ഹാര്‍ദിക് പൊളിയല്ലേ? രോഹിത്തിന്റെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ് തകര്‍ന്നു! ധോണിയും പിന്നില്‍

ഇന്ത്യന്‍ ടീമിന്റെ ടി20 ക്യാപ്റ്റനെന്ന നിലയില്‍ പ്രതീക്ഷകള്‍ക്കപ്പുറത്തെ പ്രകടനമാണ് ഹാര്‍ദിക് പാണ്ഡ്യ നടത്തിക്കൊണ്ടിരിക്കുന്നത്. ഓസ്‌ട്രേലിയയില്‍ നടന്ന കഴിഞ്ഞ ഐസിസി ടി20 ലോകകപ്പില്‍ ഇന്ത്യക്കേറ്റ തിരിച്ചടിയാണ് ബിസിസിഐയെ മാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ഇതേ തുടര്‍ന്നു മുതിര്‍ന്ന താരങ്ങളെ മാറ്റി നിര്‍ത്തി ഹാര്‍ദിക്കിന് കീഴില്‍ പുതിയൊരു ടീമിനെ വളര്‍ത്തിയെടുക്കാന്‍ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.
മുന്‍ ക്യാപ്റ്റന്‍മാരും ഇന്ത്യന്‍ ബാറ്റിങിനെ നെടുംതൂണുകളുമായ രോഹിത് ശര്‍മയും വിരാട് കോലിയും ലോകകപ്പിനു ശേഷം ഈ ഫോര്‍മാറ്റിലേക്കു പരിഗണിക്കപ്പെട്ടിട്ടില്ല. പ്രധാനപ്പെട്ട രണ്ട് റണ്‍വേട്ടക്കാര്‍ ഇല്ലാതിരുന്നിട്ടും ഈ അഭാവം ടീമിനെ ബാധിക്കാതെ മുന്നോട്ട് നയിക്കാന്‍ ഹാര്‍ദിക്കിനു കഴിഞ്ഞു.
ഹാര്‍ദിക്കിനു കീഴില്‍ ഇതിനകം കളിച്ച ടി20 പരമ്പരകളിലെല്ലാം ഇന്ത്യ കിരീടം നേടിക്കഴിഞ്ഞു. ഈ വര്‍ഷം തുടര്‍ച്ചയായി രണ്ടു പരമ്പരകളിലാണ് ടീം വെന്നിക്കൊടി പാറിച്ചത്. ഇതിനിടെ ക്യാപ്റ്റനെന്ന നിലയില്‍ ഒരു വമ്പന്‍ റെക്കോര്‍ഡും ഹാര്‍ദിക് തന്റെ പേരില്‍ കുറിച്ചിരിക്കുകയാണ്. ന്യൂസിലാന്‍ഡുമായുള്ള മൂന്നാം ടി20യില്‍ നേടിയ വമ്പന്‍ ജയത്തോടെയാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.

80 പ്ലസ് മാര്‍ജിന്‍ വിജയം
ടി20 ക്രിക്കറ്റില്‍ കുടുതല്‍ തവണ ഇന്ത്യക്കു 80 പ്ലസ് മാര്‍ജിനില്‍ വിജയം നേടിത്തന്ന ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് ഹാര്‍ദിക് പാണ്ഡ്യ തന്റെ പേരിലാക്കിയിരിക്കുന്നത്. നേരത്തേ മുന്‍ നായകന്‍ രോഹിത് ശര്‍മയ്ക്കു അവകാശപ്പെട്ടതായിരുന്നു ഈ നേട്ടം.
രണ്ടു തവണയാണ് രോഹിത്തിന്റെ ക്യാപ്റ്റന്‍സിയില്‍ ടീം 80 പ്ലസ് റണ്‍സ് വിജയം കൊയ്തത്. എന്നാല്‍ ഇത് മൂന്നാക്കി മെച്ചപ്പെടുത്തിയാണ് ഹാര്‍ദിക് തലപ്പത്തേക്കു കയറിയത്. വെറും 12 ടി20കള്‍ മാത്രമേ ഇതിനായി അദ്ദേഹത്തിനു വേണ്ടി വന്നുള്ളൂ.
ഹാര്‍ദിക്കിനു കീഴില്‍ ഇന്ത്യയുടെ ആദ്യത്തെ 80 പ്ലസ് മാര്‍ജിന്‍ വിജയം വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് വിന്‍ഡീസിനെ ഇന്ത്യ 88 റണ്‍സിന് കെട്ടുകെട്ടിച്ചത്. ഈ വര്‍ഷം ശ്രീലങ്കയുമായുള്ള മൂന്നാം ടി20യില്‍ ഹാര്‍ദിക്ക് ടീമിന് 91 റണ്‍സിന്റെ വിജയം സമ്മാനിച്ചു.
അവസാനമായി ന്യൂസിലാന്‍ഡുമായുള്ള അവസാന കളിയില്‍ 168 റണ്‍സിന്റെ റെക്കോര്‍ഡ് വിജയമാണ് ഇന്ത്യ ആഘോഷിച്ചത്. റണ്‍സിന്റെ മാര്‍ജിനില്‍ ടീമിന്റെ എക്കാലത്തെയും വലിയ വിജയം കൂടിയാണിത്.
Also Read: ഉപദേശങ്ങള്‍ക്ക് റിഷഭിന് പുല്ലുവില! ഒടുവില്‍ ആ തന്ത്രത്തില്‍ പാഠം പഠിച്ചു- മുന്‍ കോച്ച്

ധോണി പോലും പിന്നില്‍
ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍ എംഎസ് ധോണി പോലും 80 പ്ലസ് റണ്‍സിന്റെ വിജയം നേടിയ നായകന്‍മാരില്‍ ഹാര്‍ദിക് പാണ്ഡ്യക്കു പിന്നിലാണ്. 2007ലെ ടി20 ലോകകപ്പ് മുതല്‍ 2017 വരെ ഇന്ത്യയെ ടി20യില്‍ നയിച്ചിട്ടും ഒരിക്കല്‍ മാത്രമേ ധോണിക്കു എതിരാളികള്‍ക്കു മേല്‍ 80നു മുകളില്‍ റണ്‍സിന്റെ വിജയം സ്വന്തമാക്കാന്‍ സാധിച്ചിട്ടുള്ളൂ.
ധോണിയുട പിന്‍ഗാമിയായ വിരാട് കോലിയും ഒരു തവണ മാത്രമാണ് ടി20യില്‍ 80ന് മുകളില്‍ റണ്‍സിനു എതിരാളികളെ തകര്‍ത്തുവിട്ടിട്ടുള്ളത്. ധോണി, കോലി എന്നിവരെക്കൂടാതെ കെഎല്‍ രാഹുലും റിഷഭ് പന്തും ഓരോ തവണ ഈ മാര്‍ജിനില്‍ ടീമിനു വിജയം നേടിത്തന്നിട്ടുണ്ട്.
Also Read: IPL 2023: ഏറ്റവും ദൈര്‍ഘ്യമേറിയ സിക്‌സര്‍, അത് അവനുതന്നെ- ബട്‌ലര്‍ പറയുന്നു

ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സി
കഴിഞ്ഞ വര്‍ഷം ജൂണില്‍ അയര്‍ലാന്‍ഡില്‍ നടന്ന രണ്ടു ടി20കളുടെ പരമ്പരയില്‍ ഇന്ത്യയെ നയിച്ചാണ് ഹാര്‍ദിക് പാണ്ഡ്യ ക്യാപ്റ്റനായി അരങ്ങേറിയത്. ഇതുവരെ 12 ടി20കളിലാണ് അദ്ദേഹം ക്യാപ്റ്റനായത്.
ഇതില്‍ എട്ടിലും ടീം വിജയിക്കുകയും ചെയ്തു. രണ്ടു കളിയില്‍ ഇന്ത്യ തോറ്റപ്പോള്‍ ഒന്നു ടൈയാവുകയും മറ്റൊന്നു മഴ കാരണം ഉപേക്ഷിക്കപ്പെടുകയും ചെയ്തു.
ഹാര്‍ദിക്കിനു കീഴില്‍ ഇന്ത്യ പരാജയപ്പെട്ടത് ശ്രീലങ്ക, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കെിരേയാണ്. രണ്ടും ഈ വര്‍ഷമായിരുന്നു. കഴിഞ്ഞ മാസം നടന്ന രണ്ടാം ടി20യില്‍ ലങ്കയോടു 16 റണ്‍സിനും ന്യൂസിലാന്‍ഡിനോടു ആദ്യ ടി20യില്‍ 21 റണ്‍സിനുമാണ് ഇന്ത്യ തോല്‍വി സമ്മതിച്ചത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications