക്കൊപ്പം ചൂണ്ടിക്കാട്ടിയത്.
പിച്ചിനെ കൂടുതല്‍ ഡ്രൈയാക്കിയാല്‍ സ്പിന്നര്‍മാര്‍ക്കു മുന്‍തൂക്കം ലഭിക്കുമെന്നും ഇതിനു വേണ്ടിയാണ് ഇന്ത്യ ഇങ്ങനെയൊരു 'ചതി' കാണിച്ചതെന്നും ഓസ്‌ട്രേലിയക്കാര്‍ ആരോപിച്ചിരുന്നു.
പക്ഷ ഇതില്‍ യാതൊരു അടിസ്ഥാനവുമില്ലെന്നു രവീന്ദ്ര ജഡേജയുടെയും അക്ഷര്‍ പട്ടേലിന്റെയും ഇന്നിങ്‌സുകള്‍ തെളിയിച്ചിരിക്കുകയാണ്. അക്ഷര്‍ 84 റണ്‍സോടെ ടീമിന്റെ ടോപ്‌സ്‌കോററയപ്പോള്‍ ജഡ്ഡു 70 റണ്‍സും സ്‌കോര്‍ ചെയ്തിരുന്നു.
Also Read:IND vs AUS: ഒരു സെഞ്ച്വറി, രണ്ട് ഫിഫ്റ്റി- ഓസീസ് ഹിറ്റ്മാന്റെ വീക്ക്‌നെസ്! അറിയാം

രണ്ടാമിന്നിങ്‌സിലും ഫ്‌ളോപ്പ്
ഓസ്‌ട്രേലിയയുടെ ഇടംകൈയന്‍ ബാറ്റര്‍മാര്‍ ആദ്യ ഇന്നിങ്‌സില്‍ മാത്രമല്ല രണ്ടാമിന്നിങ്‌സിലും ദയനീയമായി പരാജയപ്പെട്ടു. ഇതോടെ കുഴപ്പം പിച്ചിനല്ലെന്നും ഓസീസ് താരങ്ങള്‍ക്കു സ്ലോ പിച്ചുകളില്‍ എങ്ങനെ കളിക്കണമെന്നു അറിയാത്തതാണ് പ്രശ്‌നമെന്നും ഇന്ത്യ ലോകത്തിനു കാണിച്ചു കൊടുത്തു.
ആദ്യ ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയയുടെ അഞ്ചു ഇടംകൈയന്‍മാര്‍ക്കും കൂടി ആകെ നേടാനായത് 38 റണ്‍സ് മാത്രമാണ്. രണ്ടാമിന്നിങ്‌സില്‍ ഇടംകൈയന്‍മാരായ ഉസ്മാന്‍ ഖവാജ (5), ഡേവിഡ് വാണര്‍ (10), മാറ്റ് റെന്‍ഷോ (2), അലെക്‌സ് കറേ (10), ടോഡ് മര്‍ഫി (8) എന്നിങ്ങനെ സ്‌കോറുകളായിരുന്നു.
Also Read:IND vs AUS: രാഹുല്‍ പുറത്തേക്ക്! ഫോമുള്ളവര്‍ ബെഞ്ചിലുണ്ട്, അന്ത്യശാസനയുമായി ബിസിസിഐ

വമ്പന്‍ ജയവുമായി ഇന്ത്യ
പിച്ചിനെക്കുറിച്ചുള്ള ഓസ്‌ട്രേലിയയുടെ വിമര്‍ശനങ്ങള്‍ക്കു ഗ്രൗണ്ടിലാണ് രോഹിത് ശര്‍മയും സംഘവും മറുപടി നല്‍കിയത്. വെറും മൂന്നു ദിവസം കൊണ്ട് ഇന്ത്യ കംഗാരുക്കളുടെ കഥ കഴിക്കുകയായിരുന്നു. ഇന്നിങ്‌സിനും 132 റണ്‍സിനുമാണ് ഇന്ത്യ ഓസീസിനെ തുരത്തിയത്.
ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ 223 റണ്‍സ് നേടിയപ്പോള്‍ തന്നെ ഓസിസ് പ്രതിരോധത്തിലായിരുന്നു. മൂന്നാംദിനം ലഞ്ച് ബ്രേക്കിനു ശേഷം ഇറങ്ങിയ അവര്‍ വെറും 91 റണ്‍സിന് കൂടാരം കയറി. ഓസീസിനെ തീര്‍ക്കാന്‍ ഇന്ത്യക്കു വെറും 32.3 ഓവര്‍ മാത്രമേ ആവശ്യമായി വന്നുള്ളൂ. അഞ്ചു വിക്കറ്റുകളെടുത്ത ആര്‍ അശ്വിനാണ് ഓസീസിനെ തകര്‍ത്തത്.
നേരത്തേ ഓസീസിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 177 റണ്‍സിനു മറുപടിയില്‍ ഇന്ത്യ 400 റണ്‍സാണ് ആദ്യ ഇന്നിങ്‌സില്‍ നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications