IND vs AUS: ഇന്ത്യയുടെ 'ത്രീ ലയണ്‍സ്', അശ്വിന്‍-ജഡേജ-അക്ഷര്‍! ബാറ്റിങ് കണക്കുകള്‍ ഞെട്ടിക്കും

ന്യൂഡല്‍ഹി: ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റ് പരമ്പര പുരോഗമിക്കവെ ഏറ്റവും കൂടുതല്‍ ചര്‍ച്ചയാവുന്നത് ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍മാരുടെ പ്രകടനമാണ്. പന്തുകൊണ്ട് മാത്രം ടീമിനെ സഹായിക്കുന്ന സ്പിന്‍ നിരയെന്ന സങ്കല്‍പ്പത്തെ പൊളിച്ചടുക്കി ബാറ്റുകൊണ്ടും ഫീല്‍ഡിങ്ങുകൊണ്ടും മത്സരത്തെ മാറ്റുന്ന സ്പിന്‍ ഓള്‍റൗണ്ട് ത്രയമാണ് ഇന്ന് ഇന്ത്യക്കൊപ്പമുള്ളത്.
ടെസ്റ്റ് പരമ്പര മുന്നോട്ട് പോകുമ്പോള്‍ ഇന്ത്യയുടെ പ്രമുഖ ബാറ്റ്‌സ്മാന്‍മാരെയെല്ലാം നാണംകെടുത്തുന്ന ബാറ്റിങ് പ്രകടനമാണ് ആര്‍ അശ്വിന്‍-രവീന്ദ്ര ജഡേജ-അക്ഷര്‍ പട്ടേല്‍ എന്നിവര്‍ ചേര്‍ന്ന് കാഴ്ചവെക്കുന്നത്. ടീം പ്രതിസന്ധി നേരിടുമ്പോഴെല്ലാം ബാറ്റുകൊണ്ട് ഇവര്‍ രക്ഷക്കെത്തുന്നു.
ഡല്‍ഹി ടെസ്റ്റിലേക്ക് വരുമ്പോള്‍ ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാര്‍ മൂക്കും കുത്തി വീണപ്പോള്‍ അക്ഷര്‍ പട്ടേലാണ് (74) ഇന്ത്യയെ അര്‍ധ സെഞ്ച്വറിയോടെ ഉയര്‍ത്തിയത്. ആര്‍ അശ്വിന്‍ (37), രവീന്ദ്ര ജഡേജ (26) എന്നിവരും ബാറ്റുകൊണ്ട് നിര്‍ണ്ണായക സംഭാവന നല്‍കി.
2020 മുതലുള്ള കണക്കുകള്‍ നോക്കുമ്പോള്‍ ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍മാര്‍ ബാറ്റുകൊണ്ട് നല്‍കിയ സംഭാവനകള്‍ എത്രത്തോളം മികച്ചതാണെന്ന് വ്യക്തമാവും. കെ എല്‍ രാഹുലിനെല്ലാം നാണക്കേട് തോന്നുന്ന കണക്കുകളാണ് ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍മാരുടേതെന്ന് പറയാം.

അശ്വിനാണ് ഏറ്റവും വിശ്വസ്തന്‍
ഇന്ത്യയുടെ സീനിയര്‍ സ്പിന്‍ ഓള്‍റൗണ്ടര്‍ ആര്‍ അശ്വിനാണ് ഏറ്റവും വിശ്വസ്തനായ സ്പിന്‍ ഓള്‍റൗണ്ടറെന്ന് 2020ന് ശേഷമുള്ള കണക്കുകളിലൂടെ പറയാം.
2020 മുതല്‍ ഇതുവരെ 712 റണ്‍സാണ് അദ്ദേഹം ടെസ്റ്റില്‍ നേടിയത്. ശരാശരി 44.29. ബൗളിങ്ങിലേക്ക് വരുമ്പോള്‍ അശ്വിന്‍ ഇന്ത്യയുടെ വജ്രായുധമാണ്. 98 വിക്കറ്റുകളാണ് അദ്ദേഹം നേടിയത്. അതും 19.3 ശരാശരിയില്‍.
നാട്ടില്‍ മികച്ച ബാറ്റിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കും. കേവലം ബൗളര്‍ എന്നതിലുപരിയായി ബാറ്റുകൊണ്ട് ടീമിനായി അവസരത്തിനൊത്ത് ഉയരാന്‍ അശ്വിന് സാധിക്കുന്നു.
ഓസ്‌ട്രേലിയയില്‍ നടന്ന അവസാന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയിലും അശ്വിന്റെ മികവ് എല്ലാവരും കണ്ടതാണ്. സ്ഥിരതയോടെ മുന്നോട്ട് പോകാന്‍ അദ്ദേഹത്തിനാവുന്നു.
Also Read: IND vs AUS: രണ്ട് തവണ ഡെക്ക്! 100ാം ടെസ്റ്റില്‍ നാണംകെട്ട് പുജാര- ട്രോളുമായി ആരാധകര്‍

സൂപ്പര്‍ ഹീറോ ജഡേജ
മൂന്ന് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടുന്ന കളിക്കാരാനാണ് രവീന്ദ്ര ജഡേജ. പരിക്കിനെത്തുടര്‍ന്ന് അഞ്ച് മാസത്തിലേറെ പുറത്തിരുന്ന താരം മടങ്ങിവരവിന് ശേഷം കളിച്ച നാഗ്പൂര്‍ ടെസ്റ്റില്‍ അഞ്ച് വിക്കറ്റ് പ്രകടനവും ഫിഫ്റ്റിയുമായി കളിയിലെ താരമായത് തന്നെ അദ്ദേഹത്തിന്റെ മികവ് എത്രത്തോളമെന്ന് വ്യക്തമാക്കുന്നു.
775 റണ്‍സാണ് ജഡേജ ഇക്കാലയളവില്‍ നേടിയത്. ബാറ്റിങ് ശരാശരി 40.79. 41 വിക്കറ്റും അദ്ദേഹം ഇക്കാലയളവില്‍ നേടി. 22.66 ആണ് ജഡേജയുടെ ബൗളിങ് ശരാശരി. പരിക്കേറ്റ് പുറത്തിരിക്കേണ്ടി വന്നില്ലായിരുന്നെങ്കില്‍ ഇതിലും മികച്ച കണക്കുകള്‍ ജഡേജക്കൊപ്പം ഉണ്ടാവുമായിരുന്നെന്ന് ഉറപ്പ്.
ഇടം കൈയന്‍ താരത്തിന് ഏത് ശൈലിയും വഴങ്ങും. ടേണിങ് പിച്ചുകളില്‍ മാത്രമല്ല എല്ലാത്തരം പിച്ചുകളിലും വിക്കറ്റ് നേടാനും പ്രയാസമുള്ള പിച്ചുകളില്‍ ബാറ്റിങ്ങില്‍ തിളങ്ങാനും സവിശേഷമായ കഴിവാണ് ജഡേജക്കുള്ളത്.
Also Read: IND vs AUS: ഇനിയെങ്കിലും പുറത്താക്കൂ! ഫ്‌ളോപ്പ് ഷോ തുടര്‍ന്ന് രാഹുല്‍- രൂക്ഷ വിമര്‍ശനം

അക്ഷര്‍ പട്ടേലിന്റെ വളര്‍ച്ച
ഏറെ നാള്‍ ഇന്ത്യയുടെ വിശ്വസ്തരാ സ്പിന്‍ ഓള്‍റൗണ്ടര്‍മാരുടെ പട്ടികയില്‍ അശ്വിനും ജഡേജയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നാലിപ്പോള്‍ അക്ഷര്‍ പട്ടേലും ഇവരോടൊപ്പം വളര്‍ന്നുവന്നിരിക്കുകയാണ്. 384 റണ്‍സാണ് അക്ഷറിന്റെ പേരിലുള്ളത്. 32 എന്ന ഭേദപ്പെട്ട ശരാശരിയും താരത്തിന്റെ പേരിലുണ്ട്. 48 വിക്കറ്റുകള്‍ വീഴ്ത്തിയ അദ്ദേഹത്തിന് 15.42 ബൗളിങ് ശരാശരിയുമുണ്ട്.
തുടക്ക സമയത്ത് ബാറ്റുകൊണ്ട് വലിയ സംഭവമാകാതിരുന്ന അക്ഷര്‍ ഇപ്പോള്‍ ബാറ്റിങ്ങിലും മെച്ചപ്പെട്ടിരിക്കുന്നു. ഇടം കൈയന്‍ താരം ഇത്തവണത്തെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യക്ക് ഭാവിയിലേക്കും വലിയ പ്രതീക്ഷ നല്‍കുന്ന താരമായി അക്ഷര്‍ മാറിയിരിക്കുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications