IPL 2023: ഇന്ത്യക്കെതിരേ വെടിക്കെട്ട് പ്രകടനം, ലേലത്തില്‍ കോടികള്‍ ഉറപ്പ്!, നാല് താരങ്ങളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2023 സീസണിന്റെ മുന്നൊരുക്കങ്ങള്‍ ഇതിനോടകം ടീമുകള്‍ ആരംഭിച്ച് കഴിഞ്ഞു. അവസാന സീസണില്‍ അരങ്ങേറ്റക്കാരായ ഗുജറാത്ത് ടൈറ്റന്‍സാണ് ചാമ്പ്യന്മാരായത്. അത് പ്രമുഖരായ ടീമുകള്‍ക്കെല്ലാം വലിയ ക്ഷീണമായിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളെല്ലാം വലിയ മാറ്റത്തിനാണ് തയ്യാറെടുക്കുന്നത്. അടുത്ത സീസണില്‍ വെടിക്കെട്ട് താരങ്ങളെ ടീമിലെത്തിക്കാന്‍ ഇവര്‍ ശ്രമം ആരംഭിച്ചിട്ടുണ്ട്.
സമീപകാലത്തായി ഇന്ത്യക്കെതിരായ പരമ്പരകളില്‍ തിളങ്ങിയ ചില വിദേശ താരങ്ങളെ ഫ്രാഞ്ചൈസികള്‍ നോട്ടമിടുന്നുണ്ട്. അടുത്ത ഐപിഎല്ലും ഇന്ത്യയില്‍ത്തന്നെയായതിനാല്‍ ഇന്ത്യയില്‍ മികവ് കാട്ടിയ നിലവില്‍ ഐപിഎല്‍ കരാറിലില്ലാത്ത നാല് താരങ്ങളെ ഫ്രാഞ്ചൈസികള്‍ നോട്ടമിടുന്നുണ്ട്. സമീപകാലത്തായി ഇന്ത്യക്കൊപ്പം തിളങ്ങിയ നാല് പേര്‍ ആരൊക്കെയാണെന്ന് നോക്കാം.

റൈലി റൂസോ
ഇന്ത്യക്കെതിരായ അവസാന ടി20 പരമ്പരയിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് റൈലി റൂസോ. മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ഡെക്കായ താരം മൂന്നാം മത്സരത്തില്‍ വെടിക്കെട്ട് സെഞ്ച്വറിയാണ് നേടിയത്. ഈ പ്രകടനത്തോടെ റൂസോയെ ഫ്രാഞ്ചൈസികള്‍ നോട്ടമിട്ട് കഴിഞ്ഞു. കട്ടന്നാക്രമിച്ച് കളിക്കാന്‍ കഴിവുള്ള ഇടം കൈയന്‍ ബാറ്റ്‌സ്മാനാണ് റൂസോ. ഇടം കൈയന്‍മാരെ ഒട്ടുമിക്ക ഫ്രാഞ്ചൈസികള്‍ക്കും ആവിശ്യമുണ്ട്. മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും ഉള്‍പ്പെടെ പ്രമുഖരെല്ലാം റൂസോയ്ക്കായി രംഗത്തെത്താന്‍ സാധ്യത കൂടുതലാണ്. മികച്ച ഫീല്‍ഡര്‍ കൂടിയായ താരം അനുഭവസമ്പന്നന്‍കൂടിയാണ്.

കേശവ് മഹാരാജ്
സ്പിന്‍ ഓള്‍റൗണ്ടര്‍ കേശവ് മഹാരാജിനെ ഇതുവരെ ഒരു ഫ്രാഞ്ചൈസിയും കാര്യമായി പരിഗണിച്ചിട്ടില്ല. എന്നാല്‍ വരാനിരിക്കുന്ന ഐപിഎല്ലില്‍ കേശവ് മഹാരാജിനെ ഫ്രാഞ്ചൈസികള്‍ നോട്ടമിട്ടേക്കും. ഭേദപ്പെട്ട നിലയില്‍ ബാറ്റ് ചെയ്യാനും കഴിവുള്ള കേശവിനെ ഐപിഎല്‍ ടീമുകള്‍ സ്വന്തമാക്കാന്‍ താല്‍പര്യപ്പെട്ടേക്കും. ഇന്ത്യക്കെതിരേ അവസാന പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനമാണ് കേശവ് കാഴ്ചവെച്ചത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന് വലിയ അവസരങ്ങള്‍ അടുത്ത ലേലത്തില്‍ ലഭിച്ചേക്കും.

കാമറൂണ്‍ ഗ്രീന്‍
ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓള്‍റൗണ്ടറാണ് കാമറൂണ്‍ ഗ്രീന്‍. ഇന്ത്യക്കെതിരായ അവസാന ടി20 പരമ്പരയില്‍ ഓപ്പണറായി ഇറങ്ങി ജസ്പ്രീത് ബുംറയെയടക്കം തല്ലിപ്പറത്താന്‍ ഗ്രീനിനായിരുന്നു. കൂടാതെ 135 പ്ലസ് വേഗത്തില്‍ പന്തെറിയാന്‍ സാധിക്കുന്ന മീഡിയം പേസറാണ് അദ്ദേഹം. ഇത്തവണ ഓസ്‌ട്രേലിയ ടി20 ലോകകപ്പിന് അപ്രതീക്ഷിതമായി തഴഞ്ഞ താരം കൂടിയാണ് ഗ്രീന്‍. അതിവേഗം റണ്‍സുയര്‍ത്താന്‍ കെല്‍പ്പുള്ള ഗ്രീന്‍ മധ്യ ഓവറുകളില്‍ വിക്കറ്റ് വീഴ്ത്താനും മിടുക്കന്‍. അതുകൊണ്ട് തന്നെ ഗ്രീനിന് വമ്പന്‍ പ്രതിഫലം നല്‍കി സ്വന്തമാക്കാന്‍ ആളുകളേറെയാണ്.

ദസുന്‍ ഷണക
ശ്രീലങ്കന്‍ നായകനും മീഡിയം പേസ് ഓള്‍റൗണ്ടറുമായ ദസുന്‍ ഷണകയ്ക്ക് ഇതുവരെ ഐപിഎല്ലില്‍ അവസരം ലഭിച്ചിട്ടില്ല. എന്നാല്‍ ഇന്ത്യന്‍ സാഹചര്യങ്ങളില്‍ മികച്ച റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന താരമാണ് ഷണക. ഈ വര്‍ഷം നടന്ന ഏഷ്യാ കപ്പിലടക്കം മികച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിനായി. ഇന്ത്യന്‍ പിച്ചുകളിലെ ഷണകയുടെ പ്രകടനം മോശമല്ല. നായകനെന്ന നിലയിലും ഉപയോഗിക്കാന്‍ സാധിക്കുന്ന ഷണക സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ നന്നായി ബാറ്റ് ചെയ്യുന്നു. അതുകൊണ്ട് ഷണകയ്ക്കും അടുത്ത സീസണില്‍ അവസരം ലഭിച്ചേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications